മിണ്ടാന്‍ പാടില്ല; ഇതൊരു ഒന്നൊന്നര വിലക്ക്

പ്രതികരിക്കരുത്. മിണ്ടരുത്. അഴിമതി, സ്വേച്ഛാധിപതി, കുറ്റവാളി, ഗുണ്ടായിസം. ഇതൊന്നും ഇനി മിണ്ടാന്‍ പാടില്ല. ഇതെന്താ വെള്ളരിക്കാ പട്ടണമാണോ എന്നാവും ചിന്തിയ്ക്കുന്നത്? വെള്ളരിക്കാ പട്ടണമല്ലെങ്കിലും അങ്ങ് പാര്‍ലമെന്റില്‍(parliament) നിന്നാണ് ഈ പുതിയ ഉത്തരവ്. മോദി സര്‍ക്കാര്‍ പതിയെപ്പതിയെ തങ്ങളുടെ സ്വേച്ഛാധിപത്യ നയങ്ങളെല്ലാം ജനങ്ങളിലേക്ക് നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. അതും വളരെ വിചിത്രമായ തരത്തില്‍. ഇതിന്റെ ഏറ്റവും പുതിയതും അത്ഭുതപ്പെടുത്തുന്നതുമായ ഉദാഹരണമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

അഴിമതിയെന്ന വാക്ക് പാര്‍ലമെന്റില്‍ വിലക്കിയിരിക്കുകയാണ്. അഴിമതി മാത്രമല്ല, സ്വേച്ഛാധിപതി, നാട്യക്കാരന്‍, മന്ദബുദ്ധി, കൊവിഡ് വ്യാപി, കുറ്റവാളി, മുതലക്കണ്ണീര്‍, ഗുണ്ടായിസം, കരിദിനം, ചതി, അഹങ്കാരം, ഉള്‍പ്പെടെ 65 വാക്കുകള്‍ക്കാണ് വിലക്ക്. ലോക്സഭ സെക്രട്ടറിയേറ്റാണ് ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം പുറത്തിറക്കിയത്. തിങ്കളാഴ്ച ആരംഭിക്കുന്ന വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായാണ് പട്ടിക പുറത്തിറക്കിയത്. പാര്‍ലമെന്റിലെ ചര്‍ച്ചക്കിടെ ഈ വാക്കുകള്‍ ഉപയോഗിച്ചാല്‍ രേഖകളില്‍ നിന്ന് നീക്കംചെയ്യും. വാക്കുകളും പ്രയോഗങ്ങളും നീക്കം ചെയ്യുന്നതില്‍ രാജ്യസഭ ചെയര്‍മാനും ലോക്‌സഭ സ്പീക്കറുമാണ് തീരുമാനമെടുക്കേണ്ടത്. ലോക്‌സഭ സെക്രട്ടേറിയറ്റ് ഇരുസഭകള്‍ക്കും വാക്കുകളുടെ പട്ടിക കൈമാറിയിട്ടുണ്ട്.

ഒരു ജനാധിപത്യ രാജ്യത്ത് ജനങ്ങളുടെ വിമര്‍ശനങ്ങള്‍ക്കും ആശങ്കകള്‍ക്കും മറുപടി പറയാന്‍ പോലും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരാതെ ഒളിച്ചോടുന്ന ഒരു സര്‍ക്കാരില്‍ നിന്ന്, കേവലം റേഡിയോയിലൂടെ മാത്രം പറയാനുള്ള കാര്യങ്ങളും പ്രഖ്യാപനങ്ങളും നടത്തി ജനങ്ങളെ നോക്കുകുത്തിയാക്കുന്ന ഒരു സര്‍ക്കാരില്‍ നിന്ന്, ഇതല്ല, ഇതിനപ്പുറവും പ്രതീക്ഷിക്കേണ്ടിയിരിക്കുന്നു. മോദി സര്‍ക്കാരിന്റെ യാഥാര്‍ത്ഥ മുഖം തുറന്നുകാട്ടുന്ന വാക്കുകള്‍ വിലക്കിയെന്നാണ് പ്രതിപക്ഷം ആരോപിച്ചത്.

ദില്ലിയില്‍ നിര്‍മിക്കുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുകളില്‍ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്ത അശോക സ്തംഭത്തിന്റെ പുതിയ രൂപവും ഭാവവും ഒട്ടേറെ വിമര്‍ശനങ്ങള്‍ നേരിടുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ ഇത്തരമൊരു വിവാദനീക്കം. കൂാതെ, പാര്‍ലമെന്റിന് പുറത്തുള്ള പ്രതിഷേധങ്ങളും കേന്ദ്രം പാര്‍ലമെന്റില്‍ വിലക്കിയിരിക്കുകയാണ്. ഇന്ത്യയെപ്പോലെ ബഹുസ്വരതയില്‍ അടിയുറച്ച ഒരു രാജ്യത്ത് ഭൂരിപക്ഷ വര്‍ഗീയതയാല്‍ നയിക്കപ്പെടുന്ന ഭരണം എത്രമാത്രം ആപല്‍ക്കരമാണെന്ന് തെളിയിച്ച എട്ടുവര്‍ഷമാണ് കടന്നുപോയത്.

ആരെ സംരക്ഷിയ്ക്കാനാണ് ഇതുപോലുള്ള വക്രനിയമങ്ങള്‍ കേന്ദ്രം കൊണ്ടുവരുന്നതെന്ന് വ്യക്തമാണ്. ജനാധിപത്യം നാള്‍ക്കുനാള്‍ വെട്ടിച്ചുരുക്കി വര്‍ഗീയത പടര്‍ത്തുന്ന ഫാസിസത്തിനെതിരെ പ്രതികരിച്ചേ പറ്റൂ. ഇന്ത്യപോലുള്ള വികസ്വര രാജ്യങ്ങളില്‍ അധാര്‍മികവും അസമത്വം നിറഞ്ഞതും വളഞ്ഞ വഴിയിലുള്ളതുമായ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന, വാക്കുകള്‍ വിലക്കിയ നടപടിയ്ക്കെതിരെ വിമര്‍ശനം ശക്തമാകുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ വായ മൂടിക്കെട്ടുന്ന മോദി സര്‍ക്കാരിന്റെ സ്വേച്ഛാധിപത്യ നയങ്ങള്‍ എവിടെയെത്തുമെന്ന് കാണാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News