MT Vasudevan Nair: അക്ഷരങ്ങളെ കാലത്തിനപ്പുറം എത്തിച്ച മലയാളി; മനുഷ്യസ്‌നേഹി: എം ടിയ്ക്ക് ഇന്ന് പിറന്നാള്‍

മലയാളത്തിലെ മാത്രമല്ല, ഇന്ത്യന്‍ സാഹിത്യത്തിലെ തന്നെ കുലപതികളിലൊരാളാൾ, അതാണ് എം.ടി വാസുദേവന്‍ നായര്‍(mt vasudevan nair). ഇന്ന് അദ്ദേഹത്തിന് എൺപത്തിയൊമ്പതാം പിറന്നാളാണ്. പതിറ്റാണ്ടുകള്‍ നീണ്ട അദ്ദേഹത്തിന്റെ സാഹിത്യ ജീവിതത്തെ മാറ്റി നിര്‍ത്തിക്കൊണ്ട് കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തെപ്പറ്റി സംസാരിക്കാന്‍ നമുക്ക് ഒരിക്കലും സാധിക്കില്ല. സാഹിത്യകാരന്‍ എന്ന നിലയ്ക്ക് മാത്രമല്ല, പത്രാധിപരെന്ന നിലയ്ക്കും ചലച്ചിത്രകാരന്‍ എന്ന നിലയിലും അനുപമായ സംഭാവനകള്‍ ആണ് അദ്ദേഹത്തിന്റേതായുള്ളത്.

തന്റെ കൃതികളിലൂടെ സമൂഹത്തിന്റെ യാഥാസ്ഥിതിക മൂല്യങ്ങളേയും സംഹിതകളേയും നിശിതമായ വിമര്‍ശനങ്ങള്‍ക്ക് വിധേയമാക്കിയ എം.ടി, എക്കാലത്തും പുരോഗമന നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച വ്യക്തിയാണ്. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും കൊതിച്ച ഒരു പിടി മനുഷ്യരെ നമ്മുടെ മനസിലേക്ക് തുറന്നു വിട്ട എഴുത്തുകാരനാണ് എം ടി. വരികൾ ശാന്തമെന്ന് തോന്നുമ്പോൾ തന്നെ വരികൾക്കുള്ളിൽ വിപ്ലവങ്ങൾ കൂട്ടിച്ചേർത്ത എഴുത്ത്.

പാലക്കാട്‌ ജില്ലയില്‍പ്പെട്ട കൂടല്ലൂര്‍ എന്ന ഗ്രാമത്തില്‍ 1933 ലാണ്‌ മാടത്ത്‌ തെക്കപ്പാട്ട്‌ വാസുദേവന്‍ നായര്‍ ജനിച്ചത്‌. മാതാവ്‌: അമ്മാളു അമ്മ. പിതാവ്‌: പുന്നയൂര്‍ക്കുളം ടി. നാരായണന്‍ നായര്‍. അച്‌ഛന്‍ സിലോണിലായിരുന്നു. വല്ലപ്പോഴുമാണ്‌ നാട്ടില്‍ വന്നിരുന്നത്‌. അതിനാല്‍ കുട്ടിക്കാലത്ത്‌ അച്‌ഛനുമായുള്ള ബന്ധം വാസുവിന്‌ കുറവായിരുന്നു.

എംടി പറഞ്ഞ കഥകളുടെ വഴിയേ നടക്കാൻ എംടി ടൂറിസം സർക്യൂട്ട് | MT Vasudevan Nair Birth Place | Literature | Manorama Online

ദാരിദ്ര്യത്തിന്റെ കയ്‌പ് അറിഞ്ഞുകൊണ്ടാണ്‌ ബാല്യകാലം പിന്നിട്ടത്‌. കൂടല്ലൂരില്‍ കോപ്പന്‍ മാസ്‌റ്ററുടെ കുടിപ്പള്ളിക്കൂടത്തിലാണ്‌ വിദ്യാഭ്യാസം ആരംഭിച്ചത്‌. പിന്നെ, മലമക്കാവ്‌ എലിമെന്ററി സ്‌ക്കൂളിലും കുമരനെല്ലൂര്‍ ഹൈസ്‌ക്കൂളിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1948 ല്‍ ഒന്നാം ക്ലാസോടെ എസ്‌.എസ്‌.എല്‍.സി. പാസായി.

ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്ന കാലത്തുതന്നെ എഴുതിത്തുടങ്ങി. കവിതയിലാണ്‌ തുടക്കം. മിക്ക സാഹിത്യരൂപങ്ങളും അന്ന്‌ പരീക്ഷിക്കുകയുണ്ടായി. പത്താംതരം വിദ്യാര്‍ഥിയായിരിക്കെ, സി.ജി.നായരുടെ പത്രാധിപത്യത്തില്‍ ഗുരുവായൂരില്‍ നിന്ന്‌ പുറപ്പെട്ടിരുന്ന കേരളക്ഷേമം ദ്വൈവാരിക പ്രസിദ്ധീകരിച്ച പ്രാചീനഭാരതത്തിലെ വൈര വ്യവസായം എന്ന ലേഖനമാണ്‌ പുറംലോകം കാണുന്ന ആദ്യരചന (1948). ഇതേ വര്‍ഷംതന്നെ, മദിരാശിയില്‍ നിന്ന്‌ പരമേശ്വരയ്യരുടെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന ചിത്രകേരളത്തില്‍ വന്ന വിഷുവാഘോഷമാണ്‌ അച്ചടിച്ചുവരുന്ന ആദ്യത്തെ കഥ.

നാട്ടിലെ ഗ്രന്ഥാലയങ്ങളിലും സുഹൃത്തുക്കളുടെ വീടുകളിലും പുസ്‌തകങ്ങള്‍ തേടിയലയുകയായിരുന്നു ആ വിദ്യാര്‍ഥി. പഠിക്കാന്‍ മിടുക്കനായിരുന്നെങ്കിലും വീട്ടിലെ ദാരിദ്ര്യം കാരണം പത്താംതരം കഴിഞ്ഞ്‌ ഒരു കൊല്ലം വെറുതെ ഇരിക്കേണ്ടി വന്നു. ഇക്കാലത്ത്‌ വായനയും എഴുത്തും മാത്രമായിരുന്നു കൂട്ട്‌. കഥകള്‍ ധാരാളമായി എഴുതി. ചിലതൊക്കെ അച്ചടിച്ചുവന്നു.

1949 ല്‍ പാലക്കാട്‌ വിക്‌ടോറിയ കോളജില്‍ ചേര്‍ന്നു. 1953ല്‍ രസതന്ത്രം മുഖ്യവിഷയമായെടുത്ത്‌ ബി.എസ്‌.സി. പാസായി. ബിരുദവിദ്യാര്‍ഥിയായിരിക്കെ ആദ്യത്തെ പുസ്‌തകം പുറത്തുവന്നു. രക്‌തം പുരണ്ട മണ്‍ത്തരികള്‍ എന്ന ആ കഥാസമാഹാരം (1952) എം.ജി. ഉണ്ണി എന്ന സുഹൃത്തിന്റെ ഉത്സാഹത്തില്‍, ഒരു പറ്റം കൂട്ടുകാരാണ്‌ പ്രസാദനം ചെയ്‌തത്‌.

മലയാളികളുടെ പ്രിയ എംടിക്ക് ഇന്ന് 87; പതിവ് സന്ദർശകരില്ലാതെ ജന്മദിനം | MT Vasudevan Nair | Birthday | Manorama news | Writer | Kerala News | News from Kerala | Manorama News

ന്യൂയോര്‍ക്ക്‌ ഹെറാള്‍ഡ്‌ ട്രിബ്യൂണ്‍ 1954 ല്‍ സംഘടിപ്പിച്ച ലോക ചെറുകഥാ മത്സരത്തിന്റെ ഭാഗമായി മാതൃഭൂമി നടത്തിയ കഥാമത്സരത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ എന്ന ചെറുകഥ ഒന്നാം സ്‌ഥാനം നേടുന്നതോടെയാണ്‌ എം.ടി. വാസുദേവന്‍ നായര്‍ മലയാളസാഹിത്യത്തില്‍ ശ്രദ്ധേയനാകുന്നത്‌.

1954ല്‍ പട്ടാമ്പി ബോര്‍ഡ്‌ ഹൈസ്‌കൂളില്‍ അധ്യാപകനായി. പിന്നെ ചാവക്കാട്‌ ബോര്‍ഡ്‌ ഹൈസ്‌കൂളിലും. രണ്ടിടത്തും കണക്കാണ്‌ പഠിപ്പിച്ചിരുന്നത്‌. 1955-56 കാലത്ത്‌ പാലക്കാട്‌ എം.ബി. ട്യൂട്ടോറിയലില്‍ അധ്യാപകനായും ജോലി നോക്കി.

ഇതിനിടയില്‍ തളിപ്പറമ്പില്‍ ഗ്രാമസേവകന്റെ ഉദ്യോഗം കിട്ടിയെങ്കിലും ദിവസങ്ങള്‍ക്കകം രാജിവെച്ച്‌ എം.ബി.യില്‍ തിരിച്ചെത്തി. 1957 ല്‍ മാതൃഭൂമി ആഴ്‌ചപ്പതിപ്പിന്റെ സബ്‌ എഡിറ്ററായി. ആദ്യകാലത്ത്‌ ഒഴിവുസമയം ഉപയോഗിച്ച്‌ കോഴിക്കോട്‌ എം.ബി ട്യൂട്ടോറിയലില്‍ ക്ലാസ്‌ എടുത്തിരുന്നു. 1968 ല്‍ മാതൃഭൂമി ആഴ്‌ചപ്പതിപ്പിന്റെ പത്രാധിപരായി ഉയര്‍ന്നു.

Akkitham my elder brother, akin to a mentor: MT Vasudevan Nair- The New Indian Express

1981ല്‍ ആ സ്‌ഥാനം രാജിവെച്ചു. 7 വര്‍ഷത്തോളം വായനയും എഴുത്തുമായി കഴിഞ്ഞുകൂടി. 1989ല്‍ പീരിയോഡിക്കല്‍സ്‌ എഡിറ്ററായി മാതൃഭൂമിയില്‍ തിരിച്ചെത്തി. മാതൃഭൂമിയില്‍നിന്നു പിരിഞ്ഞശേഷം ഭാഷാപിതാവിന്റെ പേരിലുള്ള തുഞ്ചന്‍പറമ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലും എഴുത്തിലും മുഴുകിക്കഴിയുന്നു.

എം.ടി. എഴുതിയ ആദ്യത്തെ നോവല്‍ പാതിരാവും പകല്‍വെളിച്ചവും പാലക്കാട്ടുനിന്ന്‌ പ്രസിദ്ധീകരിച്ചിരുന്ന മലയാളിയില്‍ 1954,55 കാലത്ത്‌ ഖണ്ഡശഃപ്രസിദ്ധീകരിച്ചു. പില്‍ക്കാലത്താണ്‌ ഇത്‌ പുസ്‌തകമായി വന്നത്‌. പുസ്‌തകരൂപത്തില്‍ പുറത്തുവന്ന ആദ്യത്തെ നോവല്‍ നാലുകെട്ട്‌ (1958) നിരൂപകരുടെയും വായനക്കാരുടെയും സജീവശ്രദ്ധയ്‌ക്കു പാത്രമായി.

ആ നോവലിനു കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം (1959) ലഭിച്ചു. അന്ന്‌ എം.ടിക്ക്‌ 26 വയസേയുള്ളൂ. ഇക്കാലത്തും തുടര്‍ന്നും പുറത്തിറങ്ങിയ നിന്റെ ഓര്‍മയ്‌ക്ക്, ഓളവും തീരവും, ഇരുട്ടിന്റെ ആത്മാവ്‌, കുട്ട്യേടത്തി, ബന്ധനം തുടങ്ങിയ കഥാസമാഹാരങ്ങളും അസുരവിത്ത്‌, മഞ്ഞ്‌, കാലം തുടങ്ങിയ നോവലുകളും മലയാള കഥയില്‍ പുതിയ ഉണര്‍വിനും വഴിതിരിച്ചിലുകള്‍ക്കും കാരണമായി.

കോവിഡുണ്ടാക്കിയ ഡിപ്രഷനില്‍നിന്ന് എനിക്കിതേവരെയും മുക്തനാവാന്‍ കഴിഞ്ഞിട്ടില്ല | എം. ടി. വാസുദേവന്‍ നായര്‍​ | TrueCopy Think - MT Vasudevan Nair

സ്വന്തം കഥയായ മുറപ്പെണ്ണിന്‌ തിരക്കഥ എഴുതിക്കൊണ്ടാണ്‌ 1963-64 കാലത്ത്‌ എം.ടി. സിനിമയില്‍ എത്തുന്നത്‌. 1973ല്‍ നിര്‍മാല്യം എന്ന സിനിമ സംവിധാനം ചെയ്‌തു. അക്കൊല്ലം ഇന്ത്യയിലെ ഏറ്റവും നല്ല ചിത്രത്തിനുള്ള രാഷ്‌ട്രപതിയുടെ ഗോള്‍ഡ്‌മെഡല്‍ ഈ ആദ്യ ചിത്രം നേടി. തുടര്‍ന്നും ചില ചിത്രങ്ങള്‍ സംവിധാനം ചെയ്‌തിട്ടുണ്ട്‌; തകഴി ശിവശങ്കരപ്പിള്ളയെപ്പറ്റി തകഴി എന്ന പേരില്‍ ഒരു ഡോക്യുമെന്ററിയും. ഇതിനകം അമ്പതില്‍പ്പരം സിനിമകള്‍ക്ക്‌ തിരക്കഥയെഴുതി.

ഒട്ടേറെ അന്താരാഷ്‌ട്ര ബഹുമതികള്‍ നേടിയ എം.ടിയുടെ നിര്‍മാല്യം ജക്കാര്‍ത്ത ഏഷ്യന്‍ ഫിലിം ഫെസ്‌റ്റിവലില്‍ ഏറ്റവും നല്ല ഏഷ്യന്‍ ഫിലിം എന്ന നിലയില്‍ ഗരുഡ അവാര്‍ഡ്‌ നേടി (1974). ജപ്പാനിലെ ഓക്കയാമാ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്‌റ്റിവലില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച എം.ടി.യുടെ കടവിന്‌ ഗ്രാന്‍പ്രി അവാര്‍ഡ്‌ ലഭിച്ചു. (1992). ഇതേ ചിത്രം സിങ്കപ്പൂര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്‌റ്റിവലില്‍ സ്‌പെഷല്‍ ജൂറി അവാര്‍ഡ്‌ എന്ന നിലയില്‍ സില്‍വര്‍ സ്‌ക്രീന്‍ അവാര്‍ഡിനും 1991ല്‍ ദേശീയ അവാര്‍ഡിനും അര്‍ഹമായി.

തിരക്കഥാരചനയ്‌ക്ക് നാലു തവണ ദേശീയ ബഹുമതി ലഭിക്കുക എന്ന അപൂര്‍വതയും എം.ടിയുടെതായുണ്ട്‌. കാലത്തിന്‌ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും (1970) രണ്ടാമൂഴത്തിന്‌ വയലാര്‍ അവാര്‍ഡും (1984) മഹോന്നത പുരസ്‌കാരമായ ജ്‌ഞാനപീഠ പുരസ്‌ക്കാരവും (1995) ലഭിച്ചു. 2005ല്‍ പദ്‌മഭൂഷണ്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. റഷ്യ, ഫിന്‍ലാന്‍ഡ്‌, ജര്‍മനി, അമേരിക്ക, ജപ്പാന്‍ ഹോങ്കോങ്‌, കസാക്കിസ്‌ഥാന്‍, ദുബായ്‌, അബൂദബി, ഷാര്‍ജ, മസ്‌ക്കറ്റ്‌, സിലോണ്‍, ചൈന തുടങ്ങിയ നാടുകള്‍ സന്ദര്‍ശിച്ച എം.ടി. യാത്രകളെപ്പറ്റി എഴുതുകയും ചെയ്‌തിട്ടുണ്ട്‌.

Protests against SC verdict on Sabarimala take Kerala back by a century: MT Vasudevan Nair | The News Minute

വിവര്‍ത്തനങ്ങളിലൂടെ കേരളത്തിനു പുറത്തും അറിയപ്പെടുന്ന സാഹിത്യകാരനാണ്‌ എം.ടി. വാസുദേവന്‍ നായര്‍. നാലുകെട്ടിന്‌ ഇംഗ്ലീഷിലും നിരവധി ഇന്ത്യന്‍ ഭാഷകളിലും പരിഭാഷകളുണ്ട്‌. ഇന്ത്യന്‍ ഭാഷകളിലെ പ്രസാദനം: നാഷനല്‍ ബുക്ക്‌ ട്രസ്‌റ്റ്. കാലം തമിഴ്‌, കന്നഡ, തെലുങ്ക്‌ എന്നീ ഭാഷകളില്‍ പ്രസിദ്ധീകരിച്ചത്‌ കേന്ദ്ര സാഹിത്യ അക്കാദമിയാണ്‌.

മഞ്ഞ്‌ ഇംഗ്ലീഷിലും ഹിന്ദിയിലും ബംഗാളിയിലും മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്‌. അസുരവിത്തിന്റെ ഇംഗ്ലീഷ്‌ പരിഭാഷ കേരള സാഹിത്യ അക്കാദമി പുറത്തിറക്കി. പ്രധാനപ്പെട്ട ചെറുകഥകളില്‍ മിക്കതും ഇംഗ്ലീഷിലേക്ക്‌ ഭാഷാന്തരം ചെയ്യപ്പെട്ടിട്ടുണ്ട്‌. ഈ ഇംഗ്ലീഷ്‌ പരിഭാഷാകഥകള്‍ സമാഹരിച്ച്‌ രണ്ട്‌ പുസ്‌തകങ്ങളും പ്രസിദ്ധീകൃതമായി. 38ല്‍പ്പരം പുസ്‌തകങ്ങളിലായി അദ്ദേഹത്തിന്റെ സാഹിത്യം പരന്നുകിടക്കുന്നു. ഇതിനു പുറമെയാണ്‌ ഒറ്റയായും സമാഹാരങ്ങളായും പുറത്തിറങ്ങിയ തിരക്കഥകള്‍.

M T Vasudevan Nair - Padanjali

പ്രധാന കൃതികള്‍: രക്‌തം പുരണ്ട മണ്‍ത്തരികള്‍, നിന്റെ ഓര്‍മയ്‌ക്ക്, ഓളവും തീരവും ഇരുട്ടിന്റെ ആത്മാവ്‌, കുട്ട്യേടത്തി, നഷ്‌ടപ്പെട്ട ദിനങ്ങള്‍, ബന്ധനം, പതനം, കളിവീട്‌, തെരഞ്ഞെടുത്ത കഥകള്‍, ഡാര്‍എസലാം അജ്‌ഞാതന്റെ ഉയരാത്ത സ്‌മാരകം, അഭയം തേടി വീണ്ടും, സ്വര്‍ഗം തുറക്കുന്ന സമയം, വാനപ്രസ്‌ഥം, ഷര്‍ലക്‌, എന്റെ പ്രിയപ്പെട്ട കഥകള്‍ (കഥകള്‍).

മലയാളിയുടെ കാല്‍പനികതയെ നിര്‍വചിച്ച എഴുത്തുകാരന്‍ എക്കാലവും മറ്റാര്‍ക്കും എത്തിപ്പിടിക്കാനാകാത്ത ഉയരങ്ങളിലാണ്. പ്രിയ എംടിയ്ക്ക് പിറന്നാൾ ആശംസകൾ…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here