മാതൃകയായി ഗോവിന്ദന്‍ മേസ്തിരി; ഭിന്നശേഷി പുനരധിവാസ കേന്ദ്രത്തിന് അമ്പതു സെന്റ് ഭൂമി മുഖ്യമന്ത്രി ഏറ്റുവാങ്ങി

ഓട്ടിസം ബാധിതനായ പേരക്കുട്ടിയുടെ കൂടി സംരക്ഷണത്തിനായി അസിസ്റ്റീവ് വില്ലേജ് സ്ഥാപിക്കുന്നതിനായി പ്രവാസി അരയേക്കര്‍ ഭൂമി സര്‍ക്കാരിന് സൗജന്യമായി വിട്ടുനല്‍കി. കാട്ടാക്കട കുറ്റമ്പള്ളി സ്വദേശി ഗോവിന്ദന്‍ മേസ്തിരിയില്‍നിന്ന് ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ ഭൂരേഖകള്‍ ഏറ്റുവാങ്ങി. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റെ സാന്നിധ്യത്തിലായിരുന്നു രേഖാ കൈമാറ്റം. കാട്ടാക്കട MLA ഐ.ബി സതീഷിന്റെ മുന്‍കൈയിലാണ് സര്‍ക്കാരിന്റെ അസിസ്റ്റീവ് വില്ലേജ് പദ്ധതിക്ക് ഭൂമി ലഭ്യമാക്കിയത്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുകയെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. കേരളത്തെ ഭിന്നശേഷിസൗഹൃദമാക്കാന്‍ കേരള സാമൂഹ്യസുരക്ഷാ മിഷന്‍ നടപ്പാക്കുന്ന ‘അനുയാത്ര’ പദ്ധതിയുടെ ഭാഗമായി ഇത് നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതി യാഥാര്‍ത്ഥ്യമാവുന്നതോടെ ഭിന്നശേഷിക്കാരുടെ സമഗ്രമായ സാമൂഹ്യ പുനരധിവാസത്തിന് സര്‍ക്കാര്‍ മേഖലയില്‍ സ്ഥാപിക്കുന്ന രാജ്യത്തെതന്നെ മാതൃകാസംരംഭമായി ഇതു മാറുമെന്ന് മന്ത്രി ഡോ.ആര്‍ ബിന്ദു പറഞ്ഞു.

2021 ഫെബ്രുവരി അഞ്ചിന് ‘നവകേരളം’ പദ്ധതിയുടെ ഭാഗമായി ‘നടന്ന ഭിന്നശേഷിക്കാരുമായുള്ള സംവാഡാ പരിപാടിയില്‍ ഭിന്നശേഷിക്കാരുടെ രക്ഷിതാക്കള്‍ അസ്സിറ്റഡ് ലിവിംഗ് ഹോം ആരംഭിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് സാമൂഹ്യനീതി വകുപ്പ് പുനരധിവാസ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്.

ശ്രീ. ഐ.ബി സതീഷ് എംഎല്‍എ, കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീമതി ഷെറിന്‍ IA AS, കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ അനില്‍കുമാര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീമതി മിനി ചന്ദ്ര, സാമൂഹ്യസുരക്ഷാമിഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഭൂമികൈമാറ്റം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News