Rain : കനത്ത മഴയിലും കാറ്റിലും കോതമംഗലത്ത് വ്യാപക നാശം

കനത്ത മഴയിലും കാറ്റിലും കോതമംഗലത്ത് വ്യാപക നാശം.ശക്തമായ കാറ്റിൽ വൈദ്യുതി പോസ്റ്റ് റോഡിലേക്ക് ഒടിഞ്ഞു വീണു. വാഹന യാത്രികർ രക്ഷപെട്ടത് തലനാരിഴക്കാണ്. കോതമംഗലത്ത് കഴിഞ്ഞ ദിവസം ഉണ്ടായ കൊടുങ്കാറ്റിൽ റോഡിലേക്ക് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണു.സെക്കന്‍റുകളുടെ വ്യത്യാസത്തിലാണ് ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് .

മലയിൻകീഴ് – നാടുകാണി റോഡിൽ കൊവേന്തപ്പടിയിലാണ് സംഭവം നടന്നത്.   കോതമംഗലം നഗരസഭ , കീരംപാറ, നെല്ലിക്കുഴി പഞ്ചായത്തുകളുടെ പരിധിയിലുള്ള പ്രദേശങ്ങളിൽ ശക്തമായ കാറ്റും മഴയും മൂലം മരങ്ങളും ഇലട്രിക് പോസ്റ്റുകളും മറിഞ്ഞു വീണു. വ്യാപക കൃഷി നാശവും സംഭവിച്ചു.മരങ്ങള്‍ റോഡിലേക്ക് വീണത് മൂലം ഗതാഗതം തടസപ്പെട്ടു.

ശക്തമായ കാറ്റിനെത്തുടർന്ന് കോതമംഗലം നഗരസഭ പരിധിയിലും വൻനാശനഷ്ടം സംഭവിച്ചു. കുത്തുകുഴിക്ക് സമീപം നിരവധി മരങ്ങൾ കടപുഴകി   വൈദ്യുതി പോസ്റ്റുകളുടെയും കെട്ടിടങ്ങളുടെയും മുകളിലേക്ക് പതിച്ചു.  മലയിൻകീഴ്ഭാഗത്തും, തങ്കളത്തിന് സമീപവും മരങ്ങള്‍ വീണ് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

ശക്തമായ കാറ്റിലും മഴയിലും കോതമംഗലം, തൃക്കാരിയൂർ വില്ലേജുകളിൽ വ്യാപക നാശം. രണ്ടുവീട് പൂർണമായും 44 വീട് ഭാഗികമായും നശിച്ചു. നഗരസഭയിലെ മലയിൻകീഴ്, ഗോമേന്തപ്പടി, വലിയപാറ, കുത്തുകുഴി പ്രദേശങ്ങളിലാണ് വ്യാപക നാശം. വലിയപാറ കൗങ്ങുംപിള്ളി ഇല്ലം കെ എൻ മണി, പുന്നോർക്കോടൻ സിബി എന്നിവരുടെ വീടുകളാണ്‌ പൂർണമായി തകർന്നത്‌. മരംവീണും കാറ്റിൽ മേൽക്കൂര പറന്നുമാണ്‌ വീടുകളുടെ നാശം. വീടുകളിൽനിന്ന്‌ ആളുകൾ ഇറങ്ങി ഓടിയതിനാൽ അപകടം ഒഴിവായി. തണ്ടിക, തൊഴുത്ത് തുടങ്ങി മറ്റു കെട്ടിടങ്ങൾക്കും നാശമുണ്ട്.

താലൂക്കിൽ കോതമംഗലം കൃഷിഭവനു കീഴിലാണ് കൂടുതൽ കൃഷിനാശം. കോതമംഗലത്തുമാത്രം ഒരുകോടി രൂപയുടെ നഷ്ടമാണ് പ്രാഥമിക കണക്ക്. ഏത്തവാഴ, തെങ്ങ്, റബർ, ജാതി, റംബൂട്ടാൻ ഉൾപ്പെടെ കാറ്റിൽ കടപുഴകി. പതിനായിരത്തിലധികം വാഴകൾ നശിച്ചു. മനോജ് തെക്കേക്കരയുടെ 800 കുലച്ച ഏത്തവാഴ നിലംപൊത്തി. വലിയപാറ ആലപ്പുരക്കൽ ജോൺസൺ മാത്യൂസ്, പുത്തൻപുരയ്ക്കൽ ഷാജൻ കുര്യാക്കോസ്, പുനർകോടൻ പി സിബി, ചിറയിൽ സി കെ ജൂബി, ഇലഞ്ഞിക്കൽ മാർട്ടിൻ സണ്ണി, മുകളേൽ എൽദോസ് എസ്തേർ എന്നിവരുടെ ഏത്തവാഴ തോട്ടങ്ങൾ പൂർണമായും നശിച്ചു.

നെല്ലിമറ്റത്ത് 25 ലക്ഷത്തിന്റെ നഷ്ടം

പഞ്ചായത്തിലെ നെല്ലിമറ്റം പ്രദേശത്ത് ബുധൻ പകൽ പതിനൊന്നോടെയുണ്ടായ ശക്തമായ മഴയിലും ചുഴലിക്കാറ്റിലും വ്യാപക കൃഷിനാശം. ഒരു വീടിന്റെ മേൽക്കൂരയും തകർന്നു. അയ്യായിരത്തോളം കുലച്ച ഏത്തവാഴ, 750 റബർ, നൂറ്റമ്പതോളം ജാതി, മറ്റ് പച്ചക്കറി കൃഷികൾ എന്നിവയാണ് നശിച്ചത്. നെല്ലിമറ്റം വളയംതോട്ടത്തിൽ റെജി ജോർജിന്റെ വീടിന്റെ ഓടിട്ട മേൽക്കൂരയാണ് തകർന്നത്.

നെല്ലിമറ്റം കപ്പിലാംവീട്ടിൽ കെ ജി സാജുവിന്റെയും പരീക്കണ്ണി തീണ്ടാപ്പാറ ടി എ നവാസിന്റെയും 1000 വീതം കുലച്ച ഏത്തവാഴകൾ നശിച്ചു. നഷ്ടമുണ്ടായ കൃഷിയിടങ്ങൾ കൃഷി ഓഫീസർ കെ എ സജി, അസിസ്റ്റന്റ് കൃഷി ഓഫീസർ കെ സി സാജു എന്നിവർ സന്ദർശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News