Dileep case: നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മൂന്ന് തവണ മാറിയെന്ന് പരിശോധനാഫലം

നടിയെ ആക്രമിച്ച കേസില്‍(Dileep case) വിചാരണ കോടതിയുടെ കൈവശമുള്ള മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയെന്ന് സ്ഥിരീകരിച്ച് പരിശോധനാഫലം. മൂന്ന് തവണ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതായാണ് കണ്ടെത്തല്‍. തുടരന്വേഷണ കാലാവധി വെള്ളിയാഴ്ച്ച അവസാനിക്കാനിരിക്കെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ക്രൈംബ്രാഞ്ച് കൂടുതല്‍ സമയം ആവശ്യപ്പെട്ടേക്കും. അതേസമയം കേസ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ചുളള അതിജീവിതയുടെ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി(High court) വെളളിയാഴ്ചത്തേക്ക് മാറ്റി.

തിരുവനന്തപുരത്തെ ഫോറന്‍സിക്ക് ലാബില്‍ നിന്നും ലഭിച്ച പരിശോധനാഫലത്തിലാണ് മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മൂന്ന് തവണ മാറിയെന്ന് സ്ഥിരീകരിച്ചത്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലും ജില്ലാ കോടതിയുടെ കൈവശം ഇരിക്കുമ്പോഴും വിചാരണ കോടതിയുടെ കസ്റ്റഡിയില്‍ ഉള്ളപ്പോഴുമാണ് ഹാഷ് വാല്യു മാറിയതെന്നാണ് കണ്ടെത്തല്‍. പരിശോധനാഫലം ക്രൈംബ്രാഞ്ചിന് ലഭിച്ചു. ഇക്കാര്യത്തില്‍ വിശദ അന്വേഷണം വേണമെന്ന് ആവശ്യപ്പെടാനാണ് പ്രോസിക്യൂഷന്റെ നീക്കം. മെമ്മറി കാര്‍ഡ് വിചാരണക്കോടതിയിലും അങ്കമാലി കോടതിയിലും മാത്രമാണ് അനുമതിയോടെ പരിശോധിച്ചത്.

എന്നാല്‍ ജില്ലാ കോടതിയില്‍ വച്ച് ഇതിന്റെ ഹാഷ് വാല്യൂ മാറിയതില്‍ അസ്വഭാവികതയുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. മെമ്മറി കാര്‍ഡ് മൊബൈല്‍ ഫോണിലും ഇന്‍സെര്‍ട്ട് ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. മെമ്മറി കാര്‍ഡ് അനധികൃതമായി തുറന്ന തിയതി, സമയം, എന്നതടക്കം റിപ്പോര്‍ട്ടിലുണ്ട്. ഇത് ആര്‍ക്ക് വേണ്ടിയാണ് എന്നതിലാണ് ദുരൂഹത. തുടരന്വേഷണ കാലാവധി വെള്ളിയാഴ്ച്ച അവസാനിക്കാനിരിക്കെ, ഇക്കാര്യം ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് കൂടുതല്‍ സമയം ചോദിച്ചേക്കും. അതിനിടെ മെമ്മറി കാര്‍ഡഡിന്റെ ഫോറന്‍സിക് പരിശോധനാ ഫലം പുറത്തുവന്ന വിവരം മറ്റൊരു ഹര്‍ജി പരിഗണിക്കവെ അതിജീവിത ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ചുളള അതിജീവിതയുടെ ഹര്‍ജി പരിഗണിക്കുകയായിരുന്നു സിംഗിംള്‍ ബെഞ്ച്.

എന്നാല്‍. മെമ്മറി കാര്‍ഡുമായി ബന്ധപ്പെട്ട വിഷയം മറ്റൊരു ഹര്‍ജിയാണെന്നും അതില്‍ അതിജീവിത കക്ഷിയല്ലെന്നും കോടതി അഭിഭാഷകയെ ഓര്‍മ്മപ്പെടുത്തി. ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍, ഉത്തരവാദിത്വത്തോട് കൂടി വെണമെന്നും കോടതി പറഞ്ഞു. അന്വേഷണം അട്ടിമറിക്കുന്നുവെന്ന അതിജീവിതയുടെ ഹര്‍ജി വെളളിയാഴ്ച പരിഗണിക്കാന്‍ മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here