Antony Raju: കെ എസ് ആര്‍ ടി സിയുടെ ഒരു ബസ് ഡിപ്പോ പോലും പൂട്ടില്ല: മന്ത്രി ആന്റണി രാജു

ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളം ഭരിക്കുന്നിടത്തോളം കേരളത്തിലെ ഒരു ബസ് ഡിപ്പോകളും(KSRTC) പൂട്ടില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു(Antony Raju). ഇത്തരം നുണകള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം. കേരളത്തിലെ ഒരു ഡിപ്പോകളും ഓപ്പറേറ്റിങ് സെന്ററുകളും പൂട്ടില്ലെന്നും എന്നാല്‍ ചില ഉദ്യോഗസ്ഥരുടെ ഓഫീസ് ക്രമീകരണത്തില്‍ മാറ്റം വരുത്താനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സുശീല്‍ ഖന്ന റിപ്പോര്‍ട്ട് നടപ്പിലാക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ ഓരോ ഡിപ്പോയിലുമുള്ള ഓഫീസ് സംവിധാനത്തിലെ ഉദ്യോഗസ്ഥരുടെ ക്രമീകരണത്തില്‍ മാറ്റം വരുത്തും. നിലവില്‍ 98 ഡിസ്ട്രിക്ട് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസുകളാണ് ജില്ലയിലുള്ളത്. ഇത് അധിക ചെലവാണ്. അതിനാല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒരു ജില്ലയില്‍ ഒരു ഡിസ്ട്രിക്ട് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് വീതം ആക്കാന്‍ തീരുമാനിച്ചു. തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് രണ്ട് ഓഫീസ് സംവിധാനം ഉണ്ടാകും. വരുന്ന പതിനെട്ടാം തീയതി മുതല്‍ 98 ഓഫീസ് എന്നത് പതിനഞ്ചായി ചുരുക്കും. ഇതുമൂലം പൊതുജനങ്ങള്‍ക്കോ ഡിപ്പോയിലെ പ്രവര്‍ത്തനങ്ങള്‍ക്കോ യാതൊരു കോട്ടവും തട്ടില്ലെന്ന് മന്ത്രി പറഞ്ഞു. ആര്യനാട് കെ എസ് ആര്‍ ടി സി വിശ്രമ മന്ദിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

കൂടാതെ ദീര്‍ഘകാലമായി ഓടിക്കൊണ്ടിരുന്ന കാട്ടാക്കട -പള്ളിവേട്ട- മീനാങ്കല്‍- വിഴിഞ്ഞം സര്‍വീസ് പുനരാരംഭിക്കുവാനുള്ള നടപടി സ്വീകരിച്ചുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇടയ്ക്ക് വരുമാനം കുറഞ്ഞതോടുകൂടി നിര്‍ത്തലാക്കിയ സര്‍വീസ് ആയിരുന്നു ഇത്. പ്രദേശവാസികളുടെ നിരന്തര അഭ്യര്‍ത്ഥന മൂലവും ആളുകള്‍ ഏറെ ആശ്രയിക്കുന്നതും ട്രൈബല്‍ സ്‌കൂള്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ സ്പര്‍ശിച്ചു പോകുന്ന ഒരു പ്രധാനപ്പെട്ട സര്‍വീസ് ആയതിനായാലും അടുത്ത തിങ്കളാഴ്ച മുതല്‍ ഇത് പുനരാരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.

അതുപോലെ ഉള്‍ഗ്രാമങ്ങളിലെ യാത്രാ സൗകര്യം മെച്ചപ്പെടുത്താന്‍ ആരംഭിക്കുന്ന ‘ഗ്രാമവണ്ടി’ പദ്ധതിയുടെ വിജയത്തിന് തദ്ദേശ സ്ഥാപനങ്ങള്‍ കെഎസ്ആര്‍ടിസിയുമായി കൈകോര്‍ക്കണമെന്നും മന്ത്രി അഭിപ്രായപെട്ടു. ഗ്രാമങ്ങളില്‍ നടത്തുന്ന സര്‍വീസിന്റെ ഇന്ധന ചെലവ് മാത്രം തദ്ദേശ സ്ഥാപനങ്ങള്‍ വഹിച്ചാല്‍ മതി. ബസിന് ലഭിക്കുന്ന പരസ്യത്തിന്റെ പണം ഉള്‍പ്പെടെ തദ്ദേശ സ്ഥാപനങ്ങള്‍ക്കു തന്നെ നല്‍കും. ഗ്രാമവണ്ടിയുടെ ഫ്‌ലാഗ് ഓഫ് പാറശ്ശാലയില്‍ 29ന് നടക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

36 ലക്ഷം രൂപ ചെലവഴിച്ചാണ് ആര്യനാട് പൊതുജനങ്ങള്‍ക്കായുള്ള ഇരുനില വിശ്രമ മന്ദിരം പണിതത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം സൗകര്യമൊരുക്കി രണ്ട് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍, സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് പുതിയ ഓഫീസ് റൂം എന്നിവ താഴത്തെ നിലയിലും, മുകളിലത്തെ നിലയില്‍ ജീവനക്കാര്‍ക്കുള്ള വിശ്രമ മുറിയുമാണ് സജ്ജീകരിച്ചിരിക്കുന്നത്.

ആര്യനാട് കെ എസ് ആര്‍ ടി സി ഡിപ്പോ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ജി സ്റ്റീഫന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. അടൂര്‍ പ്രകാശ് എം പി മുഖ്യാതിഥിയായ ചടങ്ങില്‍ വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദുലേഖ എസ്, ആര്യനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജു മോഹന്‍, ആര്യനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ എ, ജില്ലാ പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ രാജേഷ് ഡി, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവരും പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here