Monkey Pox: എന്താണ് മങ്കിപോക്‌സ്? രോഗലക്ഷങ്ങള്‍ എന്തെല്ലാം?

കൊവിഡ് 19 ന് ശേഷം ലോകം ഏറെ ആശങ്കയോടെ നോക്കിക്കാണുന്ന മറ്റൊരു രോഗമാണ് മങ്കി പോക്സ് (കുരങ്ങു പനി) എന്താണ് മങ്കി പോക്സ്? രോഗ ലക്ഷണങ്ങള്‍ എന്തെല്ലാം? രോഗം പകരാനുള്ള സാധ്യതകള്‍ എങ്ങിനെ? അറിയാം, മങ്കി പോക്സിനെ കുറിച്ച് നാം മനസിലാക്കേണ്ട പൊതുവായ ചില കാര്യങ്ങള്‍.

എന്താണ് മങ്കി പോക്സ് (കുരങ്ങു പനി)?: മങ്കിപോക്‌സ് വൈറസ് ബാധയാണ് കുരുങ്ങ് പനിക്ക് കാരണം. ഓർത്തോപോക്‌സ് വൈറസ് വിഭാഗത്തിൽ ഉൾപ്പെടുന്നതാണ് ഈ വൈറസ്. ആഫ്രിക്കയിലാണ് കൂടുതലായും രോഗം സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. 1958 ലാണ് ഗവേഷകര്‍ കുരങ്ങുകളില്‍ മങ്കി പോക്‌സ് വൈറസ് സ്വാധീനം കണ്ടെത്തിയത്. 1970-ല്‍ മനുഷ്യനില്‍ ആദ്യമായി രോഗം കണ്ടത്തി. കോംഗോയിലെ 9 വയസുകാരനിലായിരുന്നു അന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്.

രോഗ ലക്ഷണങ്ങള്‍ എന്തെല്ലാം? ചികിത്സ എങ്ങനെ?: വസൂരിയുടെ അതേ കുടുംബത്തില്‍ പെട്ടതാണ് ഈ രോഗവും. എന്നാല്‍ നേരിയ ലക്ഷണങ്ങള്‍ മാത്രമേ പ്രകടമാകൂ. മിക്ക രോഗികള്‍ക്കും പനി, ശരീര വേദന, വിറയല്‍, ക്ഷീണം എന്നിങ്ങനെയാകും ലക്ഷണങ്ങള്‍. മറ്റു ഗുരുതര രോഗമുള്ളവര്‍ക്ക് മുഖത്തും കൈകളിലും കുമിള പോലെ പൊങ്ങിവന്നേക്കാം. ഇത് ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കാനിടയുണ്ട്.

ഇന്‍കുബേഷന്‍ കാലയളവ് ഏകദേശം അഞ്ച് ദിവസം മുതല്‍ മൂന്ന് ആഴ്ച വരെയാണ്. മിക്ക ആളുകളും ആശുപത്രിയില്‍ പ്രവേശിപ്പിക്കാതെ തന്നെ രണ്ടോ നാലോ ആഴ്ചകള്‍ക്കുള്ളില്‍ സുഖം പ്രാപിക്കാറുണ്ട്. മങ്കി പോക്സ് 10 ല്‍ ഒരാള്‍ക്ക് മാരകമായേക്കാം, എന്നാല്‍ കുട്ടികളില്‍ ഇത് കൂടുതല്‍ ഗുരുതരമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. വൈറസ് ബാധിതരായ ആളുകള്‍ക്ക് പലപ്പോഴും വസൂരി വാക്സിനുകള്‍ നല്‍കാറുണ്ട്. അവ മങ്കി പോക്സിനെതിരെ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

ആന്റി വൈറല്‍ മരുന്നുകളും വികസിപ്പിക്കുകയാണിപ്പോള്‍. വ്യാഴാഴ്ച, യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ എല്ലാ സംശയാസ്പദമായ കേസുകളും നിരീക്ഷിക്കാനും ഉയര്‍ന്ന അപകടസാധ്യതയുള്ള രോഗികള്‍ക്ക് വസൂരി വാക്സിന്‍ നല്‍കാനും ശുപാര്‍ശ ചെയ്തിട്ടുണ്ട്.

പ്രതിരോധം

കൊവിഡിന് സമാനമാണ് മങ്കി പോക്‌സിന്റെയും പ്രതിരോധ മാർഗങ്ങൾ. അസുഖ ബാധിതനെ സ്പർശിക്കാതിരിക്കുക, സ്പർശിക്കുകയാണെങ്കിൽ തന്നെ പിപിഇ കിറ്റ് ധരിച്ച് മാത്രം പരിചരിക്കുക. ഐസൊലേഷൻ, വ്യക്തി ശുചിത്വം, എന്നിവയാണ് മറ്റ് മാർഗങ്ങൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here