National Highway : സംസ്ഥാനത്ത്‌ ദേശീയപാത 66ന്റെ വികസനം അവസാന ലാപ്പിലേക്ക്‌

സംസ്ഥാനത്ത്‌ ദേശീയപാത 66ന്റെ വികസനം അവസാന ലാപ്പിലേക്ക്‌. ആവശ്യമായ 1076.64 ഹെക്ടറിൽ 1062.96ന്റെയും (98.51 ശതമാനം) ഏറ്റെടുക്കൽ പൂർത്തിയായി. ഇതിനായി 5580 കോടി രൂപ സംസ്ഥാനം ദേശീയപാത അതോറിറ്റിക്ക്‌ കൈമാറി. ഭൂമിയുടെ നഷ്‌ടപരിഹാരത്തിൽ 25 ശതമാനമാണ് അധിക ബാധ്യതയായി കേരളം നൽകുന്നത്.

മറ്റ് സംസ്ഥാനങ്ങളിലില്ലാത്ത നടപടിയായിട്ടും പദ്ധതി പൂർത്തീകരണത്തിനായി സംസ്ഥാനം ഈ ബാധ്യത ഏറ്റെടുക്കുകയായിരുന്നു. യുഡിഎഫ്‌ ഭരണകാലത്ത് പദ്ധതിയിൽ വരുത്തിയ കാലതാമസമാണ് ഇതിലേക്ക് നയിച്ചത്. നിലവിൽ 24 റീച്ചായാണ് വികസനം. ഇതിൽ 15 എണ്ണം അതിവേഗം പുരോഗമിക്കുന്നു.

രണ്ടു റീച്ച് പൂർത്തിയായി. 2024ൽ പദ്ധതി യാഥാർഥ്യമാകും. എന്നാൽ, ഈ ജനകീയ വികസനത്തിന്റെ നേരവകാശി ചമയാനാണ് കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും ഇപ്പോൾ ശ്രമിക്കുന്നത്.

‘ദേശീയപാത വികസനവും ഗെയ്‌ൽ പൈപ്പ്‌ ലൈൻ പദ്ധതിയും നടപ്പാക്കി കാണിച്ചാൽ പിണറായി വിജയനെ അംഗീകരിക്കാം’ എന്നാണ്‌ കെ സുരേന്ദ്രൻ 2017ൽ വെല്ലുവിളിച്ചത്‌. ഇത് രണ്ടും നടപ്പാക്കിയപ്പോൾ മിണ്ടാട്ടം മുട്ടിയവർ ഇപ്പോൾ തെരഞ്ഞെടുപ്പ്‌ മുന്നിൽക്കണ്ട് കാണിക്കുന്ന കാട്ടിക്കൂട്ടൽ ജനം തിരിച്ചറിയും.

പരിപാലനത്തിൽ കേന്ദ്രത്തിന് താൽപ്പര്യമില്ല : പി എ മുഹമ്മദ്‌ റിയാസ്‌
ദേശീയപാത അതോറിറ്റിക്ക്‌ കീഴിലുള്ള റോഡുകളിൽ കുഴികൾ കൂടുതലാണെന്ന്‌ പരാതിപ്പെട്ടിട്ടും കേന്ദ്രസർക്കാർ നടപടി എടുക്കുന്നില്ലെന്ന്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ നിയമസഭയിൽ അറിയിച്ചു.

സംസ്ഥാനത്ത്‌ 1781.5 കിലോമീറ്റർ ദേശീയപാതയാണുള്ളത്‌. അതിൽ 1233.5 കിലോമീറ്ററും ദേശീയപാത അതോറ്റിയാണ്‌ പരിപാലിക്കുന്നത്‌. റോഡിലെ കുഴികൾ സംബന്ധിച്ച്‌ കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ജാഗ്രതാപൂർണമായ ഇടപെടൽ ഉണ്ടായിട്ടില്ല. കേരളത്തിൽനിന്നുള്ള കേന്ദ്രസഹമന്ത്രിയെ ഇക്കാര്യം അറിയിച്ചെങ്കിലും അത്‌ പരിഹരിക്കാൻ ഒരു ഇടപെടലും നടത്തിയിട്ടില്ല.

50 ശതമാനം ചെലവും സംസ്ഥാനം വഹിക്കും

എൻഎച്ച് 66ന് ഒപ്പം മറ്റ് ദേശീയപാത റോഡുകൾക്കും സംസ്ഥാനം പണം ചെലവഴിക്കുന്നുണ്ടെന്ന്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌. തിരുവനന്തപുരം റിങ്‌ റോഡ് പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കുന്നതിന്റെ 50 ശതമാനം ചെലവും വഹിക്കുന്നത് സംസ്ഥാനമാണ്. പാലക്കാട് ––കോഴിക്കോട്, തേനി -–-മൂന്നാർ –-കൊച്ചി പാതകൾക്ക് സ്ഥലമേറ്റെടുക്കാൻ 25 ശതമാനം തുകയാണ്‌ സംസ്ഥാനം വഹിക്കുന്നത്‌.

ടാർ ചെയ്ത റോഡ് വെ‌ട്ടിപ്പൊളിക്കുന്നതിനുമുമ്പ് എല്ലാ വകുപ്പുകളും അക്കാര്യം പൊതുമരാമത്ത് വകുപ്പിന്റെ പോർ‌ട്ടലിൽ രജിസ്‍റ്റർ ചെയ്യണം. എല്ലാ വകുപ്പുകൾക്കും വിവരങ്ങൾ അറിയിക്കാൻ പ്രത്യേക പോർട്ടൽ തയ്യാറാക്കിയിട്ടുണ്ട്‌. ഇതിലൂ‌ടെ നിർമാണ പ്രവർത്തനം സമയബന്ധിതമായി പൂർത്തിയാക്കാനാകും.

റോഡ് നിർമാണത്തിന് കേന്ദ്ര ഫണ്ട് ലഭിക്കാത്ത സ്ഥിതിയുണ്ട്. ഇത് കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തും. കോവിഡ്‌ പ്രതിസിന്ധിയില്ലെങ്കിൽ 2025ൽ ദേശീയപാത നിർമാണം പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News