John Brittas: അനുരാഗ് ഠാക്കൂര്‍ മാധ്യമ മേധാവികളുമായി നടത്തിയ കൂടിക്കാഴ്ച ; പറഞ്ഞ ക്ഷണം പിന്നീട് വന്നില്ലെന്ന് ജോൺ ബ്രിട്ടാസ്

കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂര്‍ മലയാള മാധ്യമ സ്ഥാപന മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയിലേക്ക് തന്നെ ഔദ്യോഗികമായി ക്ഷണിച്ചിരുന്നില്ലെന്ന് ജോണ്‍ ബ്രിട്ടാസ് എം പി കൈരളി ന്യൂസിനോട്.അനുരാഗ് ഠാക്കൂര്‍ ഒരു വിഭാഗം മാധ്യമങ്ങളുടെ പ്രതിനിധികളെ മാത്രമാണ് കണ്ടത്.ഇത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ബി.ജെ.പി. അനുകൂല നിലപാടില്ലാത്ത മാധ്യമങ്ങളെ കൂടിക്കാഴ്ചയില്‍ നിന്ന് ഒഴിവാക്കി എന്ന വിമര്‍ശനമുയര്‍ന്നിരുന്നു.കൈരളി ടി വിയുടെ എം ഡി എന്നതിനൊപ്പം തന്നെ ഐ.ടി. ഇന്‍ഫര്‍മേഷന്‍ ബ്രോഡ്കാസ്റ്റിങ് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം കൂടിയാണ് രാജ്യസഭാംഗമായ ജോണ്‍ ബ്രിട്ടാസ്. ഇന്ത്യയിലെ ടെലിവിഷന്‍ ചാനലുകളുടെ ഏറ്റവും വലിയ സംഘടനയായ ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിങ് ആന്‍ഡ് ഡിജിറ്റല്‍ ഫൗണ്ടേഷനില്‍ (IBDF) ബോര്‍ഡ് അംഗവുമാണ്.ആയതിനാല്‍ തന്നെ ഇത്തരമൊരു കൂടിക്കാഴ്ചയില്‍ എം പി കൂടിയ ജോണ്‍ ബ്രിട്ടാസ് പങ്കെടുക്കുന്നതിന്റെ പ്രസക്തി ഏറെയാണ്. ഈ കൂടിക്കാഴ്ചയില്‍ തന്നെ എന്തുകൊണ്ട് ഒഴിവാക്കി എന്നതിനെ കുറിച്ചാണ് ജോണ്‍ ബ്രിട്ടാസ് എം പി കൈരളി ന്യൂസിനോട് വിശദീകരിച്ചത്.

‘ക്ഷണം കിട്ടിയിരുന്നെങ്കില്‍, ഞാന്‍ തീര്‍ച്ചയായും പങ്കെടുക്കുമായിരുന്നു. കാരണം, ഞാന്‍ കൈകാര്യം ചെയ്യുന്ന വകുപ്പിന്റെ മന്ത്രിയും കൂടിയാണല്ലോ ക്ഷണിക്കുന്നത്.അനുരാഗ് ഠാക്കൂര്‍ കേരളത്തിലേക്ക് വരുന്നുണ്ടെന്നും കുറച്ച് മാധ്യമപ്രവര്‍ത്തകരെ കാണുന്നുണ്ടെന്നും താങ്കളും വരണമെന്നുമാണ് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയില്‍ നിന്ന് വിളിച്ചയാള്‍ തന്നോട് പറഞ്ഞത്.താങ്കള്‍ എം.പി.യും കൂടിയാണല്ലോ അതുകൊണ്ട് പങ്കെടുത്താല്‍ കൂടുതല്‍ നല്ലതായിരിക്കുമെന്നും വിളിച്ചയാള്‍ പറഞ്ഞു.എന്റെ നമ്പറും വിവരങ്ങളുമെല്ലാം കൊടുക്കുകയാണെന്നും കേന്ദ്രത്തില്‍ നിന്ന് ഇന്‍വിറ്റേഷന്‍ അയക്കുമെന്നുംവിളിച്ചയാള്‍ പറഞ്ഞിരുന്നു . എന്തെങ്കിലും കാരണത്താല്‍ എനിക്ക് വരാന്‍ പറ്റിയില്ലെങ്കില്‍ കൈരളി ടി.വി. ന്യൂസ് ഡയറക്ടര്‍ എന്‍.പി. ചന്ദ്രശേഖരന്‍ വരുമെന്നും ഞാന്‍ പറഞ്ഞു. അതുകഴിഞ്ഞ് എന്നെ പിന്നെയാരും ഈ പരിപാടിയുടെ പേരില്‍ വിളിക്കുകയോ ഔദ്യോഗികമായി ക്ഷണിക്കുകയോ ചെയ്തിട്ടില്ല.”


ഐ.ടി. ഇന്‍ഫര്‍മേഷന്‍ ബ്രോഡ്കാസ്റ്റിങ് സ്റ്റാന്‍ഡിങ് കമ്മിറ്റിയിലെ അംഗം കൂടിയായിട്ടും തന്നെ ക്ഷണിക്കാത്തതില്‍ അവര്‍ക്ക് എത്രത്തോളം അസഹിഷ്ണുതയുണ്ടെന്നും വിമര്‍ശനങ്ങളെ എത്രത്തോളം അനുവദിക്കാതിരിക്കുന്നുവെന്നും ജോണ്‍ ബ്രിട്ടാസ് എം പി ചൂണ്ടി കാട്ടി.താനവിടെ പോയിരുന്നെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ എന്തെങ്കിലും ചോദ്യങ്ങളുന്നയിച്ചേനെയെന്നും അത് ചിലപ്പോള്‍ മന്ത്രിക്കും അദ്ദേഹത്തിന്റെ സര്‍ക്കാരിനും ആഗ്രഹമുണ്ടായിരിക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News