വിമാനത്തില്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിനെ ചോദ്യം ചെയ്യും. ഷാഫി അഡ്മിനായ വാട്‌സാപ്പ് ഗ്രൂപ്പിലാണ് ഗൂഢാലോചന നടന്നത്. യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കള്‍ ഫോണില്‍ പ്രതികളെ ബന്ധപ്പെട്ടതിന് തെളിവുകള്‍ ലഭിച്ചു.
അതേസമയം മുഖ്യമന്ത്രിയെ വിമാനയാത്രക്കിടെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ മുൻ എംഎൽഎ കെ എസ് ശബരീനാഥിന് നോട്ടീസ് അയച്ചിരുന്നു. മുഖ്യമന്ത്രിയെ ആക്രമിക്കാൻ ഉള്ള ആദ്യ നിർദേശം മുന്നോട്ട് വെച്ചത് കെ എസ് ശബരീനാഥ് ആണെന്ന് തെളിയിക്കുന്ന വാട്ട്സ് അപ്പ് ചാറ്റ് പുറത്ത് വന്നതോടെയാണ് ശബരീനാഥനെ ചോദ്യം ചെയ്യാൻ പോലീസ് തീരുമാനിച്ചത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് യാത്ര വിലക്ക് ഏർപ്പെടുത്താൻ ഉള്ള കാല പരിധി ഇന്നലെ അവസാനിച്ചു.
മുഖ്യമന്ത്രിയെ വിമാനത്തിനുള്ളിൽ വെച്ച് ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ ഉന്നതതല ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ആണ് കെ എസ് ശബരീനാഥനെ വിളിച്ച് വരുത്തി ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. നാളെ രാവിലെ 10ന് ശംഖുമുഖം അസിസ്റ്റൻറ് കമ്മീഷണർ ഡി കെ പൃഥിരാജ് മുൻപാകെ ഹാജരാകനാണ് നോട്ടീസ്. രാവിലെ കെ എസ് ശബരീനാഥിൻ്റെ ശാസ്തമംഗലത്തെ വീട്ടിൽ നേരിട്ടെത്തിയാണ് നോട്ടീസ് കൈമാറിയത്.
മുഖ്യമന്ത്രിയെ വിമാനത്തിനുള്ളിൽ കയറി ആക്രമിക്കാൻ ഉള്ള ആദ്യ നിർദേശം മുന്നോട്ട് വെച്ചത് കെ എസ് ശബരീനാഥ് ആണെന്ന് തെളിയിക്കുന്ന വാട്ട്സ് അപ്പ് ചാറ്റ് ആണ് ഇന്നലെ പുറത്തായത്. തങ്ങളുടെ അറിവോടെ അല്ല യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിനുള്ളിൽ വെച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചത് എന്ന കോൺഗ്രസ് വാദഗതിയെ പരിപ്പൂർണ്ണമായും നിരാകരിക്കുന്നതാണ് പുറത്ത് വന്ന തെളിവുകൾ.
അതിനിടെ വിമാനയാത്ര ആക്രമണ ശ്രമത്തിൽ പ്രതികൾ ആയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് യാത്ര വിലക്ക് ഉണ്ടാവില്ലെന്ന് ഉറപ്പായി. വ്യോമയാന ഡയറക്ടർ ജനറൽ 2017 സെപ്റ്റംബർ എട്ടിനു പുറപ്പെടുവിച്ച സിവിൽ ഏവിയേഷൻ റിക്വയർമെന്റ് സെക്ഷൻ 3- എയർ ട്രാൻസ്‌പോർട്ട് സീരീസ് എം പാർട്ട് 6, ഇഷ്യു-2, ചട്ടം 6.4 പ്രകാരം, യൂത്ത് കോൺഗ്രസുകാർക്ക് യാത്രാവിലക്ക് ഏർപ്പെടുത്താൻ കഴിയുമായിരുന്ന അവസാന ദിവസം ഇന്നലെ ആയിരുന്നു.
കുഴപ്പക്കാരായ യാത്രക്കാർക്കെതിരേ നടപടിയെടുക്കുന്നതിന്, എയർലൈൻ ആഭ്യന്തര സമിതി ഉണ്ടാക്കി മുപ്പതു ദിവസത്തിനകം അവസാന തീരുമാനം എടുക്കണമെന്നാണ് സിഎആർ പറയുന്നത്. മുപ്പതുദിവസത്തിനകം ഈ തീരുമാനം വന്നില്ലെങ്കിൽ, സംഭവത്തിൽ ഉൾപ്പെട്ടവർക്ക് എങ്ങോട്ടു പറക്കുന്നതിനും സ്വാതന്ത്ര്യമുണ്ടായിരിക്കും എന്ന് മേൽപ്പറഞ്ഞ ചട്ടം 6.4 വ്യക്തമാക്കുന്നു.
എന്നാൽ ജ്യോതിരാദിത്യ സിന്ധ്യ നേത്യത്വം നൽകുന്ന വ്യോമയാന വകുപ്പിൻ്റെ കീഴിലെ ആഭ്യന്തര അന്യേഷണ സമിതി തീരുമാനം എടുക്കാൻ വൈകിയതോടെ യാത്ര വിലക്കിൽ നിന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ രക്ഷപ്പെട്ടു. ഇ പി ജയരാജന് യാത്രാവിലക്ക് ഏർപ്പെടുത്തണം എന്ന് കാട്ടി ഹൈബി ഈഡൻ നൽകിയ പരാതിയും ഇതോടെ അസാധുവാകും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here