Kaduva; പാലാ പള്ളി…. തിരുപ്പള്ളി… കടുവയിലെ പാട്ടിന്റെ ‘സോൾ’ ഇതാ ഇവിടെയുണ്ട്; കത്തിക്കയറി അതുലും സംഘവും

പാലാ പള്ളി…. തിരുപ്പള്ളി… എന്ന കടുവയിലെ വൈറൽ ഗാനത്തിന്റെ സോൾ ഇവിടുണ്ട്. പൃഥിരാജിന്റെ കടുവ എന്ന സിനിമയിലെ ‘പാലാ പള്ളി തിരുപ്പള്ളി’ എന്നു തുടങ്ങുന്ന പാട്ടാണ്‌ നവമാധ്യമങ്ങളിലെ ഇപ്പോഴത്തെ ഹിറ്റ്‌. അതുൽ നറുകരയുടെ നേതൃത്വത്തിലുള്ള മഞ്ചേരി നറുകരയിലെ സോള്‍ ഓഫ് ഫോക്ക് സംഘമാണ് കേട്ടാൽ ആരും തുള്ളിപ്പോകുന്ന പാട്ട് പാടി അഭിനയിച്ചത്. താളാത്മകമായ ആലാപനവും സംഗീതവുമാണ് പാട്ടിനെ ജനകീയമാക്കിയത്.

കടുവയിൽ കത്തിക്കയറി അതുലും സംഘവും | Malappuram | Kerala | Deshabhimani |  Sunday Jul 10, 2022

സന്തോഷ് വർമയും ശ്രീഹരി തറയിലും ചേർന്നാണ് വരികൾ എഴുതിയത്. ജേക്‌സ് ബിജോയ് ആണ് സംഗീത സംവിധാനം. സിനിമയുടെ ഗതിനിർണയിക്കുന്ന പാട്ടാണിത്. സ്റ്റാറ്റസിലും റീൽസിലുമെല്ലാം പാട്ട് നിറഞ്ഞതോടെ നിരവധിപേരാണ് സംഘത്തെ തേടി മഞ്ചേരിയിലെത്തുന്നത്.

മൂന്നുവർഷംമുമ്പാണ് അതുൽ നറുകരയുടെ നേതൃത്വത്തിൽ സോൾ ഓഫ് ഫോക്ക് സംഘത്തിന് രൂപം നൽകുന്നത്. ലോക്ഡൗൺ കാലത്ത് നവമാധ്യമങ്ങളിലൂടെ ലൈവിലും മറ്റും പാട്ടുകൾ പാടിയാണ് കലാലോകത്തേക്കുള്ള സംഘത്തിന്റെ വരവ്. ക്ലബ് ഹൗസിൽ പാടിയ ഒരു പാട്ടിലൂടെയാണ് സന്തോഷ്‌ ശിവൻ ആദ്യമായി അതുലിനെ ഫോണിൽ വിളിച്ചത്. അതായിരുന്നു സിനിമയിലേക്കുള്ള വഴി എന്ന് അതുൽ കൈരളിന്യൂസിനോട് പറഞ്ഞു.

എം ടി വാസുദേവൻ നായരുടെ 10 ചെറുകഥകൾ ആധാരമാക്കി സന്തോഷ് ശിവൻ സംവിധാനംചെയ്യുന്ന അഭയം തേടി വീണ്ടും എന്ന സിനിമയിൽ മൂന്ന് പാട്ട് അതുൽ പാടിയത്. ഇതിൽ രണ്ട് പാട്ടുകൾക്ക് വരികൾ എഴുതിയതും അതുലാണ്. ഈ സിനിമയുടെ ചിത്രീകരണം അവസാനഘട്ടത്തിലാണ്. നിലവിൽ കലിക്കറ്റ്‌ സർവകലാശാലയിലെ ഫോക്‌ലോർ വിഭാഗത്തിൽ ഗവേഷണ വിദ്യാർഥിയാണ്.

പ്രജിൻ തിരുവാലി, നിലീഷ്, സുഭാഷ് നറുകര, പി കെ അഭിനവ്, ജിബിൻ രാജ്, സി ബിനൂപ്, ശ്രീഹരി മങ്ങാട്ട്, എം നീരജ്, ഷിജിൻ കാളികാവ്, സഞ്ജയ്, ടി കെ നിരഞ്ജൻ, സായൂജ് എസ് ബാബു എന്നിവരാണ് ശബ്ദവും താളവുമായത്. മമ്മൂട്ടി നായകനായ പുഴുവിലാണ് അതുൽ ആദ്യം പാടിയത്. കൊമ്പെടുത്തൊരു വമ്പ് കാണിച്ച് രാജനവിടം… ടൈറ്റിൽ സോങ്ങും ഹിറ്റായിരുന്നു.

അതേസമയം, യഥാർഥ ആലാപനത്തിന്റെ ആത്മാവ് നാടൻ പാട്ടിന്റേതാണ്. അതും പുതിയ ആളുകൾ കേൾക്കണം. ഇഷ്ടപ്പെടണം. പ്രധാനമായും കോളജുകളിലാണു പരിപാടികൾ അവതരിപ്പിക്കാൻ അവസരം കിട്ടുന്നത്. ആവേശംകൊള്ളുന്ന തകർപ്പൻ യുവത്വത്തിന് നാടൻപാട്ടിന്റെ ഭംഗിയും ഇഷ്ടമാണ്. ഫോക്‌ലോറിന്റെ പ്രചാരകരായി സോൾ ഓഫ് ഫോക്കിനെ ആളുകൾ കാണണമെന്നാണു ഞങ്ങളുടെ സ്വപ്നം. അതിലേക്കുള്ള തുടക്കമായാണ് ഫ്ലീയും സിനിമയും പോലുള്ള അവസരങ്ങളെ കാണുന്നതെന്നും അതുൽ പറയുന്നു.

‘കടുവ’യിലേക്കുള്ള യാത്ര

ഞങ്ങൾ പാടിയ ഒരു പാട്ടിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. അത് കേൾക്കാനിടയായ ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ അദ്ദേഹത്തിന്റെ സിനിമയ്ക്കായി ഞങ്ങളെ ക്ഷണിച്ചു. ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കിയിരുന്നത് ജേക്സ് ബിജോയ് ആയിരുന്നു. ഒരിക്കൽ “പാലാ പള്ളി തിരുപ്പള്ളി” എന്ന പാട്ട് ജേക്സിനു പാടിക്കൊടുത്തപ്പോൾ, അദ്ദേഹമാണ് ഈ പാട്ട് കടുവ എന്ന സിനിമയ്ക്ക് ഉപയോഗിക്കാം എന്നു പറഞ്ഞത്. സ്ക്രീനിൽ ഞങ്ങളുടെ മുഖം കാണിക്കാം എന്ന തീരുമാനവും അദ്ദേഹത്തിന്റേതായിരുന്നു. ഇതിനു മുൻപ് ‘പുഴു’ എന്ന ചിത്രത്തിലും ഞാൻ പാടിയിട്ടുണ്ട്.

“ഇതിലുമേറെ പണ്ട് ഞങ്ങൾ” എന്നൊരു പാട്ടാണ് ആദ്യമായി ഞങ്ങൾ ചെയ്തത്. അതും കടുവയിലെ പാട്ടും എഴുതിയത് ശ്രീഹരി തറയിലാണ്. ചരിത്രം മറന്നുപോയ കുറെ പാട്ടുകാരുണ്ട്. തൊണ്ട പൊട്ടി പാടിയിട്ടും കേൾക്കപ്പെടാതെ പോയവരുമുണ്ട്. എന്നെങ്കിലും ഞങ്ങളുടെ ബാൻഡ് വലിയ വിജയമായി മാറിയാൽ അങ്ങനെയുള്ളവരുടെ പാട്ട് ലോകത്തെ കേൾപ്പിക്കണമെന്നത് വലിയ ആഗ്രഹമാണ്.

വരാനിരിക്കുന്ന പാട്ടുകൾ

എം.ടി വാസുദേവൻ നായരുടെ ചെറുകഥകളെ നെറ്റ്ഫ്ലിക്സ് സിനിമകളാക്കുന്നുണ്ട്. അതിൽ സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ‘അഭയം തേടി വീണ്ടും’ എന്ന ചിത്രത്തിലെ നാല് പാട്ടുകളിൽ രണ്ടെണ്ണം ശ്രീഹരി തറയിലും മറ്റു രണ്ടെണ്ണം ഞാനുമാണ് എഴുതിയത്. മൂന്നു പാട്ടുകൾ പാടിയത് ഞാനാണ്. ഇതുവരെ ഞങ്ങൾ വേദികളിൽ മാത്രമാണ് പാടിയിരുന്നത്. ഇനി സ്വന്തമായി പാട്ടുകൾ ചെയ്യണം. ബാൻഡ് വലുതാക്കണം. രേഖപ്പെടുത്താതെ പോയ ചില പാട്ടുകളുടെ അവകാശികളെ കണ്ടെത്തി ചേർക്കണം. സമൂഹമാണ് കലാകാരന്മാരെ സൃഷ്ടിക്കുന്നത്. അതുകൊണ്ടുതന്നെ സമൂഹത്തോട് തിരിച്ചും ചില ഉത്തരവാദിത്തങ്ങൾ ഞങ്ങൾക്കുണ്ട്. കയ്യടികളും കൂവലുമൊക്കെ പരിഗണിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here