Pallichal Panchayath; ജോൺ ബ്രിട്ടാസ് എംപി ദത്തെടുത്ത പള്ളിച്ചൽ ഗ്രാമ പഞ്ചായത്തിൽ മുച്ചക്ര വാഹന വിതരണം നടത്തി

പള്ളിച്ചൽ ഗ്രാമ പഞ്ചായത്തിലെ (Pallichal Grama Panchayath) സാഗി പദ്ധതികളുടെയും എംപിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നടപ്പാക്കിയ വിവിധ പ്രവർത്തനങ്ങളുടേയും ഉദ്ഘാടനവും മുച്ചക്ര വാഹന വിതരണവും ജോൺ ബ്രിട്ടാസ് എംപി (Johnbrittas MP) നിർവഹിച്ചു.ഭൗമ വിവര പഞ്ചായത്ത് ഉദ്ഘാടനം അഡ്വ. ഐ ബി സതീഷ് എം എൽ എ നിർവഹിച്ചു.

സൻസദ് ആദർശ് ഗ്രാമ യോജന (സാഗി) സ്കീം പ്രകാരം രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് എംപി ദത്തെടുത്ത പള്ളിച്ചൽ ഗ്രാമ പഞ്ചായത്തിൽ നടപ്പാക്കാൻ തീരുമാനിച്ച 90 പദ്ധതികൾ ഉൾക്കൊള്ളുന്ന വില്ലേജ് ഡെവലപ്മെൻറ് പ്ലാനിന്റെ ഉദ്ഘാടനവും കൂടാതെ എംപിയുടെ പ്രാദേശിക വികസന പദ്ധതി ഫണ്ട് ഉപയോഗിച്ച് പള്ളിച്ചൽ പഞ്ചായത്തിൽ നടപ്പിലാക്കിയ 11 പദ്ധതികളുടെ ഉദ്ഘാടനവും നരുവാമൂട് മഹാലക്ഷ്മി കല്യാണമണ്ഡപത്തിൽ വെച്ച് നടന്ന ചടങ്ങിൽ അഡ്വ ഐ ബി സതീഷ് എംഎൽഎയുടെ സാന്നിദ്ധ്യത്തിൽ ജോൺ ബ്രിട്ടാസ് എംപി നിർവഹിച്ചു.

പള്ളിച്ചൽ പഞ്ചായത്തിനെ ഭൗമ വിവര പഞ്ചായത്താക്കിയതിന്റെ ഉദ്ഘാടനം അഡ്വ ഐ ബി സതീഷ് എംഎൽഎ നിർവഹിച്ചു. എംപിയുടെ പ്രാദേശിക വികസന പദ്ധതി ഫണ്ട് വിനിയോഗിച്ചു വാങ്ങിയ അംഗപരിമിതർക്കുള്ള മുച്ചക്ര വാഹനങ്ങളുടെ വിതരണവും നടത്തി. കൂടാതെ എംപി ഫണ്ട് വിനിയോഗിച്ചു നിർമ്മാണം പൂർത്തിയാക്കിയ വിവിധ റോഡുകളുടെ ഉദ്ഘാടനവും എംപി ഫണ്ടിൽ നിന്നും പുതുതായി തുക അനുവദിച്ച വെടിവെച്ചാൻകോവിലിലെ സ്മാർട്ട് അംഗൻവാടിയുടെ പ്രഖ്യാപനവും എംപി നിർവഹിച്ചു.

‘സാഗി’ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സൻസദ് ആദർശ് ഗ്രാമ യോജന പദ്ധതി പ്രകാരം ഓരോ പാർലമെൻറ് അംഗത്തിനും ഏതാനും ഗ്രാമപഞ്ചായത്തുകളെ തിരഞ്ഞെടുത്ത് രാജ്യത്തിന് തന്നെ മാതൃകയാക്കാവുന്ന രീതിയിൽ വികസിപ്പിക്കുന്നതിനും പദ്ധതി നിർവഹണത്തിൽ നേരിട്ട് മാർഗ നിർദ്ദേശം നൽകുന്നതിനും കഴിയും. സാഗി പദ്ധതി പ്രകാരം ഏറ്റെടുക്കുന്ന പ്രവർത്തനങ്ങൾക്ക് കേന്ദ്ര-സംസ്ഥാന സ്കീമുകളിൽ പ്രത്യേക മുൻഗണന ലഭിക്കും എന്നതിനാലും ജില്ലാ-സംസ്ഥാന-കേന്ദ്ര തലങ്ങളിൽ ഈ പദ്ധതികളുടെ പ്രവർത്തന പുരോഗതി നിരീക്ഷിക്കുവാൻ പ്രത്യേകം കമ്മിറ്റികൾ ഉണ്ടെന്നതിനാലും കാലതാമസം കൂടാതെ തന്നെ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാൻ കഴിയും.

ചടങ്ങിൽ പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റ്റി. മല്ലിക അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ സജീനകുമാർ, നേമം ബ്ലോക്ക് പഞ്ചായത്ത് അംഗം എ റ്റി മനോജ്, പള്ളിച്ചൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.ശശികല, പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി വിജയൻ, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി ബിന്ദു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി ആർ സുനു, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ രാകേഷ്, സരിത എസ്, ശാലിനി എൽ എസ്, തമ്പി കെ, ഇ ബി വിനോദ്കുമാർ, തിരുവനന്തപുരം പ്രോജക്ട് ഡയറക്ടർ വൈ. വിജയകുമാർ, ജില്ലാ വനിതാ ക്ഷേമ ഓഫീസർ സജിനാസത്താർ, ഗ്രാമീണ പഠന കേന്ദ്രം എക്സിക്യൂട്ടീവ് ഡയറക്ടർ എൻ ജഗജീവൻ, ശ്രീകണ്ഠൻ, പള്ളിച്ചൽ പഞ്ചായത്ത് സെക്രട്ടറി കെ വി സുരേഷ് എന്നിവരും ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News