Salala : സലാലയിലെ കൂറ്റന്‍ തിരമാല, ഇന്ത്യക്കാര്‍ ഉള്‍പ്പെടെ എട്ടുപേര്‍ ഒഴുകിപ്പോയി

ഒമാനിലെ സലാലയില്‍ തിരമാലയില്‍പ്പെട്ട് അഞ്ച് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ എട്ടുപേര്‍ ഒലിച്ചുപോകുന്ന ദാരുണമായ അപകടത്തിന്റെ ദൃശ്യം പുറത്ത്. അപ്രതീക്ഷിതമായി ഉയര്‍ന്നു പൊങ്ങിയ തിരമാലയില്‍പ്പെട്ടവര്‍ കടലിലേക്ക് വീഴുന്ന ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ദാഫാര്‍ ഗവര്‍ണറേറ്റിലെ അല്‍ മുഗ്‌സെയില്‍ ബീച്ചില്‍ ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടം നടന്നത് .

ദുബായില്‍നിന്നുള്ള പ്രവാസി കുടുംബത്തിലെ മൂന്ന് കുട്ടികളടക്കം അഞ്ച് ഇന്ത്യക്കാരെയാണ് തിരമാലയില്‍പ്പെട്ട് കാണാതായത്. വിനോദകേന്ദ്രമായ മുഗ്‌സെയിലില്‍ സുരക്ഷാ ബാരിക്കേഡ് മറികടന്ന് ചിത്രമെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടം. എട്ട് പേരായിരുന്നു അപകടത്തില്‍പ്പെട്ടത്. ഇതില്‍ മൂന്നുപേരെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അധികൃതര്‍ രക്ഷപ്പെടുത്തിയിരുന്നു.

കാണാതായ ഇന്ത്യക്കാരില്‍ ഒരു കുട്ടിയടക്കം രണ്ടു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. മഹാരാഷ്ട്ര സ്വദേശിയായ ശശികാന്ത് (42), ഇയാളുടെ ആറു വയസുകാരനായ മകന്‍ ശ്രേയസ് എന്നിവരുടെ മൃതദേങ്ങളാണ് കണ്ടെത്തിയത്. ശശികാന്തിന്റെ മകള്‍ ശ്രേയയെ (9) ഇതുവരെ കണ്ടെത്തിയിട്ടില്ല. അപകടത്തില്‍ കാണാതായ മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

Viral Video : കൂടെ നിന്നവരെ തിരയെടുത്തുകൊണ്ട് പോകുന്നത് നോക്കി നില്‍ക്കേണ്ട അവസ്ഥ; ഞെട്ടിക്കുന്ന വീഡിയോ

രാജ്യം മുഴുവന്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ശക്തിപ്രാപിച്ചിരിക്കുകയാണ്. പല സംസ്ഥാനങ്ങളിലും പ്രളയം ബാധിച്ചുതുടങ്ങിയിരിക്കുകയാണ്. കനത്ത മഴയോടൊപ്പം അതിശക്തമായ കടലാക്രമണവും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

അത്തരത്തിലുള്ള ഒരു ഞെട്ടിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. കടല്‍ പ്രക്ഷുബ്ധമായിരിക്കുന്ന അവസ്ഥയില്‍ കടലില്‍ ഇറങ്ങരുതെന്ന് അധികൃതര്‍ തുടര്‍ച്ചയായി മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ഇത്തരം മുന്നറിയിപ്പുകള്‍ അവഗണിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തുമെന്നതിന്റെ ഉത്തമ ഉദാഹരണമായി ഒരു വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്. ശിഖാ ഗോയല്‍ ഐപിഎസ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

ക്ഷോഭിച്ച് കിടക്കുന്ന കടലിന്റെ തീരത്ത് നില്‍ക്കുന്നവര്‍ക്ക് സംഭവിച്ചതാണ് വീഡിയോയുടെ ഉള്ളടക്കം. തീരത്തേയ്ക്ക് അടിച്ചുകയറിയ തിരമാലയില്‍ നിരവധി പേര്‍ കുടുങ്ങിപ്പോകുന്നതും അവര്‍ കടലിലേക്ക് ഒലിച്ചുപോകുന്നതുമാണ് വീഡിയോയിലുള്ളത്.

കടല്‍ പ്രക്ഷുബ്ധമായിരിക്കുന്ന സാഹചര്യത്തില്‍ ഇവരെ രക്ഷിക്കാന്‍ കഴിയാതെ നിസ്സഹായരായി നിരവധിപ്പേര്‍ തീരത്ത് കാഴ്ചക്കാരായി നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. മഴ മുന്നറിയിപ്പിന്റെ സാഹചര്യത്തില്‍ എല്ലാവരും കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ശിഖാ ഗോയല്‍ മുന്നറിയിപ്പും നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here