Pinarayi Vijayan: സംസ്ഥാന ആര്‍ദ്രകേരളം പുരസ്‌കാരം മുഖ്യമന്ത്രി വിതരണം ചെയ്യും

ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സര്‍ക്കാരിന്റെ സംസ്ഥാന ആര്‍ദ്രകേരളം പുരസ്‌കാരത്തിന്റെ(Ardrakeralam Award) ഉദ്ഘാടനവും വിതരണവും ജൂലൈ 14ന് വൈകുന്നേരം 5.30 മണിക്ക് കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു എന്നിവര്‍ വിശിഷ്ടാതിഥികളാകും.

നവകേരളം കര്‍മ്മ പദ്ധതി 2 ആര്‍ദ്രം മിഷന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആരോഗ്യ മേഖലയിലും അനുബന്ധ മേഖലയിലും വലിയ തോതിലുള്ള മുന്നേറ്റമാണ് നടന്നു വരുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആശുപത്രികള്‍ ജനസൗഹൃദമാക്കുക, രോഗിയുമായി ബന്ധപ്പെട്ട ചെലവുകള്‍ ചുരുക്കുക, ജനകീയ പങ്കാളിത്തത്തോടെ ആരോഗ്യകരമായ ജീവിതം സംബന്ധിച്ച അവബോധം സൃഷ്ടിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തന മികവിലും ഗുണനിലവാര വര്‍ധനവിലും ഊന്നല്‍ നല്‍കിക്കൊണ്ട് തദ്ദേശ സ്വയംഭരണ വകുപ്പ് ഉള്‍പ്പെടെ വിവിധ വകുപ്പുകളുടെ സഹകരണത്തോടു കൂടി വിവിധ കര്‍മ്മ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നതായും മന്ത്രി പറഞ്ഞു.

2020-21 വര്‍ഷം ആരോഗ്യ മേഖലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 963 കോടി രൂപയുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം ആരോഗ്യ വകുപ്പിന്റെയും മറ്റ് അനുബന്ധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും കൂട്ടായ്മയ്ക്ക് കരുത്ത് പകരാനാണ് ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ആര്‍ദ്രകേരളം പുരസ്‌കാരം നല്‍കുന്നത്.

തദ്ദേശ സ്ഥാപനങ്ങള്‍ ആരോഗ്യമേഖലയില്‍ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികള്‍, കായകല്‍പ്പ, മറ്റ് ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ച് മുന്‍ഗണനാ പട്ടിക തയ്യാറാക്കിയാണ് പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കുന്നത്. ഇതുകൂടാതെ പ്രതിരോധ കുത്തിവെപ്പ്, വാര്‍ഡുതല പ്രവര്‍ത്തനങ്ങള്‍ മറ്റ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, നടപ്പിലാക്കിയ നൂതനമായ ആശയങ്ങള്‍, പൊതുസ്ഥലങ്ങളിലെ മാലിന്യ നിര്‍മാര്‍ജനം തുടങ്ങിയവയും പുരസ്‌കാരത്തിന് വേണ്ടി വിലയിരുത്തുന്ന ഘടകങ്ങളാണ്.

ജില്ലാ പഞ്ചായത്ത് – കൊല്ലം ജില്ല (10 ലക്ഷം രൂപ), മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ – കൊല്ലം ജില്ല (10 ലക്ഷം രൂപ), മുനിസിപ്പാലിറ്റി – പിറവം മുനിസിപ്പാലിറ്റി, എറണാകുളം ജില്ല (10 ലക്ഷം രൂപ) ബ്ലോക്ക് പഞ്ചായത്ത് – മുല്ലശ്ശേരി, തൃശൂര്‍ ജില്ല (10 ലക്ഷം രൂപ) ഗ്രാമ പഞ്ചായത്ത് – നൂല്‍പ്പുഴ, വയനാട് ജില്ല (10 ലക്ഷം രൂപ) എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News