എങ്ങനെ പഠിക്കണം, എപ്പോള്‍ പഠിക്കണം? പഠിച്ചതൊക്കെ ഓര്‍ത്തിരിക്കാന്‍ ആയുര്‍വേദം|Ayurveda

കാലുകള്‍ നനച്ചുവച്ചും ഇടയ്ക്കിടെ കട്ടന്‍കാപ്പി കുടിച്ചും ഉറക്കം പിടിച്ചുകെട്ടി രാവേറുവോളം പഠിച്ച് പരീക്ഷ എഴുതിവയവരാണ് പഴയ തലമുറയില്‍പ്പെട്ടവര്‍. എന്നാല്‍ ആയുര്‍വേദചര്യയനുസരിച്ച് ഇത് ശരിയായ മാര്‍ഗമല്ല. പുലര്‍ച്ചെ ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഉണര്‍ന്നു പഠിക്കുകയാണ് ഉചിതം. നാലു യാമങ്ങളില്‍ ഒടുവിലത്തെ യാമമായ സരസ്വതീയാമമാണിത്. 4 മണിമുതല്‍ 7 വരെയാണ് ബ്രാഹ്മമുഹൂര്‍ത്തം. തെളിഞ്ഞ ബുദ്ധിയും ശുദ്ധമായ വായുവും അന്തരീക്ഷവുമൊക്കെ പഠിക്കാന്‍ ഏറ്റവും അനുയോജ്യമായ അവസ്ഥ സൃഷ്ടിക്കുന്നു. പഠിക്കുന്ന കാര്യങ്ങള്‍ വേഗത്തില്‍ മനസിലാകാനും ഓര്‍മ്മയില്‍ തങ്ങിനില്‍ക്കാനും ഈ സമയം വളരെയേറെ സഹായിക്കുന്നു.

വിശ്രമമില്ലാതെ പഠിക്കരുത്

പരീക്ഷ അടുക്കുന്നതോടെ മുഴുസമയം പഠനത്തിനായാണ് കുട്ടികള്‍ മാറ്റിവയ്ക്കുന്നത്. എന്നാ്യ ഉറക്കവും വിശ്രമവുമില്ലാതെയുള്ള പഠനം ഗുണത്തേക്കാളേറെ ദോഷമാണു വരുത്തിവയ്ക്കുക. നന്നായി പഠിക്കാനും പഠിച്ചതെല്ലാം ഓര്‍ത്തിരിക്കാനും നല്ല ഉറക്കം ആവശ്യമാണ്. ഉറക്കമില്ലാതെ പഠിച്ചാല്‍ പഠിച്ചകാര്യങ്ങള്‍ എളുപ്പം മറന്നുപോകും. ശരീരവും മനസും തളരും. ഉറങ്ങാനുള്ള സമയത്ത് പഠിക്കുന്നത് ഒഴിവാക്കണം. ഉറങ്ങാനുള്ള സമയം ഉറങ്ങുകതന്നെ വേണം. രാത്രിയില്‍ പത്തുമണിയോടെ പഠനം അവസാനിപ്പിച്ച് ഉറങ്ങണം. ശരാശരി എട്ടു മണിക്കൂറാണ് ഉറക്കം ആവശ്യമുള്ളത്. എങ്കിലും കുറഞ്ഞത് 6 മണിക്കൂറെങ്കിലും ഉറങ്ങണാന്‍ ശ്രമിക്കണം. പരീക്ഷാ ഹാളില്‍ ഊര്‍ജസ്വലതയോടിരിക്കാനും നന്നായി പരീക്ഷ എഴുതാനും കഴിയണമെങ്കില്‍ ശരിയായ പഠനത്തോടൊപ്പം ശരിയായ ഉറക്കവും അത്യാവശ്യമാണ്. ഉറങ്ങുന്നതിലൂടെ തലച്ചോറിന് വിശ്രമം ലഭിക്കുകയാണ് ചെയ്യുന്നത്. ഉറങ്ങുന്നതിനും ഉണരുന്നതിനും കൃത്യമായ സമയം ഉണ്ടാകുന്നത് നല്ലതാണ്. ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കില്‍ പഠിച്ചതെല്ലാം മറന്നുപോകാനിടയാകും. രാത്രി മുഴുവനിരുന്ന് പഠിച്ചിട്ടും പരീക്ഷാ മുറിയിലെത്തിയപ്പോള്‍ എല്ലാം മറന്നു എന്ന് പരാതിപ്പെടുന്ന കുട്ടികളുണ്ട്. ഇവര്‍ക്ക് മിക്കവാറും ഉറക്കക്കുറവ് മൂലമാണ് മറവി സംഭവിക്കുന്നത്.

അടുക്കും ചിട്ടയും

പഠനാവധി പരമാവധി പ്രയോജനപ്പെടുത്താന്‍ ചിട്ടയായ പഠനം വേണം. അതിനായി പരീക്ഷയ്ക്ക് മുമ്പേ ടൈംടേബിള്‍ തയാറാക്കണം. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന് കൈയും കാലും മുഖവും കഴുകി പഠിക്കാനിരിക്കാം. ഏഴ് മണിവരെ പഠനം തുടരാം. ഇതിനിടെ ദാഹശമനിയോ ജീരകവെള്ളമോ കുടിക്കുന്നത് കൂടുതല്‍ ഉന്മേഷം നല്‍കുകയും ഉറക്കം വരാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും. എല്ലാം വിഷയങ്ങളും ഒന്നിച്ചു പഠച്ചു തീര്‍ക്കാതെ ഓരോന്നിനും ഓരോ ദിവസവും പ്രത്യേക സമയവും വച്ച് പഠിക്കണം. മഃനപ്പാഠമാക്കേണ്ട കാര്യങ്ങള്‍ ബ്രാഹ്മമുര്‍ത്തത്തില്‍ പഠിക്കുകയാണ് നല്ലത്. തെളിഞ്ഞ മനസോടെ പഠിക്കുന്ന കാര്യങ്ങള്‍ ആഴത്തില്‍ പതിയുകയും ആവശ്യസമയത്ത് ഓര്‍മ്മയില്‍ തെളിഞ്ഞുവരികയും ചെയ്യും. നന്നായി പഠിക്കാന്‍ ചിട്ടയായ ദിനചര്യകള്‍ കൂടി വേണം.

എണ്ണതേച്ച് കുളി

രാവിലെ ഉണര്‍ന്നുള്ള പഠനം കഴിഞ്ഞ് നെറുകയില്‍ എണ്ണ തേച്ച് കുളിയാവാം. തുടര്‍ച്ചയായുള്ള പഠനം തല ചൂടു പിടിപ്പിക്കും. തലയ്ക്ക് കുളിര്‍മ ലഭിക്കാന്‍ എണ്ണതേച്ചുള്ള കുളി സഹായിക്കും. സാധാരണ ഉപയോഗിക്കുന്ന എണ്ണ തേച്ചു കുളിക്കാം. മരുന്നു കൂട്ടുകള്‍ ഇട്ട് തയാറാക്കുന്ന ഔഷധ എണ്ണ ഉപയോഗിക്കുന്നതും നല്ലതാണ്. ഇത് അവരവരുടെ ശരീരസ്ഥിതി അനുസരിച്ചുള്ളതാവാന്‍ ശ്രദ്ധിക്കണം. അതിനാല്‍ ഔഷധ എണ്ണ തെരഞ്ഞെടുക്കുന്നത് ഒരു ആയുര്‍വേദ ഡോക്ടറുടെ നിര്‍ദേശപ്രകാരമായിരിക്കണം. നെറുകയിലും ഉള്ളം കാലിലും ചെവികളിലം എണ്ണ പുരട്ടണം. ഉള്ളം കാലില്‍ എണ്ണ പുരട്ടുന്നത് കണ്ണിന്റെ ആരോഗ്യത്തിനും തിളക്കത്തിനും ഉത്തമമാണ്. കയ്യുണ്യാദി വെളിച്ചെണ്ണ, തുളസീസ്വരാദി കേരം, ദശപുഷ്പാദി തൈലം, ചെമ്പരത്യാദി തൈലം തുടങ്ങിയ എണ്ണകള്‍ തലയില്‍ പുരട്ടി കുളിക്കാന്‍ അത്യുത്തമമാണ്.
തലയില്‍ വെറുതേ എണ്ണ പുരട്ടിയതുകൊണ്ട് പ്രയോജനം ലഭിക്കുകയില്ല. നെറുകയില്‍ തന്നെ പുരട്ടിയാലേ എണ്ണതേച്ചു കുളിയുടെ ഫലം ലഭിക്കൂ. ഇത് കണ്ണിനു കുളിര്‍മയും തലച്ചോറിലെ ഞരമ്പുകള്‍ക്ക് ഉണര്‍വും ഉന്മേഷവും പ്രദാനം ചെയ്യുന്നു. ശരീരപുഷ്ടിക്കും നല്ല ഉറക്കത്തിനും എണ്ണ തേച്ചുള്ള കുളി സഹായിക്കും. കുളികഴിഞ്ഞ് നെറുകയില്‍ അല്പം രാസ്നാദിപ്പൊടി നെറുകയില്‍ പുരട്ടുന്നതും നല്ലതാണ്. രാവിലെയും വൈകിട്ടും കുളിയാവാം. ചെറു ചൂടുവെള്ളമാണ് കുളിക്കാന്‍ ഉത്തമം. എന്നാല്‍ ചൂടുവെള്ളത്തില്‍ തല കഴുകരുത്.

ഭക്ഷണത്തില്‍ ശ്രദ്ധിക്കണം

പരീക്ഷക്കാലത്ത് ഭക്ഷണകാര്യത്തില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. അതുപോലെ ലഘു വ്യായാമവും. എരിവും പുളിയുമുള്ള ആഹാരസാധനങ്ങള്‍ പരമാവധി കുറയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യണം. പാല്‍ കൂടുതല്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ശരീരകോശ വളര്‍ച്ചയ്ക്കും ബുദ്ധിവികാസത്തിനും പാല്‍ അത്യുത്തമമാണ്. എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ പലഹാരങ്ങളും ഭക്ഷണവും ഒഴിവാക്കണം. കോഴിയിറച്ചി കഴിക്കാതിരിക്കുന്നതാണ് ഉത്തമം. ഇനി കഴിക്കണം എന്നുണ്ടെങ്കില്‍ ബ്രോയിലര്‍ കോഴി ഒഴിവാക്കി വീട്ടില്‍ വളര്‍ത്തുന്ന നാടന്‍ കോഴിയുടെ ഇറച്ചി കഴിക്കാം. പുതിയ വെണ്ണനെയ്യ് കഴിക്കുന്നത് കുട്ടികളില്‍ ബുദ്ധിവികാസത്തിന് സഹായിക്കും. മത്സ്യമാംസാദികള്‍ മാറ്റിവച്ച് പഴങ്ങളും പച്ചക്കറികളും ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം. ഇടവേളകളില്‍ ഉണക്കമുന്തിരി കഴിക്കുന്നത് രക്തശുദ്ധിക്ക് നല്ലതാണ്.

വ്യായാമം ശീലമാക്കാം

വ്യായാമം കുട്ടികള്‍ക്ക് വളരെ കുറവാണ്. പഠനത്തിനിടെ ചെറു വ്യായാമങ്ങള്‍ ചെയ്യണം. തുടര്‍ച്ചയായിരുന്ന് പഠിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും. തുടര്‍ച്ചയായുള്ള പഠനം കുട്ടികളില്‍ രക്തക്കുറവ് ഉണ്ടാക്കും. ഇത് കടുത്ത ക്ഷീണത്തിന് കാരണമാകും. ഇങ്ങനെയുള്ള കുട്ടികള്‍ക്ക് കഴിക്കാന്‍ നിരവധി ആയുര്‍വേദ ഔഷധങ്ങള്‍ ഉണ്ട്. ആയുര്‍വേദ ഡോക്ടറെ നേരില്‍ കണ്ട് മരുന്ന് വാങ്ങാവുന്നതാണ് ഉത്തമം. ലോഹാസവം, ദ്രാക്ഷാരിഷ്ടം, അന്നഭേദിസിന്ദൂരം, ലോഹഭസ്മം, ച്യവനപ്രാശം, നാരസിംഹരസായനം തുടങ്ങിയ ഔഷധങ്ങള്‍ രക്തക്കുറവിനും ക്ഷീണത്തിനും അത്യുത്തമമാണ്. ച്യവനപ്രാശം പതിവായി കഴിക്കുന്നത് രോഗപ്രതിരോധശേഷി ലഭിക്കാന്‍ സഹായിക്കുന്നു.

ബുദ്ധിവളര്‍ച്ചയ്ക്കും വികാസത്തിനും

ബുദ്ധിവളര്‍ച്ചയ്ക്കും വികാസത്തിനും ആയുര്‍വേദത്തില്‍ ഫലപ്രദമായ ഔഷധങ്ങള്‍ ഉണ്ട്. സാരസ്വതഘൃതം, സാരസ്വതാരിഷ്ടം, ബ്രഹ്മീഘൃതം, മഹാകല്യാണിഘൃതം, പഞ്ചഗവ്യഘൃതം തുടങ്ങിയ ഔഷധങ്ങളാണ് കുട്ടികളില്‍ ബുദ്ധിവികാസത്തിനും ഓര്‍മശക്തിക്കും നല്‍കുക. ചിട്ടയായ പഠനവും ആയുര്‍വേദ പരിരക്ഷയും പരീക്ഷയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സഹായിക്കും. കുട്ടികളില്‍ അമിത സമ്മര്‍ദം ചെലുത്താതെ കുട്ടികളെ പഠനത്തില്‍ പ്രോത്സാഹിപ്പിക്കാനാണ് ശ്രമിക്കേണ്ടത്.

വിവരങ്ങള്‍ക്ക്
കടപ്പാട്: ഡോ. സന്ധ്യാ ബിസ്
ഡോ. സന്ദീപ് കിളിയന്‍കണ്ടി

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News