Rishi Sunak: ബ്രിട്ടന്‍ പ്രധാനമന്ത്രി തെരഞ്ഞെടുപ്പ്; ഇന്ത്യൻ വംശജനായ ഋഷി സുനക് മുന്നിൽ

ബ്രിട്ടനിലെ പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് ആദ്യ ഘട്ടത്തിൽ ഇന്ത്യൻ വംശജനായ ഋഷി സുനക് മുന്നിൽ. 88 കണ്‍സര്‍വേറ്റീവ് എംപിമാരുടെ പിന്തുണ റിഷി സുനാക്കിന്. അടുത്ത ഘട്ടം വോട്ടെടുപ്പ് വ്യാഴാഴ്ച്ച നടക്കും.

ബോറിസ് ജോണ്‍സന്‍റെ രാജിപ്രഖ്യാപനത്തെ തുടര്‍ന്ന് ഇന്നലെ കണ്‍സര്‍വേറ്റീവ് എംപിമാരായ 358 പേര്‍ കൂടിച്ചേര്‍ന്നത് പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതിന്‍റെ ഭാഗമായാണ്. 20 എംപിമാരുടെ വീതം പിന്തുണ നേടി മത്സരാര്‍ത്ഥികളായി മാറിയ ഏട്ട് പേരില്‍ ഇന്ത്യന്‍ വംശജനായ ഋഷി സുനാക്കാണ് മുന്നിട്ടത്.

88 കണ്‍സര്‍വേറ്റീവ് എംപിമാര്‍ സുനാക്കിനെ പിന്തുണച്ചു. പിന്നാലെ പെന്നി മോര്‍ഡന്റ്, ലിസ് ട്രസ്സ്, ടോം ടുഗന്‍ധഡ്, കെമി ബഡനോക്ക്, സുവല്ല ബ്രവര്‍മാന്‍ എന്നിവര്‍ക്കും രണ്ടാം ഘട്ട വോട്ടെടുപ്പിലേക്ക് നറുക്ക് വീണു. എന്നാല്‍ ഏറ്റവും കുറവ് വോട്ടുകള്‍ നേടിയ ജെറമി ഹണ്ടും നദീം സഹാവിയും പരാജയപ്പെട്ടു.

അടുത്ത ഘട്ടത്തില്‍ രണ്ട് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥികളിലേക്ക് ചുരുക്കാനുള്ള വോട്ടെടുപ്പ് നടക്കും. ഈ വരുന്ന വ്യാ‍ഴാ‍ഴ്ച നടക്കുന്ന വോട്ടെടുപ്പില്‍ വീണ്ടും എല്ലാ കണ്‍സര്‍വേറ്റീവ് എംപിമാരും സമ്മേളിക്കും. ഏറ്റവും കൂടുതല്‍ വോട്ട് കിട്ടിയ രണ്ട് പേര്‍ ബ്രിട്ടനിലെ 1,80,000 വരുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയംഗങ്ങളുടെ വോട്ട് തേടിയിറങ്ങും. ഏറ്റവും കൂടുതല്‍ വോട്ട് കിട്ടിയയാളെ സെപ്റ്റംബര്‍ അഞ്ചിന് അടുത്ത പ്രധാനമന്ത്രിയായി പ്രഖ്യാപിക്കും.

ഒന്നാം ഘട്ടത്തില്‍ ലീഡ് നേടിയ ഋഷി സുനാക്കിന് തന്നെയാണ് ഏറ്റവും വലിയ വിജയപ്രതീക്ഷ. ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തിയുടെ മരുമകനാണ് സുനാക്. ബ്രിട്ടനില്‍ നോണ്‍-ഡൊമിസൈല്‍ സ്റ്റാറ്റസുള്ള ഭാര്യ അക്ഷത മൂര്‍ത്തിക്കെതിരായ നികുതിക്കേസില്‍ വലിയ ചീത്തപ്പേര് കേട്ടിട്ടുണ്ട് ഋഷി. ബോറിസിനൊപ്പം പിറന്നാള്‍ പാര്‍ട്ടിയില്‍ പങ്കെടുത്തതിന് പി‍ഴയുമൊടുക്കേണ്ടിവന്നു.

എന്നാല്‍, പീഡനാരോപണം നേരിട്ട ക്രിസ് പിഞ്ചറെ ഡെപ്യൂട്ടി ഛീഫ് വിപ്പാക്കിയതിന് ബോറിസിനോട് ഇടഞ്ഞത് ഋഷി സുനാക്കിന് ഗുണകരമായി. പടിപടിയായി വിവാദങ്ങളെ ചര്‍ച്ചയാക്കി ബോറിസിനെതിരെ തിരിച്ച് ഒടുക്കം താ‍ഴെയിറക്കിയതും ഋഷിയാണെന്നാണ് കണ്‍സര്‍വേറ്റീവുകളുടെ അടക്കംപറച്ചില്‍. ഇന്ത്യയില്‍ വേരുകളുള്ള കെനിയന്‍ വംശജ സുവല്ല ബ്രവര്‍മാനും മത്സരപ്പട്ടികയിലുണ്ടെന്നത് 15 ലക്ഷം ബ്രിട്ടീഷ് ഇന്ത്യക്കാരുടെ ആവേശമേറ്റുമെന്നതുറപ്പാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News