Srilanka: ശ്രീലങ്കയില്‍ കലാപം; റെനില്‍ വിക്രമസിംഗെ ആക്ടിംഗ് പ്രസിഡന്റ്

അടിയന്തിരാവസ്ഥ നിലനില്‍ക്കുന്ന ശ്രീലങ്കയില്‍(Srilanka) കലാപം. തെരുവില്‍ വിവിധയിടങ്ങളില്‍ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. അതേസമയം, പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ(ranil wickremesinghe) ആക്ടിംഗ് പ്രസിഡന്റായി ചുമതലയേറ്റു. വിക്രമസിംഗെയ്ക്ക് അധികാരം കൈമാറിയതായി സ്പീക്കര്‍ അറിയിച്ചു. രാജ്യം വിട്ട പ്രസിഡന്റ് ഗോതബയ രജപക്സെ ഇന്ന് തന്നെ രാജി കൈമാറുമെന്നാണ് സൂചന. ശ്രീലങ്കയിലെ ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ പ്രക്ഷേപണം നിര്‍ത്തി.

ഇതിനിടെ പ്രസിഡന്റ് ഗോതബയ രജപക്‌സെയെ രാജ്യം വിടാന്‍ സഹായിച്ചത് ഇന്ത്യയാണെന്ന് ചിലര്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യ ശ്രീലങ്കയിലെ ജനങ്ങള്‍ക്കൊപ്പമാണ് ഇന്ത്യയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഗോതബയ രജപക്‌സെയെ ഇന്ത്യ സഹായിച്ചിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രസിഡന്റ് ഗോതബയ രജപക്സെ രാജ്യം വിട്ടതിന് പിന്നാലെ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. അനിശ്ചിത കാലത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതായി പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുടെ ഓഫിസ് അറിയിച്ചു.

രജപക്സെ മാലിദ്വീപിലേക്ക് കടന്നെന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചതിന് പിന്നാലെ പ്രതിഷേധക്കാര്‍ പ്രധാനമന്ത്രിയുടെ ഓഫിസിന് മുന്നിലേക്ക് ഇരച്ചെത്തി. ഗോതബയ രജപക്സെ രാജിവക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ബാരിക്കേഡ് തകര്‍ത്ത പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. മാലിദ്വീപിലേക്ക് കടന്ന രജപക്സെയുടെ ഒപ്പം അദ്ദേഹത്തിന്റെ ഭാര്യയും സുരക്ഷാ ഉദ്യോഗസ്ഥരുമുണ്ട്. മാലിയില്‍ വെലാന വിമാനത്താവളത്തിലെത്തിയ രജപക്സെയെ മാലിദ്വീപ് സര്‍ക്കാര്‍ പ്രതിനിധികള്‍ സ്വീകരിച്ചു. അസോസിയേറ്റഡ് പ്രസാണ് പ്രസിഡന്റ് രാജ്യം വിട്ടെന്ന് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. രാജി നല്‍കും മുന്‍പേയാണ് രജപക്സെയുടെ നാടുവിടല്‍. അതേസമയം പ്രസിഡന്റിന്റെ വസതി പ്രക്ഷോഭകര്‍ കയ്യടക്കിവച്ചിരിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News