Mumbai: കാരുണ്യം തേടുന്ന വാര്‍ദ്ധക്യം; മഹാരാഷ്ട്രയില്‍ മലയാളി കുടുംബം ദയനീയാവസ്ഥയില്‍

മഹാരാഷ്ട്രയിലെ വാങ്കണി എന്ന ഉള്‍ഗ്രാമത്തില്‍ ചോര്‍ന്നൊലിക്കുന്ന ഒറ്റമുറിയിലാണ് ജീവിത സായാഹ്നത്തിലെത്തിയ നാലു പേരടങ്ങുന്ന കുടുംബം ദയനീയാവസ്ഥയില്‍ ഒറ്റപ്പെട്ട് ജീവിക്കുന്നത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ പ്രളയത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടതോടെയാണ് കല്യാണിലെ വാല്‍ധുനിയില്‍ നിന്നും 26 കിലോമീറ്റര്‍ അകലെക്ക് ഉടുതുണി മാത്രമായി ഇവരെല്ലാം അഭയം തേടിയത്.

ആശുപത്രിയില്‍ സഹായിയായി ജോലി ചെയ്തു ലഭിച്ചിരുന്ന തുച്ഛമായ ശമ്പളത്തിലായിരുന്നു സുശീല കുടുംബം പോറ്റിയിരുന്നത് . എന്നാല്‍ ഇപ്പോള്‍ വയസ്സ് 65 ആയി. ഇവര്‍ക്ക് മക്കളില്ല. ഇന്ന് സുശീലയെ ആശ്രയിച്ചാണ് പ്രായമായ ഭര്‍ത്താവും മാതാപിതാക്കളും വിധിയെ പഴിച്ച് കഴിയുന്നത്

സുശീലയുടെ ഭര്‍ത്താവ് നാരായണന്‍ നായര്‍ക്ക് 77 വയസ്സാണ്. കണ്ണിനു കാഴ്ച കുറഞ്ഞതോടെ ഡ്രൈവര്‍ ജോലി ഉപേക്ഷിച്ച് വര്‍ഷങ്ങളായി വീട്ടില്‍ തന്നെയാണ്. 94 വയസ്സായ പത്മനാഭ പിള്ളയും 88 വയസ്സായ സരോജിനി അമ്മയും അടങ്ങുന്ന നാലംഗ കുടുംബത്തിന്റെ എരിയുന്ന വയറുകള്‍ക്ക് വിശപ്പകറ്റാനുള്ള നെട്ടോട്ടത്തിലാണ് ഇപ്പോഴും ഈ മലയാളി വീട്ടമ്മ.

കോവിഡ് പൊട്ടിപുറപ്പെട്ടതോടെയാണ് ഇവരുടെയെല്ലാം ജീവിതം കൂടുതല്‍ ദുരിതത്തിലായത്. വല്ലപ്പോഴും അരിയും പരിപ്പും നല്‍കി സഹായിച്ചിരുന്ന മറാത്തികളായ പ്രദേശവാസികളും ഇതോടെ നിസ്സഹായാവസ്ഥയിലായി.

സഹോദരന്മാര്‍ ഉണ്ടെങ്കിലും ഇവരാരും തിരിഞ്ഞു നോക്കാറില്ലെന്നാണ് സുശീല പറയുന്നത്. കഴിഞ്ഞ 30 വര്‍ഷമായി സുശീലയാണ് വൃദ്ധരായ മാതാപിതാക്കളെ പരിപാലിക്കുന്നത് . എന്നാല്‍ വരുമാനം നിലച്ചതും പ്രായാധിക്യവും സുശീലയെയും തളര്‍ത്തി. പല ദിവസവും പട്ടിണിയിലായി. ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ ജീവന്‍ നിലനിര്‍ത്താനായി കാരുണ്യം തേടുകയാണ് ഈ നിര്‍ധന കുടുംബം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here