Kamal;അഭിനയത്തിന്റെ രണ്ട് എക്‌സ്ട്രീമുകളും ഒരുപോലെ അഭിനയിച്ച് ഫലിപ്പിച്ച് അത്ഭുതപ്പെടുത്തി: പ്രതാപ് പോത്തനെക്കുറിച്ച് കമല്‍

പ്രതാപ് പോത്തന്‍ മലയാള സിനിമയിലെ വേറിട്ട പ്രതിഭ തന്നെയായിരുന്നുവെന്ന് സംവിധായകൻ കമൽ. വ്യത്യസ്തമായ അവതരണശൈലിയാണ് പ്രതാപ്‌പോത്തന്റെ അഭിനയത്തിൽ നിന്നും കാണാൻ കഴിഞ്ഞത് . ആരവത്തിന്റെ ചിത്രീകരണത്തിന്ശേഷം മദ്രാസിൽ സംവിധായകൻ ഭരതന്റെ വീട്ടിൽവെച്ചാണ് പ്രതാപ് പോത്തനെ ആദ്യമായി കാണുന്നത്. ആദ്യ സിനിമയിൽ തന്നെ അടയാളപ്പെടുത്തപ്പെട്ടിട്ടുള്ള നടനാണ് പ്രതാപ് പോത്തനെന്നും കമൽ ഓർക്കുന്നു.

ഏറ്റവും കൂടുതൽ ജനശ്രദ്ധ ആകർഷിച്ച ക്യാമ്പസ് റൊമാന്റിക്ക് ചിത്രമായ ചാമരത്തിലെ റൊമാന്റിക്ക് ഹീറോ ആയിരുന്നു പ്രതാപ് പോത്തൻ.മോഡേൺ വേഷമായാലും ഗ്രാമീണ വേഷമായാലും ഇവ രണ്ടും ഒരേസമയം ചെയ്യാൻ കഴിയുന്ന നടനായിരുന്നു അദ്ദേഹം.

‘ആരവം’ എന്ന ചിത്രത്തിലൂടെ 1978-ൽ അഭിനയ രംഗത്തേക്ക് കടന്നു വന്ന പ്രതപ് പോത്തൻ 1985-ലാണ് ‘മീണ്ടും ഒരു കാതൽ കതൈ’ എന്ന തമിഴ് ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് കടക്കുന്നത്. അദ്ദേഹം സംവിധാനം ചെയ്ത ഭൂരിഭാഗം സിനിമകൾക്കും തിരക്കഥയൊരുക്കിയതും പ്രതാപ് പോത്തൻ തന്നെയായിരുന്നു. ഏതാണ്ട് 12 സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. അതിൽ ‘ഋതുഭേദം’, ‘ഡെയ്സി’, ‘ഒരു യാത്രാമൊഴി’ എന്നീ ചിത്രങ്ങളാണ് മലയാളത്തിൽ നിന്നുള്ളത്. ‘ചൈതന്യ’ എന്ന തെലുങ്ക് ചിത്രവും പ്രതാപ് പോത്തന്റെതാണ്.

മാനസിക വെല്ലുവിളി നേരിടുന്ന ‘തകര’യിലെ കഥാപത്രത്തിണ് ശേഷം, മാനസിക വെല്ലുവിളി നേരിടുന്നവരുടെ പ്രണയമായിരുന്നു ആദ്യ സംവിധാന സംരംഭമായ പ്രതാപ് ‘മീണ്ടും ഒരു കാതൽ കഥൈ’യിലൂടെ തുറന്നു പറഞ്ഞു. ഒപ്പം തല്ലുകൊള്ളുന്ന വില്ലൻ വേഷങ്ങളും, ഡിസ്കോ പാന്റ്സ് ധരിച്ച് നർത്തകനായും, ഹൃദയം നിറയ്ക്കുന്ന നായകനായും പ്രതാപ് പോത്തൻ വെള്ളിത്തിരയിൽ നിറഞ്ഞു നിന്നു.

1979-ൽ ഭരതന്റെ സംവിധാനത്തിലൊരുങ്ങിയ ‘തകര’, 1980-ലെ ‘ചാമരം’ എന്നീ സിനിമകളിലെ അഭിനയമാണ് പ്രതാപ് പോത്തൻ എന്ന നടനെ മലയാള സിനിമയ്ക്ക് കാണിച്ചു തന്നത്. തകരയും ചാമരവും രണ്ട് വ്യത്യസ്ത സാഹചര്യങ്ങളാണ് പറഞ്ഞിരുന്നത്. ആദ്യ ചിത്രങ്ങളിലെ അങ്ങേയറ്റം വ്യത്യസ്ത കഥാപാത്രങ്ങളെ തന്മയത്വത്തോടുകൂടി ഒരു വിദഗ്ധ നടനെ പോലെ പ്രതാപ് പോത്തൻ കൈകാര്യം ചെയ്തു.

1978 മുതൽ 1997 വരെ സിനിമകളിൽ സജീവമായിരുന്ന താരം ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയരംഗത്തേക്ക് തിരികെ വരുന്നത് 2005ൽ പുറത്തിറങ്ങിയ ‘പ്രിയസഖി’ എന്ന തമിഴ് ചിത്രത്തിലൂടെയാണ്. അതേസമയം മലയാളത്തിൽ 1987ലെ ‘നിറഭേദങ്ങൾ’ എന്ന ചിത്രത്തിൽ ജയദേവൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശേഷം 2005ൽ പ്രിയദർശൻ സംവിധാനം ചെയ്ത ‘തന്മാത്ര’ എന്ന സിനിമയിലൂടെയായിരുന്നു ഗസ്റ്റ് റോളിൽ മലയാളത്തിലേക്കുള്ള തിരിച്ചുവരവ്.

’22 ഫീമെയിൽ കോട്ടയം’ എന്ന ചിത്രത്തിലൂടെ 2012-ലാണ് ഒരു ശ്രദ്ധേയ കഥാപാത്രത്തെ താരം അവതരിപ്പിക്കുന്നത്. നെഗറ്റീവ് റോളിൽ പ്രേക്ഷകരെ അസ്വസ്ഥതപ്പെടുത്തുന്ന കഥാപാത്രവുമായി എത്തിയ പ്രതാപ് പോത്തൻ പിന്നീട് എത്തിയത് ‘അയാളും ഞാനും തമ്മിൽ’ എന്ന ചിത്രത്തിലെ ഡോക്ടർ സാമുവൽ എന്ന നന്മ നിറഞ്ഞ കഥാപത്രത്തിലൂടെയാണ്. സീരിയസ് ആയ റോളുകളിൽ നിന്ന് തമാശ നിറഞ്ഞ റോളുകളുലും പ്രതാപ് പോത്തന് അനായാസം വഴങ്ങുന്നതായിരുന്നു. ‘3 ഡോട്ട്സ്’, ‘ഇടുക്കി ഗോൾഡ്’ ഒക്കെ അതിനു ഉദാഹരങ്ങളാണ്. മോഹൻലാൽ സംവിധാനം ചെയ്യുന്ന ‘ബാറോസ്’ എന്ന ചിത്രത്തിലാണ് പ്രതാപ് ഒടുവിലായി അഭിനയിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here