Attappadi : അട്ടപ്പാടിയിൽ കനത്തമഴ : അതീവ ജാഗ്രത

അട്ടപ്പാടിയിൽ കനത്തമഴ. മണ്ണാർക്കാട് ആനക്കട്ടി റോഡിൽ മരംവീണു. ഗതാഗതം ഭാഗികമായി തടസപ്പെട്ടു.വൈദ്യുതി ലൈനും തകർന്നു.അഗളി ചെമ്മണ്ണൂർ ക്ഷേത്ര പരിസരത്ത് വൻ മരം വീടിന് മുകളിൽ വീണു. വീടിന് കേടുപറ്റി.വീട്ടിൽ ഒൻപത് പേരുണ്ടായിരുന്നെങ്കിലും ആളപായമില്ല.
കോഴിക്കോട് താമരശേരി ചുങ്കത്തും രാവിലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വീടിന് മുകളിലേക്ക് മരം വീണ് മേൽക്കൂര തകർന്നു. പനംതോട്ടത്തിൽ ടി.പി സുബൈറിന്‍റെ വീടിന് മുകളിലേക്കാണ് സമീപത്തുള്ള മരം വീണത്.രാവിലെ 8.30 ഓടെയായിരുന്നു അപകടം.

സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. 12 ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. ഈ ജില്ലകളിൽ ശക്തമായ മഴക്കുള്ള സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്.

ചില ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ്‌ മഞ്ഞ അലേർട്ട് ആണ് നൽകിയിരിക്കുന്നതെങ്കിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലേർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.

2018, 2019, 2020, 2021 വർഷങ്ങളിൽ ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിൽ ഉള്ളവർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകൾ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങൾ എന്ന് കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും അപകട സാധ്യത മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News