R Sreelekha: ആർ ശ്രീലേഖയുടെ ന്യായീകരണം; നിയമ സാംഗത്യമെന്ത്.?

സസ്‌നേഹം ശ്രീലേഖ(SREELEKHA) എന്ന സ്വന്തം യൂട്യൂബ് ചാനലിലൂടെ മുന്‍ ജയില്‍ ഡിജിപി(dgp) ചില കാര്യങ്ങള്‍ പറയുന്നു. കൊച്ചി(kochi)യില്‍ നടി അതിക്രൂരമായ രീതിയില്‍ ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ അടപടലം ന്യായീകരിക്കുന്നതാണ് ആര്‍ ശ്രീലേഖയുടെ വാചകങ്ങള്‍. അതിലെത്രത്തോളം യാഥാര്‍ത്ഥ്യമുണ്ട്, അതിനെത്രത്തോളം നിയമപരമായ സാംഗത്യമുണ്ട് എന്നാണ് കൈരളി ന്യൂസ് ഓണ്‍ലൈന്‍ പരിശോധിക്കുന്നത്.

1. അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ആര്‍ ശ്രീലേഖയ്ക്ക് നേരിട്ട് അറിവുണ്ടോ. നേരിട്ട് അറിവില്ലെന്ന് നിസംശയം പറയാം. കാരണം ശ്രീലേഖ ഒരു ഘട്ടത്തിലും അന്വേഷണത്തിന്റെ ഭാഗമായിരുന്നില്ല. അന്വേഷണ ചുമതലയും ഉണ്ടായിരുന്നില്ല. കേസിന്റെ അന്വേഷണവുമായി ശ്രീലേഖയ്ക്ക് ഒരു ബന്ധവുമില്ലെന്നര്‍ത്ഥം. മുന്‍ ജയില്‍ വകുപ്പ് മേധാവി സ്വന്തം യൂട്യൂബ് ചാനലിലൂടെ പറയുന്നത്, കേസുമായി ബന്ധമില്ലാത്ത ആളുകള്‍
കേസിനെക്കുറിച്ച് പറയുന്ന അഭിപ്രായത്തിന് തുല്യം. പ്രതിയെ കസ്റ്റഡിയില്‍ സൂക്ഷിക്കുന്ന ജയില്‍ വകുപ്പിന്റെ മേധാവി എന്നതുമാത്രമാണ് ശ്രീലേഖയ്ക്ക് ബന്ധം.

2. റിമാന്‍ഡ് പ്രതിയായി ജയിലില്‍ കഴിയവെ പള്‍സര്‍ സുനി ദിലീപിന്റെ സുഹൃത്തും നടനുമായ നാദിര്‍ഷായെ ഫോണ്‍ ചെയ്തു എന്ന ആരോപണം തെറ്റാണ് എന്നും ശ്രീലേഖ സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നുണ്ട്. ജയിലില്‍ നിന്ന് ഫോണ്‍ കണ്ടെത്തുന്നത് ആദ്യമായല്ല. മുന്‍പ് നിരവധി തവണ മൊബൈല്‍ ഫോണ്‍ ജയിലിന് അകത്തേക്കും പുറത്തേക്കും കടത്തിയ ചരിത്രമുണ്ട്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ട്. ജയിലിലേക്ക് മൊബൈല്‍ ഫോണ്‍ കടത്താനാവില്ലെന്ന് മുന്‍ ജയില്‍ ഡിജിപി പറഞ്ഞാല്‍ വിശ്വസിക്കാനാവില്ല. ചരിത്രമതല്ല.

3. പള്‍സര്‍ സുനി ദിലീപിനയച്ച കത്തിനെ സംബന്ധിച്ചാണ് ശ്രീലേഖയുടെ സംശയം. മുന്നൂറ് രൂപ മണി ഓര്‍ഡര്‍ ആവശ്യപ്പെട്ട് എന്തിന് കത്തയക്കണമെന്നാണ് ചോദ്യം. ക്വട്ടേഷന്‍ നല്‍കിയ ദിലീപ് ഇപ്പോഴും തനിക്കൊപ്പമുണ്ടോയെന്ന് പരിശോധിക്കുക മാത്രമായിരുന്നു പള്‍സര്‍ സുനിയുടെ ഉദ്ദേശം. പള്‍സര്‍ സുനിക്ക് വേണ്ടി വിപിന്‍ലാല്‍ കത്തെഴുതുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ അന്നുതന്നെ പുറത്തുവന്നിരുന്നു. പൊലീസ് അന്നുതന്നെ ഇതില്‍ വ്യക്തത വരുത്തി. വര്‍ഷം അഞ്ചായിട്ടും മുന്‍ ജയില്‍ ഡിജിപിക്ക് മാത്രമാണ് ഇനിയും വ്യക്തത നേടാനാകാത്തത്.

4. ക്രിമിനല്‍ നടപടിക്രമം വകുപ്പ് 162. സറ്റേറ്റ്‌മെന്റ് ടു ദി പൊലീസ് നോട്ട് ടു ബി സൈന്‍ഡ്. സാക്ഷി പൊലീസിന് ഒപ്പിടാതെ നല്‍കുന്ന മൊഴി. പൊലീസിന് നല്‍കുന്ന മൊഴിയില്‍ സാക്ഷി ഒപ്പിടാന്‍ പാടില്ലെന്ന് നിയമം. തനിക്കെതിരെ തെളിവ് നല്‍കാന്‍ ഒരാളെ നിര്‍ബന്ധിക്കാന്‍ പാടില്ല. അന്വേഷണത്തിന്റെ ഭാഗമായി ശേഖരിക്കുന്ന മൊഴി ഏതെങ്കിലും ഘട്ടത്തില്‍ സാക്ഷിക്ക് എതിരായാല്‍ അത് സ്വയം കുഴിക്കുന്ന കുഴിയാകും.

അതിനര്‍ത്ഥം സാക്ഷി ഒപ്പിടാത്ത മൊഴിയെല്ലാം പൊലീസ് സ്വന്തമായി എഴുതി വയ്ക്കുന്നതാണ് എന്നല്ല. എല്ലാ ക്രിമിനല്‍ കേസുകളിലും സ്വീകരിക്കുന്ന നടപടിക്രമം തന്നെയാണ് പൊലീസ് ഈ കേസിലും പാലിച്ചത്. പൊലീസ് തോന്നിയതെല്ലാം എഴുതി വയ്ക്കും, സാക്ഷികള്‍ സത്യം പറയും, സാക്ഷി കൂറുമാറിയെന്ന് വ്യാഖ്യാനിക്കപ്പെടുമെന്നാണ് ശ്രീലേഖയുടെ പക്ഷം. ക്രിമിനല്‍ നടപടിക്രമം വകുപ്പ് 162നെക്കുറിച്ച് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് ധാരണയില്ലെന്ന് കരുതുന്നില്ല.

5. കേസിലെ സാക്ഷികളുടെ കൂറുമാറ്റം സംബന്ധിച്ചും വസ്തുതാ വിരുദ്ധതയാണ് ആര്‍ ശ്രീലേഖ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുന്നത്. സാക്ഷിയെ പ്രതിഭാഗം അഭിഭാഷകന്‍ മൊഴി പഠിപ്പിക്കുന്നത് സംബന്ധിച്ച ആധികാരികമായ ഡിജിറ്റല്‍ തെളിവുകള്‍ ഇതുവരെയും ശ്രീലേഖ കാണാത്തതുകൊണ്ടാകും. പക്ഷേ നാട്ടുകാര്‍ ഇതൊക്കെയും കണ്ടിട്ടുണ്ട്.

6. ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണ് എന്നും തെളിവ് കൃത്രിമമായി സൃഷ്ടിച്ചതാണെന്നും ശ്രീലേഖ അന്വേഷണ ഉദ്യോഗസ്ഥനോട് പറയുന്നു. നിസാരമായ പരിശോധനയിലൂടെ തന്നെ മനസിലാക്കാം ചിത്രം ഫോട്ടോഷോപ് ആണോ അല്ലയോ എന്ന്. അതിനാവശ്യമായ സാങ്കേതിക സൗകര്യം പൊലീസിനുണ്ട്.  പ്രതിഭാഗം അഭിഭാഷകര്‍ പോലും ഉന്നയിക്കാത്ത വാദമാണ് ശ്രീലേഖ പങ്കുവയ്ക്കുന്നത്.

7. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിന്മേലാണ് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥ ശ്രീലേഖ അഭിപ്രായം പറയുന്നത്. സബ് ജുഡൈസ് ആണിത്. കോടതിയില്‍ വിചാരണ നടക്കുന്ന കേസില്‍ അഭിപ്രായം പറയുന്നത് കോടതിയലക്ഷ്യമാണ്. കോടതിയുടെ അന്തസിനെ ഹനിക്കുന്ന നടപടി. ആര്‍ ശ്രീലേഖയ്ക്ക് കോടതിയലക്ഷ്യ നടപടി നേരിടേണ്ടിവരും.

8. എതിരാളി ശക്തനായതുകൊണ്ടാണ് ദീലീപിനെ ജയിലില്‍ അടച്ചതെന്ന് ബോധ്യം പങ്കുവയ്ക്കുന്നുണ്ട് ആര്‍ ശ്രീലേഖ. അതേസമയം ദിലീപിന് എതിരായ തെളിവുകളെ സമ്പൂര്‍ണ്ണമായും അവഗണിക്കുന്നു. ദിലീപിന്റെ അവസ്ഥയില്‍ വേദനിക്കുന്ന മുന്‍ ജയില്‍ ഡിജിപിയില്‍ നിന്ന് ന്യായമായും ഇത്തരമൊരു നിലപാട് പുറത്തുവരുന്നതില്‍ അത്ഭുതമില്ല.

9. കൊച്ചിയില്‍ ഉന്നത പൊലീസ് പദവി വഹിക്കുന്ന കാലത്ത് നിരവധി നടിമാര്‍ പള്‍സര്‍ സുനിയുടെ ആക്രമണം സംബന്ധിച്ച് ശ്രീലേഖയോട് പരാതി പറഞ്ഞിട്ടുണ്ട്. പള്‍സര്‍ സുനി ഒരു സ്ഥിരം കുറ്റവാളിയാണെന്നും ഈ കേസിലും ഇതാണുണ്ടായത് എന്നും സ്ഥാപിക്കാനാണ് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥയുടെ ശ്രമം. അതെന്തുമാകട്ടെ. ഒരു കുറ്റകൃത്യം സംബന്ധിച്ച അറിവ് ലഭിച്ചാല്‍ അതിന്മേല്‍ നിയമ നടപടി സ്വീകരിക്കണം. പ്രത്യേകിച്ചും ഔദ്യോഗിക സ്ഥാനത്തിരിക്കുന്നവര്‍. ഇല്ലെങ്കില്‍ അത് ആ ഉദ്യോഗസ്ഥയുടെ വീഴ്ചയാണ്. കുറ്റകൃത്യത്തെ സംബന്ധിച്ച് അറിവ് ലഭിച്ചിട്ടും മറച്ചുവച്ചതിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 118 അനുസരിച്ച് ശ്രീലേഖയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കേണ്ടിവരും.

10. ആരെങ്കിലും ഒന്ന് മൊബൈല്‍ ഫോണില്‍ കുത്തിയാല്‍ത്തന്നെ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറുമെന്നാണ് ശ്രീലേഖയുടെ പക്ഷം. ആര്‍ക്കെങ്കിലും അങ്ങനെ മൗബൈലില്‍ കുത്തി പരിശോധിക്കാന്‍ പറ്റുന്നതാണോ മെമ്മറി കാര്‍ഡ്. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറാതിരിക്കാനുള്ള സംവിധാനമുണ്ട്. ദൃശ്യങ്ങള്‍ പരിശോധിക്കേണ്ടത് വിദഗ്ധ സഹായത്തിലാണ്. റൈറ്റ് ബ്ലോക്കര്‍ എന്ന സംവിധാനം ഉപയോഗിച്ചാണ് മെമ്മറി കാര്‍ഡ് വിദഗ്ധന്‍ പരിശോധിക്കുന്നത്. ഹാഷ് വാല്യൂ മാറിയിട്ടുണ്ടാകാമെന്ന് ശ്രീലേഖ പറയുന്നത് വൈകാതെ പുറത്തുവരാനിരിക്കുന്ന മെമ്മറി കാര്‍ഡ് പരിശോധനാ ഫലം മുന്‍നിര്‍ത്തിയാണ്. മാറിയിട്ടുണ്ടാകാം എന്നല്ല, മാറിയിട്ടുണ്ട് എന്നാണ് വാക്കുകളിലൂടെ തിരിച്ചറിയുന്നത്.

ദിലീപ് പ്രതിയല്ലെന്നും ദിലീപിനെ തെറ്റായി പ്രതി ചേര്‍ത്തതാണെന്നും പൊലീസ് ദിലീപിനോട് മാപ്പ് പറയണമെന്നും പൊലീസ് മാപ്പ് പറയുന്നത് പൊലീസിന്റെ മാന്യത കൂട്ടുമെന്നുമാണ് മുന്‍ ജയില്‍ ഡിജിപിയുടെ അന്തിമ വിധി. മെമ്മറി കാര്‍ഡ് പരിശോധനാ ഫലം പുറത്തുവരാനിരിക്കെ ആര്‍ ശ്രീലേഖ പറഞ്ഞതെല്ലാം നാളെ ദിലീപിന് തിരിച്ചടിയായാല്‍ അത്ഭുതപ്പെടേണ്ടതില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News