Online Fraud: പൂനെയിൽ മലയാളി യുവതി ആത്മഹത്യ ചെയ്തു; ഓൺലൈൻ വായ്‌പ്പാ തട്ടിപ്പ് തുടർക്കഥയാകുന്നു  

പൂനെയിൽ താമസിച്ചിരുന്ന മലയാളി യുവതിയാണ്  ഓൺലൈൻ വായ്പാ തട്ടിപ്പ് സംഘത്തിന്റെ ഏറ്റവും പുതിയ ഇരയായിരിക്കുന്നത്. മോർഫ് ചെയ്ത അശ്‌ളീല ചിത്രങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമിടയിൽ പ്രചരിപ്പിച്ചും ഭീഷണി സന്ദേശങ്ങൾ അയച്ചുമാണ്  യുവതിയെ വായ്‌പ്പാ തട്ടിപ്പ് സംഘം മാനസികമായി പീഡിപ്പിച്ചിരുന്നത്.

ഓൺലൈൻ ആപ്പിലൂടെ 3500 രൂപ ലോണെടുത്ത യുവതിയാണ് ചതിക്കുഴിയിലായത്. കഴിഞ്ഞ മാസമാണ് പൂനെയിൽ താമസിക്കുന്ന 25 കാരിയായ യുവതി ഹാൻഡി ലോൺ എന്ന മൊബൈൽ ആപ്പ് വഴി 3500 രൂപ വായ്പ്പയെടുത്തത്. ഇതിൽ 2100 രൂപ ഇതിനകം തിരിച്ചടച്ചു. ബാക്കി തുക അടയ്ക്കാൻ വൈകിയതിനെ തുടർന്നാണ് ലോൺ കമ്പനിക്കാർ ഇവരെ നിരന്തരം വിളിച്ച് ശല്യം ചെയ്യാൻ തുടങ്ങിയത്.

വ്യത്യസ്തമായ മൊബൈൽ നമ്പറുകളിൽ നിന്നാണ് ഭീഷണിപ്പെടുത്തിയുള്ള ഫോൺ വിളികളും സന്ദേശങ്ങളും വന്നിരുന്നത്. കൂടാതെ ആപ്പ് ഉപയോഗിച്ച് യുവതിയുടെ മൊബൈൽ കോൺടാക്ട് ലിസ്റ്റിലേക്കും കടന്നു കയറിയതോടെ മുഴുവൻ പേർക്കും യുവതിയുടെ മോർഫ് ചെയ്ത  അശ്‌ളീല ചിത്രങ്ങൾ അയക്കുകയായിരുന്നു. കൂടാതെ ഇവരുടെ ഫേസ്ബുക് ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ സുഹൃത്തുക്കൾക്കും ചിത്രങ്ങൾ പങ്ക് വച്ചു.

ഇതോടെ മാനസികമായി തകർന്ന  യുവതി സാമൂഹിക പ്രവർത്തകനായ  എം വി പരമേശ്വരനെ ബന്ധപ്പെടുകയും തുടർന്ന്  പൂനെ സൈബർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു. എന്നിരുന്നാലും കടുത്ത മാനസിക സംഘർഷത്തിനൊടുവിൽ യുവതി ജീവനൊടുക്കുകയായിരുന്നു. ഇത്തരം പരാതികളിൽ പോലീസ് പാലിക്കുന്ന  നിസ്സംഗംതയാണ് കുറ്റകൃത്യങ്ങൾ ആവർത്തിക്കാൻ കാരണമാകുന്നത്.

പൂനെയിൽ സമാനമായ തട്ടിപ്പിന് ഇതിന് മുൻപും മലയാളികൾ ഇരയായിട്ടുണ്ട്.  തലശ്ശേരി സ്വദേശിയായ 22 കാരൻ ആത്മഹത്യ ചെയ്തിരുന്നത് കൈരളി ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നതാണ്. പൂനെ നവിപേട്ടിൽ പെട്രോൾ പമ്പിൽ ജോലി ചെയ്തിരുന്ന ആനുഗ്രഹ്  ജീവനൊടുക്കിയതും ഓൺലൈൻ ആപ്പ് വഴി ഡോക്യൂമെന്റുകൾ ഇല്ലാതെ വായ്‌പയെടുത്തതിനെ തുടർന്നുള്ള ഏജൻസികളുടെ ഭീഷണികളിൽ പൊറുതിമുട്ടിയാണ്.  അശ്‌ളീല ഫോട്ടോ മോർഫ് ചെയ്ത ശേഷം ബ്ലാക്‌മെയിൽ ചെയ്യാൻ തുടങ്ങിയതിൽ മനം നൊന്താണ് യുവാവ് ആത്മഹത്യ ചെയ്തത്.

കൂടാതെ ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ വിശ്രാന്തവാടിയിൽ താമസിക്കുന്ന ഒരു മലയാളി യുവാവും ഓൺലൈൻ ലോഡ് കമ്പനിക്കാരുടെ തട്ടിപ്പിന് ഇരയായതും റിപ്പോർട്ട് ചെയ്തിരുന്നു. ഓൺലൈൻ തട്ടിപ്പുകൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ  ജനങ്ങളിൽ അവബോധം സൃഷ്ടിക്കുവാനുള്ള ബോധവത്കരണ പരിപാടികളുമായി സാമൂഹിക പ്രവർത്തകരും സംഘടനകളും മുന്നോട്ട് വരണമെന്നും നിയമ നടപടികൾ കർശനമാക്കണമെന്നും ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യാ മറുനാടൻ മലയാളി അസ്സോസിയേഷൻ ( FAIMA) മഹാരാഷ്ട്ര സംസ്ഥാന  പ്രസിഡന്റ് എം.വി പരമേശ്വരൻ ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News