Tamilnaadu; സര്‍ക്കാര്‍ പദ്ധതി തുടങ്ങാന്‍ ഹൈന്ദവ ആചാരപ്രകാരം പൂജ; തടഞ്ഞ് ഡി.എം.കെ എം.പി

തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ പദ്ധതി തുടങ്ങുന്നതിന് മുന്നോടിയായി ഹൈന്ദവ വിശ്വാസ പ്രകാരമുള്ള ഭൂമിപൂജ നടത്തിയതിനെ തടഞ്ഞ് ഡി.എം.കെ എം.പി ഡോ. സെന്തില്‍ കുമാര്‍.

മതേതരമായ രീതിയില്‍ ചടങ്ങ് നടത്തേണ്ട ഒരു സര്‍ക്കാര്‍ പദ്ധതിയുടെ ആരംഭം ഒരു പ്രത്യേക മതവിശ്വാസ പ്രകാരം നടത്തിയതിനെയാണ് എം.പി എതിര്‍ത്തത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ചടങ്ങ് നടക്കുന്ന സ്ഥലത്തെത്തിയ എം.പി ഹിന്ദു ആചാരപ്രകാരം ചടങ്ങ് നടത്തിയതില്‍ ഉദ്യോഗസ്ഥരെ വഴക്ക് പറയുന്നതും, ക്രിസ്ത്യന്‍ പള്ളിയില്‍ നിന്ന് പാതിരിമാരെയും മുസ്‌ലിം പള്ളിയില്‍ നിന്ന് ഇമാമുമാരെയും വിളിച്ച് നടത്തുകയാണെങ്കില്‍ മാത്രം നടത്തിയാല്‍ മതിയെന്നും രോഷാകുലനായി അദ്ദേഹം വശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം.

ഇത് ദ്രാവിഡരുടെ ചടങ്ങാണെന്നും ഹിന്ദുവായാലും മുസ്‌ലിമായാലും മതവിശ്വാസമില്ലാത്തവരായാലും എല്ലാവര്‍ക്കും ഈ ചടങ്ങ് ഒരുപോലെയായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഉത്തരവുകള്‍ ലംഘിച്ച് പ്രത്യേക മതവിശ്വാസ പ്രകാരം ചടങ്ങ് നടത്തിയതിനും ഇദ്ദേഹം ഉദ്യോഗസ്ഥരെ വഴക്ക് പറയുന്നുണ്ട്.

സംസ്‌കൃത വേദമന്ത്രം ജപിക്കാനാണോ സര്‍ക്കാര്‍ ചടങ്ങില്‍ ഹിന്ദുമത ആരാധന നടത്തുന്നത്?, എന്നും അദ്ദേഹം ചോദിച്ചു. ചടങ്ങിനെത്തിയ ഉദ്യോഗസ്ഥരെയും പൂജാരിയെയും എം.പി തിരിച്ചയച്ചു.

”എന്താ ഇവിടെ നടക്കുന്നത്. മറ്റ് മതങ്ങളൊക്കെ എവിടെ. ക്രിസ്ത്യന്‍ എവിടെ, മുസ്‌ലിം എവിടെ, ദ്രാവിഡര്‍ എവിടെ, മതമില്ലാത്തവര്‍ എവിടെ.

അവരെ വിളിക്കൂ. ചര്‍ച്ചില്‍ നിന്ന് പാതിരിയെ വിളിക്കൂ, ഇമാമിനെ വിളിക്കൂ, എല്ലാവരെയും വിളിക്കൂ. ഈശ്വരനില്‍ വിശ്വാസമില്ലാത്തവരെയും വിളിക്കൂ. എല്ലാവരെയും സ്വാഗതം ചെയ്യൂ.

ഇതെല്ലാം ക്ലിയര്‍ ചെയ്യൂ. ഇത് നിര്‍ത്തിവെക്കൂ.

എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്. ഇതുപോലെ ചെയ്യരുത് എന്ന് നിങ്ങള്‍ക്ക് ഇതിനുള്ള നിര്‍ദേശം ഉണ്ടോ ഇല്ലയോ. നിങ്ങള്‍ക്ക് അത് അറിയില്ലേ.

എന്താണ് ഈ കാണിച്ച് വെച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് എന്ന ബോധം നിങ്ങള്‍ക്കില്ലേ. ഇത് എല്ലാവര്‍ക്കും വേണ്ടിയുള്ള ചടങ്ങാണ്, ദ്രാവിഡരുടെ ചടങ്ങാണ്,” എം.പി സെന്തില്‍ കുമാര്‍ പറഞ്ഞു.

അതേസമയം, തമിഴ്നാട്ടിലേത് എല്ലാ മതങ്ങളേയും തുല്യമായി കാണുന്ന ദ്രാവിഡ മോഡൽ ഭരണമാണ്. സർക്കാർ എല്ലാ മതങ്ങളിൽപ്പെട്ടവർക്കും വേണ്ടിയുള്ളതാണ്. പ്രാർത്ഥന നടത്തുന്നതിന് താൻ എതിരല്ലെന്ന് അദ്ദേഹം പിന്നീട് വ്യക്തമാക്കി. പക്ഷേ അതിൽ എല്ലാ മതങ്ങളേയും ഉൾപ്പെടുത്തണമെന്നും ഉദ്യോഗസ്ഥരോട് എംപി നിർദേശിച്ചു. ഭൂമി പൂജ തടഞ്ഞതിന് ശേഷം പദ്ധതിയുടെ ഉദ്ഘാടനം എംപി നിർവഹിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here