‘ഹായ് പ്രതാപ്, നിനക്ക് വേണ്ടി ഒരു അനുശോചന കുറിപ്പെഴുതേണ്ടി വരുമെന്ന് ഞാന്‍ കരുതിയിരുന്നില്ല; സുഹാസിനി

ഏറെ ഞെട്ടലോടെയാണ് പ്രതാപ് പോത്തന്റെ വിയോഗത്തെ സിനിമാ ലോകം നോക്കി കണ്ടത്. ഇപ്പോളിതാ അന്തരിച്ച നടന്‍ പ്രതാപ് പോത്തനെ അനുസ്മരിച്ച് നടി സുഹാസിനി മണിരത്നം. സുഹാസിനിയുടെ ആദ്യ ചിത്രത്തിലെ നായകനായിരുന്നു പ്രതാപ് പോത്തന്‍

‘ഹായ് പ്രതാപ്, നിനക്ക് വേണ്ടി ഒരു അനുശോചന കുറിപ്പെഴുതേണ്ടി വരുമെന്ന് ഞാന്‍ കരുതിയിരുന്നില്ല.

1979 ലാണ് ഞാന്‍ നിങ്ങളെ കാണുന്നത്. അന്ന് നിങ്ങള്‍ ഒരു യുവ നടനും ഞാന്‍ അശോക് കുമാറിന്റെ ക്യാമറ അസിസ്റ്റന്റുമായിരുന്നു. പല കടമ്പകളും മറികടന്ന്, പല സാഹചര്യങ്ങളും മാറി മറിഞ്ഞതോടെ ഞാന്‍ മഹേന്ദ്രന്റെ ചിത്രത്തില്‍ വേഷമിട്ടു, നിങ്ങള്‍ എന്റെ ഭര്‍ത്താവായും അഭിനയിച്ചു. ആ സിനിമയില്‍ നിങ്ങളോട് സംസാരിക്കാന്‍ ഞാന്‍ വിസമ്മതിച്ചു, പക്ഷേ യഥാര്‍ത്ഥജീവിതത്തില്‍ നമ്മള്‍ സംസാരിച്ചുകൊണ്ടേയിരിക്കുകയായിരുന്നു.

സിനിമാ മേഖലയിലെ എന്റെ ആദ്യ സുഹൃത്താണ് നിങ്ങള്‍. നിങ്ങളുടെ ബുദ്ധികൂര്‍മത, നര്‍മം, ഉല്ലാസം എന്നിവ ഞങ്ങളിലും പ്രതിഫലിച്ചു. നിങ്ങളുടെ അറിവും നര്‍മവും കൊണ്ട് സിനിമാ സെറ്റുകളെല്ലാം നിങ്ങള്‍ ഉത്സാഹഭരിതമാക്കി. എത്ര പെട്ടെന്നാണ് നിങ്ങള്‍ സുഹൃത്തുക്കളെ സൃഷ്ടിച്ചത്. എന്റെ അമ്മാവന്‍ കമല്‍ മുതല്‍ പ്രഭുവും, സത്യരാജും, മണിരത്നവും, ബാലചന്ദറും, ഭാരതിരാജയുമെല്ലാം…എത്ര പെട്ടെന്നാണ് നിങ്ങള്‍ ഹൃദയങ്ങള്‍ കീഴടക്കുന്നത്.

നിങ്ങളായിരുന്നു ദക്ഷിണേന്ത്യന്‍ സിനിമകളിലെ സൂപ്പര്‍ സ്റ്റാര്‍ തരംഗം. എല്ലാ സംവിധായകര്‍ക്കും നിങ്ങളെ സിനിമയിലേക്ക് ആവശ്യമായിരുന്നു. എല്ലാ നടിമാര്‍ക്കും നിങ്ങള്‍ക്കൊപ്പം അഭിനയിക്കണമായിരുന്നു. നിങ്ങള്‍ ഒരു ടെക്നീഷ്യന്റെ സ്വപ്ന നടനായിരുന്നു. സ്റ്റില്‍സ് രവി മുതല്‍ ബി.ആര്‍ വിജയലക്ഷ്മി വരെ നിങ്ങളെ ആരാധിച്ചിരുന്നു.

നിങ്ങളുടെ ലോറന്‍സ് സ്‌കൂള്‍ ശിക്ഷണവും, എംസിസി പശ്ചാത്തലവും, വലിയ സുഹൃത്ത് വലയവും…ഞങ്ങളെല്ലാം നിങ്ങളോട് എത്ര അസൂയയുള്ളവരായിരുന്നു. നിങ്ങള്‍ പ്രൗഢവും കുലീനനുമായിരുന്നു.

എന്റെ ജീവിതത്തില്‍ ആദ്യമായി ബ്ലാക്ക് വെല്‍വെറ്റ് ജാക്ക് കാണുന്നത് നിങ്ങളുടെ ചുമലിലാണ്. എന്നും ഒരു സുഹൃത്തിനെ പോലെ എനിക്കൊപ്പം നിങ്ങള്‍ നിലകൊണ്ടു. വര്‍ഷങ്ങള്‍ക്കിപ്പുറവും അതില്‍ മാറ്റമൊന്നും ഉണ്ടായില്ല. ഞാന്‍ പ്രത്യാശിക്കുന്നു, എന്റെ മറ്റ് സുഹൃത്തുക്കള്‍ക്കും നിങ്ങളെ പോലെ ഒരു കോ-സ്റ്റാറിനെ അവരുടെ ആദ്യ ചിത്രത്തില്‍ ലഭിച്ചിരുന്നെങ്കിലെന്ന്. ഞാന്‍ ഭാഗ്യവതിയായിരുന്നു.

നിങ്ങള്‍ അഭിനയത്തില്‍ നിന്ന് എഴുത്തിലേക്കും സംവിധാനത്തിലേക്കും വളര്‍ന്ന് ആദ്യ ചിത്രത്തിന് തന്നെ ദേശീയ പുരസ്‌കാരവും നേടി. നിങ്ങളൊരു അണ്ടര്‍ റേറ്റഡ് ജീനിയസാണെന്ന് ഞാന്‍ പറയില്ല, പക്ഷേ നിങ്ങളുടെ കഴിവുകളെ നിങ്ങള്‍ വേണ്ട വിധത്തില്‍ പുറത്തെടുത്തില്ല.

ഞങ്ങള്‍ക്കെല്ലാവര്‍ക്കുമായി കുറേ ഇരട്ടപ്പേരുകള്‍ നിങ്ങളുടെ കൈയിലുണ്ടായിരുന്നു. എന്റേത് നിങ്ങളൊരിക്കല്‍ മറക്കില്ല. അത് ജോളിക്കുട്ടി മാത്യൂസ് എന്നായിരുന്നു.

മുന്‍പൊരിക്കലും ഇല്ലാത്ത രീതിയില്‍ സന്തോഷം പരത്തിയതിന് നന്ദി. എന്റെ പ്രിയ സുഹൃത്തിന് വിട…നിങ്ങള്‍ എവിടെ ആയിരുന്നാലും ഞങ്ങള്‍ നിങ്ങളെ സ്നേഹിക്കുന്നു. നിങ്ങളിരിക്കുന്ന മുറിയില്‍ സന്തോഷവും ചിരിയും നിറയുമെന്ന് ഉറപ്പ്.

എന്ന് സ്വന്തം,

ജോളി കുട്ടി മാത്യൂസ്. ചിലപ്പോള്‍ മേരി കുട്ടി ജോയ്സ്’.

ജൂലൈ 16ന് വന്ന ‘ദ ഹിന്ദു’വിലായിരുന്നു സുഹാസിനിയുടെ കുറിപ്പ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News