National Emblem: ‘നമ്മുടെ സിംഹങ്ങള്‍ക്ക് എന്തിനാണ് ക്രൂരഭാവം?; ഇത് സത്യമേവ ജയതേയില്‍ നിന്ന് സിംഹമേവ ജയതേയിലേക്കുള്ള മാറ്റം

പുതിയ പാര്‍ലമെന്റ് മന്ദിരത്തിനു മുകളില്‍ സ്ഥാപിച്ച അശോകസ്തംഭത്തിലെ(National Emblem) സിംഹങ്ങളുടെ രൂപഭാവത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ കടുക്കുകയാണ്. ആത്മവിശ്വാസം സ്ഫുരിക്കുന്നതും പ്രൗഢിയേറിയതുമായ അശോകസ്തംഭത്തിനു പകരം അക്രമഭാവമുള്ളവയാണ് പുതിയവയെന്നാണ് പ്രതിപക്ഷത്തിന്റെയടക്കം പ്രധാനവിമര്‍ശനം. ഇത് മാറ്റണമെന്നാണ് നിലവിലെ ആവശ്യവും.

നിരവധി പേരാണ് പുതിയ അശോകസ്തംഭത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത്. സാരനാഥിലെ(Sarnath) മഹാപ്രതിമയാണോ ഗിര്‍ വനത്തിലെ സിംഹത്തിന്റെ വികല രൂപമാണോ സ്തംഭത്തിലുള്ളതെന്നു മോദി പരിശോധിക്കണം എന്നാണ് ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവായ അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞത്. സത്യമേവ ജയതേയില്‍നിന്നു സിംഹമേവ ജയതേയിലേക്കുള്ള മാറ്റമാണിത് എന്നാണ് തൃണമൂല്‍ എംപി മഹുവ മൊയ്ത്ര പറഞ്ഞത്. എന്നാല്‍, ‘നമ്മുടെ സിംഹങ്ങള്‍ക്ക് എന്തിനാണ് ക്രൂരഭാവം? ദേശീയ ചിഹ്നത്തെ ഈ രീതിയില്‍ ഉപയോഗിച്ചു കൊണ്ടുള്ള വിവാദം ഒഴിവാക്കേണ്ടതായിരുന്നു’എന്നാണ് ചരിത്രകാരന്‍ എസ്. ഇര്‍ഫാന്‍ ഹബീബും പ്രതികരിച്ചത്.

അതേസമയം, ഗാന്ധിയില്‍ നിന്ന് ഗോഡ്‌സെയിലേക്കുള്ള മാറ്റമാണ് അശോകസ്തംഭത്തിലേത്, ഇതാണ് മോദിയുടെ പുതിയ ഇന്ത്യ എന്നാണ് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഈ വിമര്‍ശനങ്ങള്‍ക്കെതിരെ ‘സാരനാഥിലെ അശോകസ്തംഭത്തിന്റെ പകര്‍പ്പാണിത്. വലുപ്പത്തിലെ വ്യത്യാസം മാത്രമേയുള്ളൂ. പ്രതിമസ്ഥാപിച്ചിരിക്കുന്ന ഉയരം ഉള്‍പ്പെടെയുള്ളവയും അവയിലേക്കുള്ള നോട്ടവും പരിഗണിക്കണം, അതനുസരിച്ചാകും മുഖഭാവത്തിലെ വ്യത്യാസം’, എന്നാണ് കേന്ദ്ര നഗരവികസന മന്ത്രി ഹര്‍ദീപ് സിങ് പുരി ഉന്നയിച്ചിരിക്കുന്ന വാദം.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ രാഷ്ട്രീയനീക്കമാണ് ആരോപണങ്ങള്‍ക്ക് അടിസ്ഥാനമെന്നുമാണ് വിഷയത്തില്‍ ബിജെപിയുടെ പ്രതികരണം. അശോകസ്തംഭം പ്രധാനമന്ത്രി അനാഛാദനം ചെയ്തത് ഭരണഘടനാ വിരുദ്ധമാണെന്നും ചടങ്ങിന് തങ്ങളെ ക്ഷണിക്കാഞ്ഞത് പ്രതിഷേധാര്‍ഹമാണെന്നും പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News