Monkeypox: മങ്കിപോക്‌സ്; സംസ്ഥാനത്ത് അതീവ ജാഗ്രത

മങ്കിപോക്‌സ്(Monkeypox) സ്ഥിരീകരിച്ചിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് അതീവ ജാഗ്രത തുടരുകയാണ്. വാനര വസൂരി സ്ഥിരീകരിച്ച പ്രവാസിയായ കൊല്ലം(Kollam) സ്വദേശിയുമായി സമ്പര്‍ക്കമുണ്ടായ രണ്ടു ഓട്ടോ ഡ്രൈവര്‍മാരെയും കണ്ടെത്തി നിരീക്ഷണത്തിലാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് പോയ ടാക്‌സി കാറിന്റെ ഡ്രൈവറെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

യുവാവ് കഴിഞ്ഞ 12നു വൈകിട്ട് വീട്ടില്‍നിന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്കു പോയ ഓട്ടോറിക്ഷയുടെ ഡ്രൈവര്‍, ആശുപത്രിയില്‍നിന്ന് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലേക്ക് പോയ ഓട്ടോറിക്ഷയുടെ ഡ്രൈവര്‍ എന്നിവരെയാണ് വെള്ളിയാഴ്ച നിരീക്ഷണത്തിലാക്കിയത്. നേരത്തെ ആരോഗ്യവകുപ്പ് അധികൃതര്‍ നാട്ടുകാരുടെ സഹായത്തോടെ സ്റ്റാന്‍ഡുകളില്‍ അന്വേഷണം നടത്തിയിരുന്നെങ്കിലും ഓട്ടോ കണ്ടെത്തിയിരുന്നില്ല. തുടര്‍ന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ തിരിച്ചറിഞ്ഞത്. യുവാവ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്നാണ് ടാക്‌സി കാര്‍ വിളിച്ച് പോയത്. ഇയാളെ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ്.

വെള്ളിയാഴ്ച ആരോഗ്യവകുപ്പ് അധികൃതര്‍ യുവാവിന്റെ വീടും സമീപ പ്രദേശങ്ങളും അണുമുക്തമാക്കി. യുവാവിന്റെ ഭാര്യ, രണ്ടുമക്കള്‍, അച്ഛന്‍, ഭാര്യാമാതാവ് എന്നിവര്‍ വീട്ടില്‍ നിരീക്ഷണത്തിലാണ്. അമ്മയും സഹോദരീഭര്‍ത്താവും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ട്. കൊല്ലം കലക്ടര്‍ അഫ്‌സാന പര്‍വീണ്‍, മേയര്‍ പ്രസന്ന ഏണസ്റ്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയല്‍, സിറ്റി പൊലീസ് കമീഷണര്‍ മെറിന്‍ ജോസഫ്, ജില്ലാ ആരോഗ്യവിഭാഗം തുടങ്ങിയവരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തി.

വാനരവസൂരി സ്ഥിരീകരിച്ച യുവാവിന് വിദേശത്തുവച്ച് കഴിഞ്ഞ അഞ്ചുമുതല്‍തന്നെ ലക്ഷണങ്ങളുണ്ടായിരുന്നതായി സ്ഥിരീകരണം. തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങി 12ന് പ്രീപെയ്ഡ് ടാക്‌സിയിലാണ് കൊല്ലത്തെ വീട്ടിലേക്കു വന്നത്. ഇതിനിടെ വിദേശത്ത് ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് രോഗം സ്ഥിരീകരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News