യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ സൗദി സന്ദർശനത്തിനിടെ ഇരു രാജ്യങ്ങളും നിരവധി കരാറുകളിൽ ഒപ്പുവെച്ചു. ജിദ്ദയിലെത്തിയ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സൽമാൻ രാജാവുമായും
കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായും നടത്തിയ ചർച്ചകളെ തുടർന്നാണ് വിവിധ കരാറുകളിൽ ഒപ്പു വെച്ചത്.
ADVERTISEMENT
ജിദ്ദയിലെ അൽ സലാം കൊട്ടാരത്തിൽ വെച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സൽമാൻ രാജാവുമായും
കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായും ചർച്ച നടത്തി. വിവിധ വിഷയങ്ങളിൽ നിരവധി കരാറുകളിൽ അമേരിക്കയും സൗദി അറേബ്യയും ഒപ്പുവെച്ചതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.
ആഗോള ഊർജ സുരക്ഷയും ആവശ്യത്തിന് എണ്ണ വിതരണവും ഉറപ്പാക്കാൻ റിയാദിന് സ്വീകരിക്കാവുന്ന നടപടികളെക്കുറിച്ച് ചർച്ച ചെയ്തതായി ജിദ്ദയിൽ നടന്ന ചർച്ചകൾക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച ജോ ബൈഡൻ പറഞ്ഞു.
പ്രാദേശിക രാഷ്ട്രീയ, സാങ്കേതിക, യാത്രാ സംബന്ധിയായ കാര്യങ്ങൾ ഉൾക്കൊള്ളുന്ന, ഇരു രാജ്യങ്ങളും ഒപ്പിട്ട നിരവധി കരാറുകൾ പ്രസിഡന്റ് പരാമർശിച്ചു. അംഗരാജ്യങ്ങളായ സൗദി അറേബ്യയും കുവൈത്തും മുഖേന ആറ് രാജ്യങ്ങളുടെ ഗൾഫ് സഹകരണ കൗൺസിലിന്റെ ഇലക്ട്രിക് ഗ്രിഡ് ഇറാഖുമായി ബന്ധിപ്പിക്കുന്നതിനുള്ള കരാറും ഇതിൽ ഉൾപ്പെടുന്നു.
യെമനിൽ, ഏപ്രിൽ മുതൽ തുടരുന്ന വെടിനിർത്തൽ ശക്തിപ്പെടുത്തുന്നതിനും നീട്ടുന്നതിനും ഒരുമിച്ച് പ്രവർത്തിക്കാൻ വാഷിംഗ്ടണും റിയാദും സമ്മതിച്ചതായി അദ്ദേഹം പറഞ്ഞു. 2017 ൽ ഉടമസ്ഥാവകാശം ഈജിപ്ത് സൗദിക്ക് കൈമാറിയിരുന്ന തിറാന്‍, സനാഫീര്‍ ദ്വീപുകളിൽ നിന്ന് ഈ വർഷാവസാനത്തോടെ യുഎസ് സൈനികർ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സമാധാന സേനാംഗങ്ങൾ വിട്ടുപോകുമെന്നതാണ് മറ്റൊരു കരാർ.
അതേസമയം, സൗദി ടെക്‌നോളജി സ്ഥാപനങ്ങൾക്ക് 6ജി സെൽ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനൊപ്പം പ്രാദേശികമായി ഓപ്പൺ, വെർച്വലൈസ്ഡ്, ക്ലൗഡ് അധിഷ്‌ഠിത റേഡിയോ ആക്‌സസ് നെറ്റ്‌വർക്കുകൾ വഴി യുഎസിൽ നിന്ന് 5ജി സാങ്കേതികവിദ്യ സ്വീകരിക്കാൻ കഴിയുമെന്നും ബൈഡൻ വ്യക്തമാക്കി.
സാമ്പത്തിക പരിവർത്തനത്തിനും സാമൂഹിക പരിഷ്‌ക്കരണങ്ങൾക്കുമുള്ള രാജ്യത്തിന്റെ തന്ത്രപരമായ പദ്ധതിയെയും സ്ത്രീകളുടെ സാമ്പത്തിക പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും മതാന്തര സംവാദങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള രാജ്യത്തിന്റെ ശ്രമങ്ങളെയും പ്രതിനിധീകരിക്കുന്ന കിംഗ്‌ഡം വിഷൻ 2030-നെ അമേരിക്ക സ്വാഗതം ചെയ്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.