കേരളത്തിന്റെ ക്രമസമാധാനം തകർക്കാൻ ആർക്കും ആകില്ല; പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പ് തുറന്ന് കാട്ടി സഭയിൽ മുഖ്യമന്ത്രിയുടെ മറുപടി

കേരളത്തിന്റെ ക്രമസമാധാനം തകർക്കാൻ ആർക്കും ആകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. കണ്ണൂർ ചാവശ്ശേരിയിൽ സ്ഫോടനത്തിൽ 2 ആസ്സാം സ്വദേശികൾ മരിച്ച സംഭവം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തിൻ്റെ അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

സണ്ണി ജോസഫിന്റെ അടിയന്തര പ്രമേയത്തിന് മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ

6.07.2022 ന് ചാവശ്ശേരി കാശിമുക്കിനു സമീപമുള്ള ഒരു വീട്ടില്‍ സ്‌ഫോടനം നടന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. വീടിന്റെ വരാന്തയില്‍ പരിക്കേറ്റ നിലയില്‍ കണ്ടയാളെ പരിസരവാസികളുടെയും മറ്റും സഹായത്തോടെ ആശുപത്രിയിലേക്ക് അയച്ചു. മുകളിലത്തെ നിലയില്‍ ഒരാള്‍ മരണപ്പെട്ടു കിടക്കുന്നതായും കണ്ടെത്തി. ദൗര്‍ഭാഗ്യകരമായ സംഭവമാണ് ഉണ്ടായത്.

പോലീസ് അന്വേഷണത്തില്‍ ഇവര്‍ പാഴ്‌വസ്തുക്കള്‍ ശേഖരിച്ച് വില്‍പ്പന നടത്തുന്ന ആസാം സ്വദേശികളാണെന്ന് വ്യക്തമായി. പാഴ്‌വസ്തുക്കള്‍ ശേഖരിക്കുന്നതിനിടെ ലഭിച്ച സ്റ്റീല്‍ പാത്രം തുറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പോലീസ് മനസ്സിലാക്കി.

ഇക്കാര്യത്തില്‍ ക്രൈം. നം. 526/22 ആയി മട്ടന്നൂര്‍ പോലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്ത് തുടര്‍നപടികള്‍ സ്വീകരിച്ചു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞയാള്‍ അന്നുതന്നെ മരണപ്പെട്ടു.
സ്ഥലത്ത് ഫോറന്‍സിക് വിദഗ്ധര്‍, ബോംബ് സ്‌ക്വാഡ് തുടങ്ങിയവര്‍ പരിശോധന നടത്തി ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച് ഊര്‍ജ്ജിതമായ അന്വേഷണം നടത്തിവരുന്നു.

ഇവര്‍ പല സ്ഥലങ്ങളില്‍ നിന്നും പാഴ്‌വസ്തുക്കള്‍ ശേഖരിച്ചിരുന്നതിനാല്‍ സ്‌ഫോടക വസ്തു എവിടെ നിന്നാണ് ലഭിച്ചതെന്ന് ഇതുവരെയുളള അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതിന്റെ ഉറവിടം കണ്ടെത്തുന്നതിനായി ആ ദിവസങ്ങളില്‍ പാഴ്‌വസ്തുക്കള്‍ ശേഖരിച്ച സ്ഥലത്തെപ്പറ്റിയും അന്വേഷിച്ചു വരുന്നു.

ഇവിടെ പ്രമേയാവതാരകന്റെ നോട്ടീസില്‍ 2021 ല്‍ നടന്നതടക്കമുള്ള ചില സംഭവങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

2022 മാര്‍ച്ചിലെ ദേശീയ പണിമുടക്ക് ദിവസം മൊകേരി നടമ്മല്‍ എന്ന സ്ഥലത്ത് സ്ലാബിനടിയില്‍ ബോംബുകള്‍ ഒളിപ്പിച്ചുവച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ക്രൈം. നം. 209/22 ആയി പാനൂര്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരുന്നു.

കതിരൂരില്‍ 14.04.2021 ന് ബോംബ് നിര്‍മ്മിക്കുന്നതിനിടെ സ്‌ഫോടനം നടന്ന കാര്യത്തിന് കതിരൂര്‍ പോലീസ് സ്റ്റേഷനില്‍ ക്രൈം.നം.151/21 ആയി കേസ് രജിസ്റ്റര്‍ ചെയ്ത് 7 പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. പ്രസ്തുത കേസും അന്വേഷണാവസ്ഥയിലാണ്.

11.04.2022 ല്‍ കോഴിക്കോട് പെരിങ്ങത്തൂരില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയ്ക്ക് സ്‌ഫോടക വസ്തു പൊട്ടിപരിക്കുപറ്റിയിരുന്നു. ഇതിലും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ചു വരികയാണ്.

22.11.2021 ന് കണ്ണൂര്‍ നരിവയല്‍ എന്ന സ്ഥലത്ത് കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് കുട്ടിക്ക് പരിക്കേറ്റ സംഭവത്തില്‍ ക്രൈം. നം. 799/21 ആയി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നു.

ഇരിട്ടി ചാവശ്ശേരി മേഖല എസ് ഡി പി ഐ, പോപ്പുലര്‍ ഫ്രണ്ട്, ആര്‍ എസ് എസ് തുടങ്ങിയ വര്‍ഗീയ സംഘടനകള്‍ക്ക് ചില പോക്കറ്റുകളുള്ള പ്രദേശങ്ങളാണ്. അവര്‍ പരസ്പരം കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായി ആയുധശേഖരണം നടത്തുകയും ചെയ്യാറുണ്ടെന്ന് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കര്‍ശന നടപടികളിലൂടെ അത്തരം വസ്തുക്കള്‍ കണ്ടെത്തി നിര്‍വീര്യമാക്കാനും സമാധാനം സ്ഥാപിക്കാനും തുടര്‍ച്ചയായ ശ്രമങ്ങളാണ് സര്‍ക്കാര്‍ അവിടെ നടത്തുന്നത്. അതിന് കഴിഞ്ഞിട്ടുമുണ്ട്.

ഇപ്പോള്‍ ഇവിടെ പരാമര്‍ശിക്കപ്പെട്ട ആക്രിസാധനങ്ങള്‍ ശേഖരിക്കുന്നവര്‍ കണ്ടെത്തിയ ഉപേക്ഷിക്കപ്പെട്ട വസ്തുക്കള്‍ ശേഖരിച്ച് സൂക്ഷിച്ചപ്പോള്‍ സ്‌ഫോടനമുണ്ടാവുകയും രണ്ടു പേര്‍ മരണമടയുകയും ചെയ്തത് തികച്ചും ദൗര്‍ഭാഗ്യകരമായ സംഭവമാണ്. ഇത്തരം ശക്തികള്‍ പരസ്പരം പകപോക്കലിനായി സംഭരിച്ചതും ഉപേക്ഷിച്ചതുമായ ആയുധങ്ങളും മറ്റും എവിടെനിന്ന് ലഭ്യമായി, എന്താണ് അതിന്റെ ഉറവിടം എന്നിങ്ങനെയുള്ള വിശദാംശങ്ങള്‍ കണ്ടെത്താന്‍ ജാഗ്രതയോടെയുള്ള അന്വേഷണം പോലീസ് നടത്തുകയും കുറ്റക്കാരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യും.

(രണ്ടാം മറുപടി)

വിഷയദാരിദ്ര്യമാണ് ഈ പ്രമേയ നോട്ടീസിന് കാരണമെന്ന് ഇവിടെ വ്യക്തമായിക്കഴിഞ്ഞു. ഒരു ദൗര്‍ഭാഗ്യകരമായ സംഭവമുണ്ടായി. അതില്‍ കൃത്യമായ അന്വേഷണം നടക്കും. അതിന്റെ മറ പിടിച്ച് അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാട് ഈ സഭയില്‍ ഉന്നയിക്കാനാണ് അവതാരകന്‍ ശ്രമിച്ചുകാണുന്നത്.

ഈ നോട്ടീസില്‍ ‘സി പി ഐ എം കേന്ദ്രത്തില്‍ നിന്ന്’ എന്ന് ഒരിടത്തു പറയുന്നു. മറ്റൊരിടത്തും ഒരു രാഷ്ട്രീയ പാര്‍ട്ടിയെക്കുറിച്ചും പരാമര്‍ശിച്ചില്ല. എന്തേ അതൊക്കെ അരാഷ്ട്രീയ ബോംബാണോ? അവിടെയാണ് കോണ്‍ഗ്രസിന്റെ ആര്‍ എസ് എസ് ബന്ധവും വര്‍ഗീയ ശക്തികളോടുള്ള അമിതമായ താത്പര്യവും തെളിയുന്നത്.

കണ്ണൂര്‍ ജില്ലയില്‍ സമാധാനത്തിന് ഭംഗമുണ്ടാക്കാന്‍ ശ്രമിക്കുന്നത് സി പി ഐ എമ്മല്ല. ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുന്നത് ആര്‍ എസ് എസ്സ്, എസ് ഡി പി ഐ, പോപ്പുലര്‍ ഫ്രണ്ട് എന്നിവരാണ്. ഇവരെക്കുറിച്ച് എന്തേ നോട്ടീസില്‍ ഒരക്ഷരം പരാമര്‍ശിച്ചില്ല?
കേരളത്തിന്റെ ക്രമസമാധാന നിലയെ കുറിച്ച് ഉത്കണ്ഠ നല്ലതു തന്നെ.

ഇടതുപക്ഷത്തിന്റെ എത്രയോ പ്രവര്‍ത്തകര്‍ ഇവിടെ കൊല ചെയ്യപ്പെട്ടു? എത്ര ഓഫീസുകള്‍ ആക്രമിക്കപ്പെട്ടു? പ്രതിഷേധ പരിപാടികളെന്ന് പറഞ്ഞു സിപിഐഎമ്മിന്റെ കൊടി പൊതുജനമധ്യത്തില്‍ വെച്ച് കത്തിച്ചില്ലേ? സാമൂഹ്യ മാധ്യങ്ങളില്‍ അത് പ്രചരിപ്പിച്ചില്ലേ? ഒരിക്കലെങ്കിലും അതിനെയൊക്കെ അപലപിച്ചോ? തെറ്റാണെന്ന് പറഞ്ഞോ?
2020 മുതല്‍ ഇന്നേ വരെ 9 സിപിഐഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. എത്ര കൊലപാതകങ്ങളെ നിങ്ങള്‍ അപലപിച്ചു?

ഇതില്‍ 5 കൊലപാതകങ്ങള്‍ യുഡിഎഫ് തന്നെയാണ് ചെയ്തത്. കൊലപാതകികളെ സംരക്ഷിക്കാനല്ലേ തയാറായത്? കോളേജ് വിദ്യാര്‍ത്ഥിയായ ധീരജിനെ കൊലപ്പെടുത്തിയപ്പോള്‍ ‘ഇരന്നു വാങ്ങിയ രക്തസാക്ഷിത്വം’ എന്ന് പറഞ്ഞതും പോരാ, ധീരജിന്റെ അനുഭവം ഉണ്ടാകും’ എന്ന് ഭീഷണിപ്പെടുത്തിയത് ആരാണ്? ആ നേതാക്കള്‍ ഇപ്പോഴും നിങ്ങളെ നയിക്കുകയല്ലേ?

നാല് കൊലപാതകങ്ങള്‍ ആര്‍ എസ് എസ് നടത്തിയപ്പോള്‍ നിങ്ങളൊന്നു മിണ്ടിയോ?നാടിന്റെ ഓര്‍മ്മകള്‍ അങ്ങനെയൊന്നും നശിച്ചു പോകുന്നതല്ല.

യു ഡി എഫ് ഭരണകാലത്ത് ഇവിടെ എന്തായിരുന്നു സ്ഥിതി?
1,760 കൊലക്കേസുകളാണ് 2011-16 സമയത്തെ യുഡിഎഫ് ഭരണകാലത്തുണ്ടായത്. അതില്‍ 35 രാഷ്ട്രീയ കൊലപാതകങ്ങ ളുണ്ടായി.
ഗ്രൂപ്പ് പോരിന്റെ ഭാഗമായി കോണ്‍ഗ്രസ് തന്നെ കോണ്‍ഗ്രസ്സുകാരെ വകവരുത്തിയ കേസുകള്‍ എത്രയാണെന്ന് ഓര്‍ത്തു നോക്കണം.
തൃശൂര്‍ ജില്ലയില്‍ കൊല്ലപ്പെട്ട മധു ഈച്ചരത്തിന്റെയും ലാല്‍ജി കൊള്ളന്നൂരിന്റെയും ഹനീഫയുടേയും മുഖങ്ങള്‍ കോണ്‍ഗ്രസ്സ് മറന്നോ? അവര്‍ കോണ്‍ഗ്രസ്സുകാരല്ല എന്ന് പറയുമോ? കൊലപാതകിയുടെ കയ്യില്‍ ഇപ്പോഴും നിങ്ങളുടെ കൊടിയല്ലേ?

2013 ജൂണ്‍ 13-ാം തീയതിയാണ് ഗ്രൂപ്പ് മാറിയെന്ന പേരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മധുവിനെ കൊലപ്പെടുത്തിയത്. തൊട്ടുപിന്നാലെ പ്രതികാരമെന്നോണം മറ്റൊരു കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ലാല്‍ജി കൊല്ലപ്പെട്ടു. അധികം താമസിയാതെ ചാവക്കാട് കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്കിന്റെ ഭാഗമായി ഹനീഫ കൊല്ലപ്പെട്ടു.
ഈ കൊലപാതകങ്ങള്‍ക്കുപിന്നില്‍ തൃശൂര്‍ ജില്ലയിലെ സമുന്നതരായ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും പാര്‍ട്ടി പ്രവര്‍ത്തകരും പറഞ്ഞപ്പോള്‍ നിങ്ങളവരെ സംരക്ഷിക്കുകയല്ലേ ചെയ്തത്?

2014 ല്‍ നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസ് ജീവനക്കാരിയായിരുന്ന രാധ കോണ്‍ഗ്രസ് ഓഫീസില്‍ വച്ചല്ലേ കൊല ചെയ്യപ്പെട്ടത്.

കൊന്ന് ചാക്കിലിട്ട് ചപ്പ് ചവറുകളുടെ കൂടെ കുളത്തില്‍ ഉപേക്ഷിക്കുകയായിരുന്നില്ലേ അവരുടെ ശരീരം?
താരതമ്യം ചെയ്യുമ്പോള്‍ അന്ന് നിങ്ങള്‍ സ്വീകരിച്ച സമീപനവും ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്വീകരിച്ചു വരുന്ന സമീപനവും താരതമ്യം ചെയ്യണം.

2016-21 ലെ സര്‍ക്കാരിന്റെ കാലത്ത് 1,516 കൊലപാതക കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 26 രാഷ്ട്രീയ കൊലപാതകങ്ങളുണ്ടായി. എല്ലാ പ്രതികള്‍ക്കെതിരെയും നിയമനടപടി സ്വീകരിച്ചു. ഒരു കേസിലും അന്വേഷണം അട്ടിമറിക്കപ്പെട്ടില്ല. പോലീസ് കുറ്റവാളികളുടെ മുഖവും രാഷ്ട്രീയവും നോക്കിയല്ല- നിയമം നോക്കിയാണ് ഇടപെട്ടത്. അതാണ് തുടരുന്നതും.

ഇത്തരത്തില്‍ ഉത്തരവാദിത്തപ്പെട്ട ഒരു ഭരണസംവിധാനവും അതുറപ്പ് നല്‍കുന്ന സമാധാനാന്തരീക്ഷവും അനുഭവിച്ചറിഞ്ഞതു കൊണ്ടാണ് കേരളജനത കൂടുതല്‍ സീറ്റോടെ ഞങ്ങള്‍ക്ക് തുടര്‍ ഭരണം നല്‍കിയത്.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഇതുവരെ 8 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നു. അതില്‍ നാലെണ്ണം ആര്‍ എസ് എസുകാര്‍ ചെയ്തതാണ്. മൂന്നെണ്ണം എസ് ഡി പി ഐക്കാര്‍. ഒരെണ്ണം നിങ്ങളും. കൊല്ലപ്പെട്ടതില്‍ നാലു പേര്‍ സിപിഐഎം പ്രവര്‍ത്തകരാണ്. ഈ നാടിന്റെ പുരോഗമന, മത നിരപേക്ഷ പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ അധ്വാനിച്ചവരാണവര്‍.

സിപിഐഎം ന്റെ പ്രവര്‍ത്തകരോ, അവരുടെ ബന്ധുക്കളോ, എന്തിന് പിഞ്ചുകുഞ്ഞുങ്ങളോ ആക്രമിക്കപ്പെട്ടപ്പോള്‍ ഒരക്ഷരം ഉരിയാടാത്തവരാണ് പ്രതിപക്ഷ നിരയിലുള്ളവര്‍.

ഇവിടെ പ്രമേയാവതാരകന്‍ സിപിഐഎമ്മിനെ വലിച്ചിഴച്ചത് തികഞ്ഞ രാഷ്ട്രീയ ദുഷ്ടലക്ഷ്യത്തോടെയാണ്. യുഡിഎഫും എസ് ഡി പിഐ, പോപ്പുലര്‍ ഫ്രണ്ട്, ആര്‍ എസ് എസ് പോലെയുള്ള സംഘടനകളും തമ്മിലുള്ള വോട്ട് കൈമാറ്റത്തെക്കുറിച്ചും രാഷ്ട്രീയ ധാരണകളെക്കുറിച്ചും ഒട്ടേറെ വെളിപ്പെടുത്തലുകള്‍ വന്ന ഘട്ടമാണിത്. അത് മറച്ചുവച്ച് തങ്ങള്‍ക്ക് കഴിഞ്ഞ കാലത്ത് വോട്ടുചെയ്ത ഇത്തരക്കാരെ സംരക്ഷിക്കാനുള്ള വ്യഗ്രതയാണ് ഇവിടെ പ്രമേയാവതാരകനില്‍ കണ്ടത്.

സിപിഐഎമ്മിനെ പരാമര്‍ശിച്ച് പ്രമേയാവതാരകന്‍ സംസാരിച്ചല്ലോ? കണ്ണൂര്‍ ജില്ലയിലെ ബോംബ് രാഷ്ട്രീയത്തിന്റെ കഥ എന്താണ്? പന്തക്കപ്പാറയിലെ ബീഡി കമ്പനിയില്‍ ബോംബാക്രമണം നടത്തിയത് ആരായിരുന്നു? അന്ന് കൊളങ്ങരേത്ത് രാഘവന്‍ എന്ന ബീഡി തൊഴിലാളിയെ ബോംബെറിഞ്ഞ് കൊലപ്പെടുത്തി കോണ്‍ഗ്രസ് നേതാക്കള്‍ തുടക്കമിട്ടതല്ലേ ബോംബാക്രമണങ്ങള്‍?

ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ഡി സി സി ഓഫീസില്‍ മൂന്നു തരം ബോംബ് നിര്‍മ്മിക്കുന്നുവെന്ന് മാധ്യമങ്ങളെ അറിയിക്കുക മാത്രമല്ല, അത് പ്രദര്‍ശിപ്പിക്കുകയും അതിന്റെ ശക്തിയെക്കുറിച്ച് പറഞ്ഞവരുമല്ലേ നിങ്ങള്‍? കണ്ണൂര്‍ ഡി സി സി ഓഫീസില്‍ ബോംബ് പ്രദര്‍ശിപ്പിച്ചത് ആരെന്നത് സണ്ണി ജോസഫിനോട് ഞാന്‍ പറയേണ്ടതില്ലല്ലോ? ബോംബിന്റെ പൈതൃകം നിങ്ങളുടെ തലയില്‍ തന്നെയാണ്. ആ കോണ്‍ഗ്രസ് ഇന്ന് അവിശുദ്ധ കൂട്ടുകെട്ടുകളെക്കുറിച്ചുള്ള കഥകളില്‍ നിന്നും സ്വയം രക്ഷപ്പെടാന്‍ അടിസ്ഥാനരഹിതമായ കഥകള്‍ ചമയ്ക്കുന്നത് എത്രമാത്രം അപഹാസ്യമാണെന്ന് നിങ്ങള്‍ തന്നെ ആലോചിക്കുക.

കേരളത്തില്‍ ക്രമസമാധാന നില ഭദ്രമായി പരിപാലിക്കപ്പെടുന്നു എന്നതിന്റെ ദൃഷ്ടാന്തം കൂടിയാണ് നിങ്ങള്‍ അനുഭവിക്കുന്ന വിഷയദാരിദ്ര്യം.

ഇന്നത്തെ ദേശീയ രാഷ്ട്രീയ പശ്ചാത്തലത്തെ കണ്ടുകൊണ്ടുള്ളതാണോ നിങ്ങളുടെ നിലപാടുകള്‍? യുഡിഎഫും സംഘപരിവാര്‍ ഉള്‍പ്പെടെയുള്ള വര്‍ഗ്ഗീയ – തീവ്രവാദ ശക്തികളുമായുള്ള ആപത്ക്കരമായ ബന്ധം തിരിച്ചറിയുന്ന അനുഭവമാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. ഈ വിപത്ത് തിരിച്ചറിയാനും ഇത്തരം ശക്തികള്‍ക്കെതിരെ നാടാകെ ഒരുമിച്ച് നില്‍ക്കാനും സമൂഹത്തിനുനേരെ ഉയരുന്ന വെല്ലുവിളികളെ ഒത്തൊരുമിച്ച് നേരിടാനുമുള്ള ഐക്യമാണ് ഇവിടെ വളര്‍ന്നുവരേണ്ടത്. മതനിരപേക്ഷതയെയും സമാധാനത്തെയും സ്‌നേഹിക്കുന്ന മുഴുവന്‍ ആളുകളും അതിനാണ് തയ്യാറാവേണ്ടത്.

കേവല സങ്കുചിത രാഷ്ട്രീയ ലക്ഷ്യം വച്ച് ഉന്നയിച്ച തെറ്റായ കാര്യങ്ങളില്‍ നിന്നും യുഡിഎഫ് പിന്മാറണം. കേരളത്തില്‍ ക്രമസമാധാന നില ഭദ്രമാണ്. അത് തകര്‍ക്കാന്‍ ശ്രമിച്ചാല്‍ നിയമത്തിന്റെ ശക്തമായ കരങ്ങള്‍ ഉയര്‍ന്നുവരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News