BJP : വടക്കാഞ്ചേരിയില്‍ ബിജെപി മണ്ഡലം പ്രസിഡന്റ്‌ സ്ഥാനത്ത്‌ നിന്നും ദളിതനെ ഒഴിവാക്കി; പ്രതിഷേധം ശക്തം

ബിജെപി മണ്ഡലം പ്രസിഡന്റ്‌ സ്ഥാനത്ത്‌ നിന്നും ദളിതനെ ഒഴിവാക്കി. ബിജെപി വടക്കാഞ്ചേരി മണ്ഡലം പ്രസിഡന്റായിരുന്ന അനിൽകുമാർ വേലായുധനെയാണ്‌ അറിയിപ്പുപോലും നൽകാതെ ഒഴിവാക്കിയത്‌. ജില്ലാ പ്രസിഡന്റ്‌ കെ കെ അനീഷ്‌ കുമാറിന്റെ നടപടിക്കെതിരെ ബിജെപിക്കുള്ളിൽ വ്യാപക പ്രതിഷേധം ഉയരുകയാണ്‌. ജില്ലാ നേതൃത്വത്തിന്റെ ജാതീയ വേർതിരിവിൽ സമൂഹമാധ്യമങ്ങളിലൂടെയും പ്രവർത്തകർ പ്രതിഷേധിക്കുന്നുണ്ട്‌.

പട്ടികജാതി വിഭാഗക്കാരനായ അനിൽകുമാറിനെ മുന്നറിയിപ്പ്‌പോലും ഇല്ലാതെയാണ്‌ സ്ഥാനത്ത്‌ നിന്നും നീക്കിയത്‌. ഇക്കാര്യത്തിൽ അനിൽകുമാർ മുതിർന്ന നേതാക്കളോട്‌ പരാതിപ്പെട്ടതായാണ്‌ സൂചന. ദേശീയ നേതൃത്വത്തിന്‌ പരാതി നൽകാനും ഒരുങ്ങുകയാണ്‌. എബിവിപി മുഴുവൻ സമയപ്രവർത്തകനായിരുന്ന അനിൽകുമാർ. ആർഎസ്‌എസ്‌ നോമിനിയായാണ്‌ വടക്കാഞ്ചേരി മണ്ഡലം പ്രസിഡന്റ്‌ സ്ഥാനത്ത്‌ എത്തിയത്‌. സാധാരണ മൂന്നുവർഷമാണ്‌ പ്രസിഡന്റിന്റെ കാലാവധി.

എന്നാൽ ഏഴ്‌ മാസം തികയുംമുമ്പെ സ്ഥാനത്ത്‌നിന്ന്‌ നീക്കുകയായിരുന്നു. മൂന്നു ദിവസം മുമ്പാണ്‌ പുതിയ മണ്ഡലം പ്രസിഡന്റായി നിത്യാ സാഗറിനെ ജില്ലാ പ്രസിഡന്റ്‌ പ്രഖ്യാപിച്ചത്‌. സംസ്ഥാന നേതൃത്വത്തിന്റെ അനുമതിയോടെ മാത്രമേ ഇത്തരം നടപടിയെടുക്കാവൂ. എന്നാൽ ഇത്‌ ലംഘിച്ചാണ്‌ നടപടിയെന്നാണ്‌ പരാതി.

കഴിഞ്ഞ മേയിൽ നടന്ന വടക്കാഞ്ചേരി നഗരസഭയിൽ ഒന്നാംകല്ല്‌ വാർഡിലേക്ക്‌ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയുണ്ടായിട്ടും കോൺഗ്രസിന്‌ വോട്ട്‌ മറിക്കാൻ ചുമതലക്കാരനായി എത്തിയ ജില്ലാ നേതാവ്‌ നേതൃത്വം നൽകി. ഇത്‌ ചോദ്യം ചെയ്‌ത പ്രവർത്തകരെ ജാതിപ്പേര്‌ വിളിച്ച്‌ നേതാവ്‌ ആക്ഷേപിച്ചു.

തുടർന്ന്‌ നേതാവിനെ പ്രവർത്തകർ ‘കൈകാര്യം’ ചെയ്‌തിരുന്നു. ക്രിമിനൽ കേസ്‌ പ്രതിയായ ഈ നേതാവ്‌ കൊടകര കുഴൽപ്പണ കേസിലും മുഖ്യകണ്ണിയാണ്‌. വോട്ടുകച്ചവടവും മർദനവുമായി വടക്കാഞ്ചേരിയിൽ ബിജെപിക്കുള്ളിൽ തർക്കം രൂക്ഷമാണ്‌. ഇതിനിടെയാണ്‌ ദളിത്‌ നേതാവിനെ മണ്ഡലം പ്രസിഡന്റ്‌ സ്ഥാനത്തു നിന്ന്‌ നീക്കിയത്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News