ചൈനയുടെ നാലാമത്തെ വിമാനവാഹിനിക്കപ്പലിലും ഡീസലായിരിക്കും ഇന്ധനം

അമേരിക്കയുടെ ആണവോര്‍ജം ഇന്ധനമാക്കിയ വിമാനവാഹിനിക്കപ്പലുകളോട് കിടപിടിക്കാന്‍ ശേഷിയുള്ള വിമാനവാഹിനിക്കപ്പലുകള്‍ക്കായി ചൈന ഇനിയും കാത്തിരിക്കേണ്ടി വരും കാരണം ചൈനയുടെ നാലാമത്തെ വിമാനവാഹിനിക്കപ്പലിലും ഡീസലായിരിക്കും ഇന്ധനമെന്ന് റിപ്പോര്‍ട്ടുകള്‍

നാലാമത്തെ വിമാനവാഹിനിക്കപ്പലില്‍ ആണവോര്‍ജമായിരിക്കും ഇന്ധനമെന്ന് നേരത്തേ ചൈന അവകാശപ്പെട്ടിരുന്നു. അമേരിക്കയുടെ ഏറ്റവും പുതിയ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാള്‍ഡ് ആര്‍ ഫോര്‍ഡിനോട് കിടപിടിക്കാന്‍ പോന്നതാണ് ഇതെന്നും അവകാശവാദങ്ങളുണ്ടായിരുന്നു. ജൂണ്‍ 17നാണ് മൂന്നാമത് വിമാനവാഹിനിക്കപ്പലായ ഫ്യുജിയാനെ ചൈന നീറ്റിലിറക്കിയത്.

ദീര്‍ഘകാല സമുദ്രയാത്രകള്‍ക്ക് യോജിച്ച പ്രൊപ്പല്‍ഷന്‍ സംവിധാനമല്ല ഫ്യുജിയാനുള്ളത്. നിശ്ചിത ഇടവേളകളില്‍ ഡീസല്‍ നിറക്കേണ്ടി വരുന്നതും അറ്റകുറ്റപ്പണികളുമാണ് ആയിരക്കണക്കിന് കിലോമീറ്റര്‍ നീളുന്ന സമുദ്രയാത്രകള്‍ ഫ്യുജിയാന് വെല്ലുവിളിയായി മാറ്റുന്നത്. 2009ല്‍ ഡികമ്മിഷന്‍ ചെയ്ത യുഎസ്എസ് കിറ്റി ഹോക്കാണ് ഡീസല്‍ ഇന്ധനമായുള്ള അമേരിക്കയുടെ അവസാനത്തെ വിമാനവാഹിനിക്കപ്പല്‍.

നാലാമത്തെ വിമാനവാഹിനിക്കപ്പലിന്റെ രൂപകല്‍പന ചൈന പൂര്‍ത്തിയാക്കിയിട്ടുണ്ട്. ടൈപ്പ് 004 വിഭാഗത്തില്‍ പെട്ട ഈ വിമാനവാഹിനിക്കപ്പലിന്റേയും ഇന്ധനം ഡീസലാണ്. അതേസമയം അന്തിമ തീരുമാനം ഇക്കാര്യത്തില്‍ എടുത്തിട്ടില്ലെന്നും എന്നാല്‍ ചൈനീസ് നാവികസേനയുടെ തലപ്പത്തുള്ളവര്‍ക്ക് ആണവോര്‍ജത്തേക്കാള്‍ ഡീസലിനോടാണ് താല്‍പര്യമെന്നും സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്യുന്നു.

2025നും 2027നും ഇടയില്‍ നാലാമത്തെ വിമാനവാഹിനിക്കപ്പല്‍ നീറ്റിലിറക്കാനാണ് ചൈനയുടെ ശ്രമം. ഷാങ്ഹായിലെ ജിയാങ്നാന്‍ കപ്പല്‍ നിര്‍മാണശാലയിലാണ് ഈ വിമാനവാഹിനിക്കപ്പലിന്റെ നിര്‍മാണം പുരോഗമിക്കുന്നത്. ഫ്യുജിയാന്റെ നിര്‍മാണം നടന്ന തെക്കുകിഴക്കേ തീര പ്രവിശ്യയുടെ പേര് തന്നെയാണ് ഫ്യുജിയാന് നല്‍കിയിരിക്കുന്നത്.

വേഗതയ്ക്ക് പുറമേ ദീര്‍ഘകാലം കടലില്‍ കഴിയാനാവുമെന്നതുകൂടിയാണ് ആണവ ഇന്ധനം ഉപയോഗിക്കുന്ന വിമാനവാഹിനിക്കപ്പലുകളുടെ പ്രധാന ഗുണമേന്മ. ഏതാണ്ട് എട്ട് മാസം വരെ കടലില്‍ കഴിയാന്‍ പര്യാപ്തമാണ് ഇത്തരം വിമാനവാഹിനിക്കപ്പലുകള്‍. ഇത്രയും കാലത്തേക്ക് കപ്പലിലുള്ളവര്‍ക്ക് വേണ്ട ഭക്ഷണവും വെള്ളവും അടക്കം ശേഖരിക്കാനും ഈ പടുകൂറ്റന്‍ കപ്പലുകള്‍ക്കാവും. വിമാനവാഹിനിക്കപ്പലുകളുടെ കാര്യത്തില്‍ അമേരിക്കയെ മറികടക്കുക അടുത്തകാലത്തെങ്ങും ചൈനക്ക് സാധ്യമാവില്ലെന്ന് കൂടിയാണ് ഈ കണക്കുകള്‍ കാണിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News