Rain; കാലവർഷം കനക്കുന്നു; സംസ്ഥാനത്ത് നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത

സംസ്ഥാനത്ത് അടുത്ത 5 ദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഇതുപ്രകാരം കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, തൃശൂർ, ഇടുക്കി ജില്ലകളിൽ ഇന്നും കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളിൽ നാളെയും മഞ്ഞ അലെർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. മലയോരമേഖലകളിലും കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിലുമുള്ളവർ കൂടുതൽ ജാഗ്രത പാലിക്കണം.

തിങ്കളാഴ്ചയോടെ കേരളത്തിൽ കാലവർഷം ദുർബലമാകാനാണ് സാധ്യതയെന്ന് അറിയിപ്പിൽ പറയുന്നു. മലയോരമേഖലയിൽ പിന്നീടുള്ള ദിവസങ്ങളിൽ ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴ പെയ്യാനുള്ള സാധ്യതയുമുണ്ട്.
താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അതുമൂലമുള്ള അപകടങ്ങളെ കരുതിയിരിക്കണം. മരങ്ങൾ കടപുഴകി വീണും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാൻ പാടുള്ളതല്ല. മരച്ചുവട്ടിൽ വാഹനങ്ങളും പാർക്ക് ചെയ്യരുത്.

വീട്ട് വളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം. അപകടകരമായ അവസ്ഥയിലുള്ള മരങ്ങൾ പൊതു ഇടങ്ങളിൽ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക.

ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, ഇലക്ട്രിക്ക് പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവയും കടപുഴകി വീഴാൻ സാധ്യതയുള്ളതിനാൽ കാറ്റും മഴയും ഇല്ലാത്ത സമയത്ത് അവ ശരിയായ രീതിയിൽ ബലപ്പെടുത്തുകയോ അഴിച്ചു വെക്കുകയോ ചെയ്യുക. മഴയും കാറ്റുമുള്ളപ്പോൾ ഇതിൻറെ ചുവട്ടിലും സമീപത്തും നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ അരുത് .

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 135.25 അടി ഉയരത്തിലാണുള്ളത്. മഴ തുടർന്ന് ജലനിരപ്പ് താങ്ങാവുന്ന ഏറ്റവും ഉയർന്ന 136.60 അടിയിലെത്തുകയാണെങ്കിൽ സ്പിൽവേയിലൂടെ തമിഴ്‌നാടിന്റെ ഭാഗത്തു നിന്നും ജലം പുറത്തേക്ക് ഒഴുക്കിവിടാനുള്ള സാഹചര്യവും നിലനിൽക്കുന്നു. സമീപവാസികൾ ജാഗ്രത പാലിക്കണം.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിലായി 24 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ഈ ക്യാമ്പുകളിലായി 1212 പേരെ പാർപ്പിച്ചിട്ടുണ്ട്.

സംസ്ഥാനത്തൊട്ടാകെ മഴക്കെടുതിയിൽ 73 വീടുകൾ പൂർണമായും 1186 വീടുകൾ ഭാഗികമായും നശിച്ചു. 20 പേരാണ് ഇതുവരെ മരണപ്പെട്ടത്. 9 പേർക്ക് പരിക്കേൽക്കുകയുമുണ്ടായി. ഒരാളെ കാണാതെയായിട്ടുമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News