Chennai : പ്ലസ്ടു വിദ്യാര്‍ഥിനിയുടെ മരണത്തിന് പിന്നാലെ വൻ സംഘർഷം ; ബസ്സുകൾ കൂട്ടത്തോടെ കത്തിച്ച് ബന്ധുക്കൾ

പ്ലസ്ടു വിദ്യാര്‍ഥിനിയുടെ മരണത്തിന് പിന്നാലെ തമിഴ്‌നാട്ടിലെ കല്ലാക്കുറിച്ചിയില്‍ വന്‍ സംഘര്‍ഷം. കല്ലാക്കുറിച്ചി ചിന്നസേലം കനിയമൂര്‍ ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന ശക്തി മെട്രിക്കുലേഷന്‍ സ്‌കൂളിലും പരിസരത്തുമാണ് വന്‍ സംഘര്‍ഷവും ആക്രമണങ്ങളും ഉണ്ടായത്. സ്‌കൂളിലേക്ക് ഇരച്ചെത്തിയ പ്രതിഷേധക്കാര്‍ സ്‌കൂള്‍ കെട്ടിടം അടിച്ചുതകര്‍ത്തു. സ്‌കൂളിലെ നിരവധി ബസുകളും മറ്റുവാഹനങ്ങളും അഗ്നിക്കിരയാക്കി. പ്രതിഷേധക്കാരെ നേരിടാനെത്തിയ പോലീസിന് നേരേയും ആക്രമണമുണ്ടായി. പോലീസ് വാഹനങ്ങള്‍ക്കും പ്രതിഷേധക്കാര്‍ തീയിട്ടു.

പ്ലസ്ടു വിദ്യാര്‍ഥിനിയുടെ മരണത്തില്‍ നടപടി ആവശ്യപ്പെട്ടുള്ള പ്രതിഷേധമാണ് ഞായറാഴ്ച വന്‍ സംഘര്‍ഷത്തില്‍ കലാശിച്ചത്. പെണ്‍കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും വിദ്യാര്‍ഥികളും ഉള്‍പ്പെടെ ആയിരക്കണക്കിന് പേരാണ് പ്രതിഷേധവുമായി സ്‌കൂളിലെത്തിയത്. തുടര്‍ന്ന് ഇവര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. സമരക്കാരെ പിരിച്ചുവിടാന്‍ പോലീസ് ആകാശത്തേക്ക് വെടിവെച്ചെങ്കിലും പ്രതിഷേധക്കാര്‍ പിന്‍വാങ്ങിയില്ല.

പ്ലസ്ടു വിദ്യാര്‍ഥിനിയായ 17-കാരിയെ ബുധനാഴ്ച രാവിലെയാണ് സ്‌കൂളിലെ ഹോസ്റ്റല്‍ വളപ്പില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി പെണ്‍കുട്ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്ന് ചാടി ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. പെണ്‍കുട്ടിയുടെ ബാഗില്‍നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായും പോലീസ് പറഞ്ഞിരുന്നു.

സ്‌കൂളിലെ രണ്ട് അധ്യാപകര്‍ മാനസികമായി പീഡിപ്പിച്ചെന്നും മറ്റു കുട്ടികളുടെ മുന്നില്‍വെച്ച് അവഹേളിച്ചെന്നുമായിരുന്നു ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നത്. മാതാപിതാക്കളും കൂട്ടുകാരും ക്ഷമിക്കണമെന്നും തന്റെ ട്യൂഷന്‍ ഫീസ് സ്‌കൂള്‍ മാനേജ്‌മെന്റ് മാതാപിതാക്കള്‍ക്ക് തിരികെ നല്‍കണമെന്നും കുറിപ്പില്‍ എഴുതിയിരുന്നു.അതേസമയം, കടലൂര്‍ സ്വദേശിനിയായ 17-കാരിയുടെ മരണത്തില്‍ അടിമുടി ദുരൂഹതകളുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News