P K Kunhalikkutty : ലീഗ് ഉന്നതാധികാര സമിതിയിലും കുഞ്ഞാലിക്കുട്ടിക്ക് വിമര്‍ശനം

പ്രവര്‍ത്തകസമിതി യോഗത്തിന് പുറമേ ലീഗ് ഉന്നതാധികാര സമിതിയിലും കുഞ്ഞാലിക്കുട്ടിക്ക് വിമര്‍ശനം. ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ പി.കെ കുഞ്ഞാലിക്കുട്ടി ഒന്നും ചെയ്യുന്നില്ലെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ചന്ദ്രികയുടെ സ്വത്തുക്കള്‍ വില്‍പ്പന നടത്താന്‍ അനുവദിക്കില്ലെന്ന് എം കെ മുനീറും പ്രഖ്യാപിച്ചു. അതേസമയം പ്രവര്‍ത്തകസമിതി യോഗത്തില്‍ കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ച സംസ്ഥാന സെക്രട്ടറി കെ എസ് ഹംസക്കെതിരെ ലീഗ് സംഘടനാ നടപടി സ്വീകരിച്ചു.

മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തിന് പുറമേ ലീഗ് ഉന്നതാധികാര സമിതിയിലും കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. മുതിര്‍ന്ന ലീഗ് നേതാക്കളായ ഇടി മുഹമ്മദ് ബഷീര്‍, എം കെ മുനിര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കുഞ്ഞാലിക്കുട്ടിക്കു നേരെ വിമര്‍ശനം ഉയര്‍ന്നത്. ദേശീയ തലത്തില്‍ മുസ്ലിം ലീഗ് നിര്‍ജ്ജീവമായെന്നും ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ പി.കെ കുഞ്ഞാലിക്കുട്ടി ഒന്നും ചെയ്യുന്നില്ലെന്നുമായിരുന്നു ഇ.ടി മുഹമ്മദ് ബഷീറിന്റെ വിമര്‍ശനം.

ഡല്‍ഹിയില്‍ ഓഫീസ് തുറക്കുമെന്ന് പ്രഖ്യാപിച്ചുവെങ്കിലും നടന്നില്ല. ന്യൂനപക്ഷ പ്രശ്നങ്ങളില്‍ കുഞ്ഞാലിക്കുട്ടി നിസ്സംഗമായിരിക്കുന്നവെന്നും ഉന്നതാധികാര സമിതിയില്‍ ഇടി വിമര്‍ശിച്ചു. ചന്ദ്രികയുടെ സ്വത്തുക്കള്‍ വില്‍പ്പന നടത്താന്‍ അനുവദിക്കില്ലെന്ന് എം കെ മുനീറും പ്രഖ്യാപിച്ചു. ചന്ദ്രിക പത്രം പുതിയ കമ്പനിയിലേക്ക് രജിസ്റ്റര്‍ ചെയ്യാന്‍ പാടില്ലെന്നും മുനീര്‍ പറഞ്ഞു. എന്നാല്‍ തന്റെ പ്രവര്‍ത്തനം കാരണമാണ് തമിഴ്നാട്ടില്‍ നിന്ന് എം.പിയുണ്ടായതെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

എന്നാല്‍ കേരളത്തിന് പുറത്ത് നേരത്തെയും എം.പിമാര് ഉണ്ടായിരുന്നുവെന്ന് ഇ.ടി ചൂണ്ടിക്കാട്ടി. കുഞ്ഞാലിക്കുട്ടി വിരുദ്ധപക്ഷം ശക്തമാകുന്നു എന്ന സൂചനയാണ് പ്രവര്‍ത്തക സമിതി യോഗത്തിലും ഉന്നതാധികാര സമിതിയിലും നടന്ന സംഭവവികാസങ്ങള്‍. അതേസമയം കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ചതിനു പിന്നാലെ സംസ്ഥാന സെക്രട്ടറി കെ എസ് ഹംസയെ പാര്‍ട്ടിയിലെ എല്ലാ പദവികളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. സംഘടനാ വിരുദ്ധ പ്രവര്‍ത്തനത്തിനാണ് നടപടി എന്നാണ് ഔദ്യോഗിക വിശദീകരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here