നിലമ്പൂരിലെ നാട്ടുവൈദ്യന്റെ കൊലപാതകം; മുഖ്യപ്രതി ഷൈബിൻ അഷ്റഫിന് കൂടുതൽ കൊലപാതകങ്ങളിൽ പങ്ക്

മലപ്പുറം നിലമ്പൂരിൽ നാട്ടുവൈദ്യൻ കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി ഷൈബിൻ അഷ്റഫിന് കൂടുതൽ കൊലപാതകങ്ങളിൽ പങ്കെന്ന് പൊലീസ്. വ്യാപാര പങ്കാളിയുടെയും മാനേജരുടെയും കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ . പാരമ്പര്യ വൈദ്യന്റെ കൊലപാതകത്തിൽ 3 പ്രതികളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു.

മൈസൂർ സ്വദേശിയായ പാരമ്പര്യവൈദ്യൻ ഷാബാ ഷരീഫിനെ തട്ടിക്കൊണ്ടുവന്ന് ഒന്നേകാൽ വർഷത്തോളം തടവിൽ പാർപ്പിക്കുകയും ഒറ്റമൂലി രഹസ്യം ലഭിക്കാതായതോടെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയും ചെയ്ത കേസിലെ മുഖ്യപ്രതി ഷൈബിൻ അഷ്റഫിന്, കൂടുതൽ കൊലപാതകങ്ങളിൽ പങ്കുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ .

അബുദാബിയിൽ ബിസിനസ് പങ്കാളിയായിരുന്ന ഹാരിസിന്റെയും മാനേജരുടെയും കൊലപാതകത്തിൽ ഇവർക്ക് പങ്കുണ്ടെന്നാണ് വ്യക്തമാകുന്നത്. 2020 മാർച്ച് അഞ്ചിനാണ് കോഴിക്കോട് ഈസ്റ്റ് മലയമ്മ പാറമ്മൽ ഹാരിസ്, മാനേജർ ചാലക്കുടി സ്വദേശിനി ഡാൻസി ആൻറണി എന്നിവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. യുവതിയെ കൊന്നശേഷം ഹാരിസ് ആത്മഹത്യ ചെയ്തതാണ് എന്ന് വരുത്തിതീർക്കാൻ പ്രതികൾ ശ്രമിച്ചതായി അന്വേഷണസംഘം കണ്ടെത്തി.

നാട്ടുവൈദ്യന്റെ കൊലപാതകത്തിൽ ഷൈബിൻ അറസ്റ്റിലായതോടെ ഒളിവിൽ പോയ മൂന്നു പ്രതികൾ കൂടി അറസ്റ്റിലാതോടെയാണ് കേസിലെ നിർണായക വിവരങ്ങൾ ലഭിച്ചത് . ചന്തക്കുന്ന് സ്വദേശി അജ്മൽ , പൂളക്കുളങ്ങര സ്വദേശി ഹബീബ് റഹ്മാൻ, വണ്ടൂർ സ്വദേശി ഷെരീഫ് എന്നിവരാണ് എറണാകുളം വാഴക്കാല യിലെ ലോഡ്ജിൽ നിന്ന് പിടിയിലായത് . പൊള്ളാച്ചി , ബാംഗ്ലൂർ, ഹൈദരാബാദ് , ഡൽഹി മണാലി , ഗോവ എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതികൾ , കൈയിലെ പണം തീർന്നതോടെ പണത്തിനായി സുഹൃത്തുക്കളെ കാണാനെത്തിയതായിരുന്നു . ഇതിനിടയിലാണ് ജില്ലാ പൊലീസ് മേധാവി എസ് സുജിത്ദാസിന്റെ നിർദ്ദേശപ്രകാരം അന്വേഷണ സംഘം പ്രതികളെ അറസ്റ്റ് ചെയ്തത് .

സിഗ്നൽ ആപ്പ് വഴിയാണ് ഷൈബിൻ കൊലപാതകത്തിന് നിർദ്ദേശം നൽകിയതെന്ന് പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. നിലമ്പൂരിൽ നിന്നുകൊണ്ട് ഫോൺ മുഖാന്തരമാണ് അബുദാബിയിലെ കൊലപാതകം നടപ്പാക്കിയത് എന്നും പ്രതികൾ അന്വേഷണസംഘത്തിന് മൊഴി നൽകി. ഹാരിസ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്തു എന്ന് നേരത്തെ ഷൈബിൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നാട്ടുവൈദ്യന്റെ കൊലപാതകത്തിന്റെ ഞെട്ടൽ മാറും മുമ്പാണ് പ്രതികൾക്ക് മറ്റു രണ്ടു കൊലപാതക കേസുകളിൽ കൂടി പങ്കുണ്ടെന്ന് വ്യക്തമാകുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News