Srilanka; ഗോട്ടബയ രാജപക്സെ രാജ്യം വിട്ടത് രാജിവയ്ക്കാതെ, ശ്രീലങ്കൻ പാർലമെന്റ് വളഞ്ഞ് പ്രതിഷേധക്കാർ; സംഘർഷമേഖലയിൽ കർഫ്യൂ

ശ്രീലങ്കയില്‍ ജനകീയ പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നു. ശ്രീലങ്കന്‍ പ്രസിഡന്‍റ് ഗോട്ടബയ രാജപക്സെ (Gotabaya Rajapakse) രാജ്യം വിട്ടത് രാജിവയ്ക്കാതെ.കൊളംബോയില്‍ ജനങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വളഞ്ഞു. സൈന്യം ഓഫീസിനും ചുറ്റും സുരക്ഷാവലയം തീര്‍ത്തു. ആയിരക്കണക്കിനാളുകള്‍ ആണ് ഓഫീസിനു മുന്നില്‍ പ്രതിഷേധവുമായി തടിച്ചുകൂടിയിട്ടുള്ളത്. സംഘർഷമേഖലയിൽ കർഫ്യൂ(Curfew) പ്രഖ്യാപിച്ചു.

പ്രസിഡന്‍റ് ഗോത്തബയ രജപക്സെ രാജിവെക്കില്ലെന്ന് വന്നതോടെ ജനങ്ങള്‍ പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ്. പ്രസിഡന്‍റ് രാജിവെക്കാതെ മറ്റൊരു ഉപാധിയും അംഗീകരിക്കില്ല. എപ്പോള്‍ രാജിവെക്കുന്നോ അപ്പോള്‍ വരെയും പ്രതിഷേധം തുടരുമെന്നാണ് സമരക്കാര്‍ വ്യക്തമാക്കുന്നത്. ഇതുവരെ പ്രസിഡന്‍റിന്‍റെ കൊട്ടാരം, ഓഫീസ്, പ്രധാനമന്ത്രിയുടെ ഓഫീസ് എന്നിവിടങ്ങളിലായിരുന്നു പ്രതിഷേധം. ഇപ്പോള്‍ അത് പാര്‍ലമെന്‍റ് മന്ദിരത്തിലേക്കും വ്യാപിപ്പിച്ചിരിക്കുന്നു.

ഇന്ന് പ്രസിഡന്‍റ് രാജിവെക്കുമെന്ന പ്രതീക്ഷയിലായിരുന്നു പ്രതിഷേധക്കാര്‍. എന്നാല്‍ അവസാന നിമിഷം പ്രസിഡന്‍റ് ചില ഉപാധികള്‍ മുന്നോട്ട് വച്ചു. ഇതിനു ശേഷം മാലിദ്വീപിലേക്ക് കടന്നു. അധികാരത്തില്‍ കടിച്ചുതൂങ്ങാനുള്ള ഗോത്തബയയുടെ നീക്കത്തില്‍ കടുത്ത അമര്‍ഷമാണ് ജനങ്ങള്‍ക്കുള്ളത്.

അതേസമയം, രാജ്യം വിടാൻ വിമാനത്താവളത്തിലെത്തിയ മുൻ ധനമന്ത്രി ബേസിൽ രാജപക്സെയെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞു മടക്കി അയച്ചു. ഒളിവിൽ കഴിയുന്ന പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ രാജി ഇന്ന് സ്പീക്കർ മഹിന്ദ അബെവർധന പ്രഖ്യാപിക്കാനിരിക്കെയാണു മുൻധനമന്ത്രി നാടുവിടാൻ ശ്രമിച്ചത്. ഗോട്ടബയയുടെ ഇളയ സഹോദരനാണ്. യുഎസ് പാസ്പോർട്ടുള്ള ബേസിൽ എമിറേറ്റ്സ് വിമാനത്തിൽ ദുബായിക്കു പറക്കാനായി എത്തിയപ്പോഴാണു വിഐപി ക്ലിയറൻസ് ലൈനിൽ ഉദ്യോഗസ്ഥർ തടഞ്ഞത്.

രാജ്യത്തെ പ്രതിസന്ധി കണക്കിലെടുത്തു വിഐപി ടെർമിനൽ സേവനം നിർത്തിവച്ചതായി ഇമിഗ്രേഷൻ ആൻഡ് എമിഗ്രേഷൻ ഓഫിസേഴ്സ് അസോസിയേഷൻ പിന്നീടു വ്യക്തമാക്കി. അഴിമതിക്കാർ രാജ്യം വിടുന്നതു തടയാനാണിതെന്നാണു വിശദീകരണം. ജനകീയ പ്രക്ഷോഭം രൂക്ഷമായതോടെ ഏപ്രിൽ ആദ്യമാണു ബേസിൽ ധനമന്ത്രിസ്ഥാനം രാജിവച്ചത്. ജൂണിൽ പാർലമെന്റ് അംഗത്വവും ഒഴിഞ്ഞു.

പ്രസിഡന്റിന്റെ കൊട്ടാരത്തിലെ 3 പ്രധാന സമുച്ചയത്തിലും പ്രക്ഷോഭകരുടെ ഉപരോധം തുടരുകയാണ്. പാചകവാതക വിതരണം ഇന്ത്യൻ ഓയിൽ കോർപറേഷൻ പുനരാരംഭിച്ചു. പമ്പുകളിൽ നീണ്ട നിര ഇപ്പോഴുമുണ്ട്. ഇന്ധന, ഭക്ഷ്യക്ഷാമം രൂക്ഷമായ രാജ്യത്തു സ്കൂളുകൾ അടഞ്ഞുകിടക്കുകയാണ്. ബസ്, ട്രെയിൻ ഗതാഗതവും പരിമിതമായി.

മുഖ്യ പ്രതിപക്ഷമായ സമാഗി ജന ബലവേഗയ (എസ്ജെബി) യുടെ നേതാവ് സജിത് പ്രേമദാസയെ ഇടക്കാല പ്രസിഡന്റാക്കാനുള്ള നീക്കങ്ങളും സജീവമായി. ഈ മാസം 20 നു പാർലമെന്റ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കും.

അതിനിടെ, വ്യോമസേന ചീഫ് എയർമാർഷൽ സുദർശന പതിരാനയുടെ സ്വകാര്യ വസതിയിലാണു ഗോട്ടബയ രാജപക്സെ താമസിക്കുന്നതെന്ന റിപ്പോർട്ട് ശ്രീലങ്ക വ്യോമസേന നിഷേധിച്ചു. ദുബായിക്കു പറക്കാനായി ഗോട്ടബയയും വിമാനത്താവളത്തിലെത്തിയിരുന്നുവെന്ന അഭ്യൂഹത്തിനു പിന്നാലെയാണ് ഈ വാർത്ത പ്രചരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News