കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ച കെ എസ് ഹംസക്കെതിരെ നടപടി

മുസ്ലിം ലീഗ് പ്രവർത്തകസമിതി യോഗത്തിൽ കുഞ്ഞാലിക്കുട്ടിയെ വിമർശിച്ച സംസ്ഥാന സെക്രട്ടറി കെ എസ് ഹംസക്കെതിരെ സംഘടനാ നടപടി. സംഘടനാ ചുമതലയിൽ നിന്ന് നീക്കിയതായി സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു. സംഘടനാ വിരുദ്ധ പ്രവർത്തനത്തിനാണ് നടപടി എന്നാണ് ഔദ്യോഗിക വിശദീകരണം.

കഴിഞ്ഞ ദിവസം എറണാകുളത്ത് നടന്ന മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തിൽ പി കെ കുഞ്ഞാലികുട്ടിക്കെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. സംസ്ഥാന സെക്രട്ടറി കെ എസ് ഹംസ കെ എം ഷാജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിമർശനം. ഒരു ഘട്ടത്തിൽ യോഗത്തിൽ കുഞ്ഞാലിക്കുട്ടി ഒറ്റപ്പെടുന്ന സാഹചര്യമുണ്ടായി. ഇതോടെ കുഞ്ഞാലികുട്ടി രാജി ഭീഷണിയും മുഴക്കിയിരുന്നു. കുഞ്ഞാലിക്കുട്ടി വിരുദ്ധപക്ഷം ശക്തമാകുന്നു എന്ന സൂചനയായിരുന്നു പ്രവര്‍ത്തക സമിതി യോഗത്തിൽ നടന്ന സംഭവവികാസങ്ങൾ. എന്നാൽ യോഗം കഴിഞ്ഞ് രണ്ടു ദിവസത്തിനുള്ളിൽ തന്നെ തന്റെ എക്കാലത്തെയും വിരുദ്ധനായ ഹംസക്കെതിരെ നടപടിയെടുപ്പിക്കാൻ കുഞ്ഞാലിക്കുട്ടിക്ക് സാധിച്ചു. പാണക്കാട് സാദ്ദിഖലി ശിഹാബ് തങ്ങളിൽമേൽ സമ്മർദം ചെലുത്തിയാണ് കുഞ്ഞാലിക്കുട്ടി ഇക്കാര്യം ചെയ്തത്.

കഴിഞ്ഞ കുറേക്കാലമായി പാർട്ടിക്കുള്ളിൽ പി കെ കുഞ്ഞാലിക്കുട്ടിയുടെ കടുത്ത വിമർശകനാണ് കെ എസ് ഹംസ. എം കെ മുനിർ, കെഎം ഷാജി വിഭാഗത്തിന്റെ പ്രധാനപ്പെട്ട വക്താവ് കൂടിയാണ് ഹംസ. സംഘടനാ നടപടി ചന്ദ്രികാ ദിന പത്രത്തിലൂടെയാണ് പാർട്ടി അറിയിച്ചിരിക്കുന്നത്. സംഘടനയിൽ നിരന്തരമായി അച്ചടക്കലങ്കനം നടത്തിവരുന്ന ഹംസയെ പാർട്ടിയിലെ എല്ലാ പദവികളിൽ നിന്നും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുന്നു എന്നാണ് വാർത്താ കുറിപ്പിലുള്ളത്. ഇതോടെ ഹംസാപക്ഷം ഇനിയെന്ത് ചെയ്യുമെന്ന് ഉറ്റു നോക്കുകയാണ് ലീഗ് അണികൾ .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here