Maharashtra: മഹാരാഷ്ട്രയില്‍ ദയനീയാവസ്ഥയില്‍ കഴിയുന്ന മലയാളി കുടുംബത്തെ ചേര്‍ത്ത് പിടിച്ച് കെയര്‍ ഫോര്‍ മുംബൈ

മുംബൈ(Mumbai) ഉപനഗരമായ കല്യാണില്‍ നിന്നും ഏകദേശം 26 കിലോമീറ്റര്‍ അകലെ വാങ്കണി എന്ന ഉള്‍ഗ്രാമത്തില്‍ ഒരു ഒറ്റമുറിയില്‍ നിസ്സഹായാവസ്ഥയില്‍ കഴിയുന്ന മലയാളി കുടുംബത്തിന്റെ കഥ കൈരളി ന്യൂസാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഈ കുടുംബത്തിന്റെ ക്ഷേമം ഉറപ്പാക്കുന്നതിന് വേണ്ട സഹായഹസ്തവുമായാണ് സന്നദ്ധ സംഘടനയായ കെയര്‍ ഫോര്‍ മുംബൈ(Care for Mumbai) മുന്നോട്ട് വന്നിരിക്കുന്നത്. സംഘടനാ പ്രതിനിധികളായ പ്രസിഡന്റ് എം കെ നവാസ്, സെക്രട്ടറി പ്രിയ വര്‍ഗീസ്, കൂടാതെ തോമസ് ഓലിക്കല്‍, അലി മുഹമ്മദ്, മനോജ് മാളവിക തുടങ്ങിയവരാണ് ഞായറാഴ്ച ഉച്ച കഴിഞ്ഞു വാങ്കണിയിലെ വീട്ടിലെത്തി കുടുംബാംഗങ്ങള്‍ക്ക് സാന്ത്വനമേകിയത്.

ചോര്‍ന്നൊലിക്കുന്ന മുറിയില്‍ നിസ്സഹായാവസ്ഥയില്‍ കഴിയുന്ന കുടുംബത്തിന്റെ താല്‍ക്കാലിക ആവശ്യങ്ങള്‍ക്കായി 1 ലക്ഷം രൂപ നല്‍കുകയും ഇവരെ എത്രയും പെട്ടെന്ന് നിലവിലെ അവസ്ഥയില്‍ നിന്നും മാറ്റി പാര്‍പ്പിക്കുന്നതിനായി വേണ്ട നടപടികളും സ്വീകരിച്ചു. ഇതിനായി പ്രദേശത്തെ ഒരു മലയാളി യുവാവിനെ നിയോഗിച്ചാണ് സന്നദ്ധ പ്രവര്‍ത്തകര്‍ മടങ്ങിയത്.

എന്നിരുന്നാലും കേരളത്തില്‍ സ്വന്തമായൊരു വീട് വേണമെന്നതാണ് കുടുംബത്തിന്റെ സ്വപ്നം. ഇതിനായി ഒരു അഭ്യുതകാംക്ഷി മുന്നോട്ട് വന്നിട്ടുണ്ടെന്നും ബന്ധപ്പെട്ടവരുമായി സംസാരിച്ച് ഇക്കാര്യം സഫലമാക്കുവാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നും കെയര്‍ ഫോര്‍ മുംബൈ അറിയിച്ചു.

ഒരു ഒറ്റ മുറിയില്‍ വിധിയെ പഴിച്ച് കഴിയുന്ന മലയാളി കുടുംബത്തിന്റെ ദുരവസ്ഥയറിഞ്ഞു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് സഹായങ്ങള്‍ ഒഴുകിയെത്തിയത്. നിരവധി വിദേശ മലയാളികളും ഇവര്‍ക്കായി സഹായ വാഗ്ദാനങ്ങള്‍ ചെയ്ത് കുടുംബവുമായി ബന്ധപ്പെടുന്നുണ്ട്.

ജീവിത സായാഹ്നത്തിലെത്തിയ നാലു പേരടങ്ങുന്ന കുടുംബമാണ് അതിജീവനത്തിനായി കാരുണ്യം തേടിയത്. ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന സുശീലയായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. എന്നാല്‍ വരുമാനം നിലച്ചതും പ്രായാധിക്യവും സുശീലയെയും തളര്‍ത്തിയതോടെയാണ് കുടുംബം പട്ടിണിയിലായത്. 65 വയസ്സായ സുശീലയും 77 വയസ്സ് കഴിഞ്ഞ ഭര്‍ത്താവ് നാരായണന്‍ നായരും കൂടാതെ സുശീലയുടെ മാതാപിതാക്കളായ 94 വയസ്സായ പത്മനാഭ പിള്ളയും 88 വയസ്സായ സരോജിനി അമ്മയും അടങ്ങുന്നതാണ് കുടുംബം. വല്ലപ്പോഴും അരിയും പരിപ്പും നല്‍കി സഹായിച്ചിരുന്ന പ്രദേശവാസികളുടെ ഔദാര്യത്തിലായിരുന്നു കുറച്ച് നാളുകളായി കുടുംബം കഴിഞ്ഞിരുന്നത്. മുംബൈയിലുള്ള സഹോദരന്‍ വല്ലപ്പോഴും നല്‍കി വന്നിരുന്ന ചെറിയ ധനസഹായം വയോധികരായ ഇവരുടെയെല്ലാം മരുന്നിന് പോലും തികഞ്ഞിരുന്നില്ലെന്നും സുശീല പറഞ്ഞു.

മുംബൈയിലെ കേരളീയ കേന്ദ്ര സംഘടന, ഓള്‍ ഇന്ത്യ മലയാളി അസ്സോസിയേഷന്‍, ഹില്‍ഗാര്‍ഡന്‍ അയ്യപ്പ ഭക്ത സംഘം, പവായ് നായര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍, എസ് എന്‍ ഡി പി യോഗം മുംബൈ താനെ യൂണിയന്‍, ബോംബെ കേരളീയ സമിതി, മുളുണ്ട് കേരള സമാജം, കല്യാണ്‍ ഫ്രണ്ട്‌സ് വെല്‍ഫയര്‍ അസ്സോസിഷന്‍, എലിക്സര്‍ കരുണാലയ തുടങ്ങിയ നിരവധി സംഘടനകള്‍ നേരിട്ടെത്തി ഇവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കി വരുന്നുണ്ട്. ധനസഹായം കൂടാതെ ആറു മാസത്തേക്കുള്ള ഭക്ഷണ സാമഗ്രഹികളും കമ്പിളി പുതപ്പ് നിത്യോപയോഗ സാധങ്ങള്‍ വസ്ത്രങ്ങള്‍ തുടങ്ങിയവയും തങ്ങള്‍ക്ക് ലഭിച്ചുവെന്നും ഇതിന് നല്ലവരായ മലയാളികളോട് എങ്ങിനെ നന്ദി പറയണമെന്ന് അറിയില്ലെന്നും പറഞ്ഞാണ് നവതി പിന്നിട്ട പത്മനാഭ പിള്ള വിതുമ്പിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News