നടുക്കത്തോടെയാണ് പ്രതാപ് പോത്തന്റെ വിയോഗ വാർത്ത മലയാളികൾ കേട്ടറിഞ്ഞത്. നടനും, സംവിധായകനും, രചയിതാവും, നിർമാതാവുമെല്ലാമായി മലയാള സിനിമയിലെ ബഹുമുഖ പ്രതിഭയായി തിളങ്ങി നിന്നു പ്രതാപ് പോത്തൻ. പ്രതാപ് പോത്തൻ ഏറെ പ്രശ്നങ്ങളെ തരണം ചെയ്ത വ്യക്തിയായിരുന്നുവെന്ന് നടനും സുഹൃത്തുമായ രവീന്ദ്രൻ ഓർത്തെടുക്കുന്നു.
ADVERTISEMENT
അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനകാലം മുതലുള്ള പരിചയമാണ് രവീന്ദ്രനും പ്രതാപ്‌പോത്തനും തമ്മിലുള്ളത്.പത്മകുമാർ സംവിധാനം ചെയ്ത ആരവം എന്ന ചിത്രത്തിൽ പ്രതാപ് പോത്തൻ അഭിനയിക്കാൻ എത്തിയപ്പോഴാണ് വളരെ അടുത്ത് പരിചയപ്പെട്ടതെന്നും അത് പിന്നീട് വലിയൊരു സുഹൃത്ത് ബന്ധമായി മാറുകയായിരുന്നുവെന്നും അദ്ദേഹം രവീന്ദ്രൻ കൈരളിന്യൂസിനോട് പറഞ്ഞു.
ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കാന്‍ ഇഷ്ടപ്പെട്ടയാളായിരുന്നു പ്രതാപ് പോത്തൻ.ചെന്നൈയിൽ എപ്പോൾ എത്തിയാലും പോത്തനുമായി കുറേ നേരം സംസാരിക്കുമായിരുന്നു ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതും പതിവായിരുന്നു. ഒരുപാട് കാര്യങ്ങളിൽ അറിവുള്ളയാളായിരുന്നു പോത്തൻ ഏറെ നേരം നീണ്ട വായന പോത്തന്റെ ഹൈലൈറ്റ് ആയിരുന്നുവെന്നും രവീന്ദ്രൻ ഓർത്തെടുക്കുന്നു.ഒരുപാട് വിഷയങ്ങളെക്കുറിച്ച് സംസാരിക്കാനും കഥയെ കുറിച്ച് സംസാരിക്കാനും പലപ്പോഴും പോത്തന് സാധിക്കാറുണ്ടായിരുന്നുവെന്ന് രവീന്ദ്രൻ പറയുന്നു.
1952ൽ തിരുവനന്തപുരത്താണ് പ്രതാപ് പോത്തന്റെ ജനനം. ഹരിപോത്തൻ മൂത്ത സഹോദരൻ ആണ്. ഊട്ടിയിലെ ലോറൻസ് സ്‌കൂളിലായിരുന്നു പഠനം. പിന്നീട് മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ബി.എ. സാമ്പത്തിക ശാസ്ത്ര ബിരുദം നേടി.
മദ്രാസ് പ്ലയേഴ്‌സിലെ അഭിനേതാവായിരുന്ന പ്രതാപിന്റെ അഭിനയമികവ് കണ്ട ഭരതൻ തന്റെ ആരവം എന്ന ചിത്രത്തിൽ അഭിനയിക്കാൻ അദ്ദേഹത്തെ ക്ഷണിക്കുകയായിരുന്നു. പിന്നീട് തകര, ചാമരം, ലോറി എന്നീ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. നെഞ്ചെത്തെ കിള്ളാതെ, പന്നീർ പുഷ്പങ്ങൾ, വരുമയിൻ നിറം ശിവപ്പു എന്നീ ചിത്രങ്ങളിലെ അഭിനയം തമിഴിലും പ്രതാപിനെ പ്രശസ്തനാക്കി. കെ. ബാലചന്ദർ സംവിധാനം ചെയ്ത വരുമയിൻ നിറം ശിവപ്പു എന്ന ചിത്രത്തിലെ പ്രതാപിന്റെ അഭിനയമാണ് ഇവയിൽ അവിസ്മരണീയമായത്.
1985ൽ നടി രാധികയെ പ്രതാപ് പോത്തൻ വിവാഹം കഴിച്ചു. എന്നിരുന്നാലും, അവരുടെ വിവാഹജീവിതം അധികനാൾ നീണ്ടുനിന്നില്ല, 1986-ൽ അവർ വേർപിരിഞ്ഞു. തുടർന്ന് സീനിയർ കോർപ്പറേറ്റ് പ്രൊഫഷണലായിരുന്ന അമല സത്യനാഥിനെ 1990-ൽ അദ്ദേഹം വീണ്ടും വിവാഹം കഴിച്ചു. ദമ്പതികൾക്ക് 1991-ൽ ജനിച്ച കേയ എന്ന ഒരു മകളുണ്ട്. 22 വർഷത്തിന് ശേഷം ഈ വിവാഹവും 2012-ൽ അവസാനിച്ചു.
ഒരിടവേളയ്ക്ക് ശേഷം 2005 ലാണ് പ്രതാപ് പോത്തൻ മലയാള സിനിമയിൽ സജീവമാകുന്നത്. തന്മാത്രയിലൂടെയായിരുന്നു ആ തിരിച്ചുവരവ്. പിന്നീട് 22 ഫീമെയിൽ കോട്ടയം, അയാളും ഞാനും തമ്മിൽ, ആറ് സുന്ദരിമാരുടെ കഥ, ഇടുക്കി ഗോൾഡ് , ബാംഗ്ലൂർ ഡെയ്‌സ് എന്നീ ചിത്രങ്ങളിലൂടെ നമുക്ക് മറക്കാനാകാത്ത ഒരുപിടി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ചു. മോഹൻലാലിന്റെ ബറോസാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.