Diabetic : ശരീരത്തില്‍ പെട്ടന്ന് ഷുഗറിന്റെ അളവ് കൂടുന്ന പ്രമേഹ രോഗികളാണോ നിങ്ങള്‍ ? എങ്കില്‍ ഇതുകൂടി അറിയുക

രക്തത്തിൽ പഞ്ചസാരയുടെ അളവ് പെട്ടെന്നു കൂടുന്നതു മൂലമുണ്ടാകുന്ന ഏറെ അപകടകരമായ രോഗാവസ്ഥയാണ് ഡയബറ്റിക് കീറ്റോ അസിഡോസിസ്. പഞ്ചസാരയുടെ അളവ് കൂടുന്നതിനാനുപാതികമായി രക്തത്തിലെ കീറ്റോ ആസിഡുകളുടെ അളവ് കൂടുന്ന ഈ അവസ്ഥ മരണത്തിനുവരെ കാരണമായേക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് 300 mg/dl ൽ കൂടുതൽ ആകുമ്പോൾത്തന്നെ കരുതൽ തുടങ്ങണം.

ഒരുപക്ഷേ നിങ്ങൾക്കും ഡയബറ്റിക് കീറ്റോ അസിഡോസിസ് ബാധിച്ചേക്കാം. പഞ്ചസാര പെട്ടെന്നു കൂടുന്നതും കുറയുന്നതും അപകടമാണ്. കുറയുന്ന അവസ്ഥയാണ് ഹൈപ്പോഗ്ലൈസീമിയ. രണ്ടവസ്ഥയിലുമെത്താതെ പ്രമേഹം നിയന്ത്രിച്ചു കൊണ്ടുപോകാൻ ശ്രദ്ധിക്കണം. ഹൃദയം, വൃക്ക തുടങ്ങിയ ഏതവയവത്തെയും ഈരോഗം ബാധിക്കാം. കുട്ടികളിൽ ‍ഡയബറ്റിക് കീറ്റോ അസിഡോസിസും തുടർന്നുള്ള മരണങ്ങളും മുതിർന്നവരെ അപേക്ഷിച്ച് കൂടുതലാണ്. പക്ഷേ, പലപ്പോഴും ഇവ തിരിച്ചറിയാൻ കഴിയാറില്ല.

പരിശോധന ഇങ്ങനെ

മൂത്രത്തിലെ അസറ്റോണിന്റെ അംശം പരിശോധിച്ചാണ് ഈ രോഗത്തെ കണ്ടെത്തുന്നത്. രക്തത്തിലും അസറ്റോൺ പരിശോധിക്കാം. പക്ഷേ, വലിയ ലബോറട്ടറികളിൽ മാത്രമാണ് സാധാരണ ഈ സേവനം ലഭ്യമാകുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് 300ൽ കൂടുതലാണെങ്കിൽ ഇടയ്ക്ക് അസറ്റോൺ പരിശോധിക്കുന്നതു നല്ലതാണ്. അസറ്റോൺ കൂടുതലാണെന്നു കണ്ടാ‍ൽ എത്രയുംവേഗം ആവശ്യമായ ചികിൽസയ്ക്കു വിധേയനാകണം.രകതത്തിലെ പഞ്ചസാര, പൊട്ടാസ്യം എന്നിവയുടെ അളവിലുണ്ടാകുന്ന വ്യതിയാനം ശരീരത്തിലെ നിർജലീകരണം എന്നിവ പരിഹരിക്കുന്നതിനുള്ള ചികിൽസയാണ് ശേഷം നൽകേണ്ടത്. രോഗിയുടെ ജീവൻ രക്ഷിക്കുന്നതിനായുള്ള ഈ അടിയന്തര ചികിൽസയ്ക്ക് പലപ്പോഴും മണിക്കൂറുകൾ വേണ്ടിവരും

നായ കണ്ടെത്തും !

രക്തത്തിലെ പഞ്ചസാര കൂടുന്നതും കുറയുന്നതും പ്രത്യേക പരിശീലനം നേടിയ നായകൾക്കു കണ്ടെത്താൻ കഴിയും. ഡയബറ്റിക് കീറ്റോ അസിഡോസിസ് രോഗികളുടെ ശ്വസ്വോച്ഛ്വാസത്തിന് പഴങ്ങളുടേതിനു തുല്യമായ ഒരു ഗന്ധമുണ്ടാകും. രക്തത്തിലെ‍ പഞ്ചസാരയുടെ അളവ് കൂടുമ്പോഴും കുറയുമ്പോഴും രോഗിയിൽ നിന്നും വമിക്കുന്ന ഇത്തരം ഗന്ധങ്ങൾ തിരിച്ചറിയാൻ ഈ നായകൾക്കു സാധിക്കും. ഹൈപ്പോഗ്ലൈസീമിയയും കീറ്റോ അസിഡോസിസും പ്രാരംഭത്തിൽ തന്നെ തിരിച്ചറിയാനും ആശുപത്രിയിൽ പോകാതെതന്നെ അടിയന്തര ചികിൽസ നൽകാനും ഈ ഗന്ധം സഹായിക്കും. ഇവ തിരിച്ചറിയുന്ന ഡയബറ്റിക് വാച്ച് ഡോഗുകൾ ഇന്ന് വികസിത രാജ്യങ്ങളിൽ ധാരാളമുണ്ട്.

ഐഡി കാർഡ് കൂടെ കരുതാം

പ്രമേഹരോഗികളിൽ കീറ്റോ ആസിഡുകളുടെ അളവ് എപ്പോൾ വേണമെങ്കിലും കൂടാം. പലപ്പോഴും ബോധക്ഷയം, ഹൃദയാഘാതം, തളർച്ച തുടങ്ങിയ കാരണങ്ങളാൽ ആശുപത്രികളിലെത്തുന്നവരിലെ യഥാർഥ രോഗം ചിലപ്പോൾ ഡയബറ്റിക് കീറ്റോ അസിഡോസിസ് ആകാം. എന്നാൽ ഇതു തിരിച്ചറിയാനാകാതെ രോഗി മരിക്കാം. ഈ അവസ്ഥ ഒഴിവാക്കാൻ രോഗിയോടൊപ്പമുള്ളർ ഇദ്ദേഹത്തിന്റെ പ്രമേഹത്തെ കുറിച്ചും കഴിക്കുന്ന മരുന്നുകളെക്കുറിച്ചും ഡോക്ടറോടു പറയേണ്ടത് അത്യാവശ്യമാണ്. രോഗിയോടൊപ്പമുള്ളവർക്ക് ഇതേക്കുറിച്ചുള്ള അറിവ് കുറവാകാമെന്ന സാഹചര്യവുമുണ്ട്. അതിനാൽ, രോഗവിവരങ്ങളെല്ലാം ഉൾപ്പെടുത്തിയ കാർഡ് എപ്പോഴും കയ്യിൽ കരുതുന്നത് അടിയന്തര ചികിൽസാ സമയത്ത് സഹായകമാകും

ലക്ഷണങ്ങൾ

∙ വയറുവേദന, ഛർദി. (ഈലക്ഷണങ്ങൾ കുട്ടികളിൽ കാണുമ്പോൾ നാം പ്രമേഹം പരിശോധിക്കാതെ ഇവയ്ക്കുള്ള മരുന്നു നൽകുകയാണു പതിവ്. ഇത് അപകടമാണ്. കൃത്യസമയത്തു കണ്ടെത്താനായാൽ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ സാധിക്കും.)

∙ കടുത്തദാഹം, തളർച്ച, പനി, ശ്വാസോച്ഛ്വാസത്തിന് പഴങ്ങളുടേതുപോലുള്ള ഗന്ധം

∙ ശ്വസനഗതിയിൽ മാറ്റമുണ്ടാകുക

∙ വളരെ അധികം മൂത്രം പോകുക

ശ്രദ്ധിക്കാൻ

∙ പ്രമേഹരോഗികൾ ആഹാരം കഴിക്കുന്നതിൽ കൃത്യത പാലിക്കണം. ഭക്ഷണത്തിൽ മധുരം അധികമായാൽ പഞ്ചസാരയുടെ അളവ് കൂടി കീറ്റോ അസിഡോസിസിലെത്താം.

∙ അവയവങ്ങളെ ബാധിക്കുന്ന തരത്തിൽ ഗുരുതരമായ പ്രമേഹമുള്ളവർ വ്രതമെടുക്കുന്നത് അപകടമാണ്. ആഹാരം കഴിക്കാതിരിക്കുന്ന സമയത്ത് ഇവരുടെ ശരീരത്തില ജലാംശത്തിന്റെ അളവ് കുറയും. ഇത് കീറ്റോ ആസിഡുകൾ കൂടുന്നതിനുള്ള സാധ്യത ഉയർത്തുന്നു. ഈ അവസ്ഥയാണ് സ്റ്റാർവേഷൻ കീറ്റോസിസ്. വ്രത സമയത്ത് പ്രമേഹ രോഗികൾ മരുന്ന് ഇതിനനുസരിച്ചു ക്രമീകരിക്കണം. ഇതിന് ഒരു ഡോക്ടറുടെ സഹായം തേടുന്നതു നല്ലതാണ്.

∙ രോഗലക്ഷണങ്ങൾ പ്രകടമായാൽ എത്രയും വേഗം രക്ത പരിശോധന നടത്തുക

∙ പ്രമേഹരോഗികൾക്കു പനി പോലുള്ള അസുഖങ്ങളോ അണുബാധയെ തുടർന്നുള്ള രോഗങ്ങളോ ഉണ്ടാകുമ്പോൾ രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടാം. പനിയും മറ്റ് അണുബാധയും ഉള്ളപ്പോൾ ഗ്ലൂക്കോമീറ്ററിൽ സ്വയം രക്ത പരിശോധന നടത്തി ഇൻസുലിൻ പോലുള്ള ഔഷധങ്ങൾ പുനഃക്രമീകരിക്കണം.

∙ പ്രധാന ഭക്ഷണത്തിനൊപ്പമോ അതിനുശേഷമോ മധുര പലഹാരങ്ങൾ കഴിക്കുന്നതു പഞ്ചസാരയുടെ അളവ് പെട്ടെന്നു കൂട്ടുന്നതിനാൽ ഒഴിവാക്കാൻ ശ്രദ്ധിക്കുക

∙ മരുന്നുകളിലൂടെയും ഈ രോഗം ഉണ്ടാകും. പ്രമേഹരോഗികൾ മറ്റു രോഗങ്ങൾക്കു മരുന്നു കഴിക്കുമ്പോൾ രക്തത്തിൽ പഞ്ചസാരയുടെ അളവിൽ വ്യതിയാനങ്ങൾ സംഭവിക്കാം. ‍ഡോക്ടറുടെ നിർദേശപ്രകാരം മാത്രം മരുന്നു കഴിക്കുക. മരുന്നു കഴിക്കുന്നതിനിടെ എന്തെങ്കിലും അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ എത്രയും വേഗം ഡോക്ടറുടെ സഹായം തേടുക

∙ ഇൻസുലിൻ പ്രവർത്തനക്ഷമമല്ലാതാകുന്നതു മൂലവും ഈ രോഗമുണ്ടാകാം. വാങ്ങുന്ന ഇൻസുലിൻ പ്രവർത്തനക്ഷമത നഷ്ടപ്പെട്ടതല്ലെന്ന് ഉറപ്പുവരുത്തുക. താപനില രണ്ടിനും എട്ടിനും ഇടയിൽ സൂക്ഷിക്കാതിരുന്നാലും ഇൻസുലിന്റെ ഗുണം നഷ്ടപ്പെടുമെന്നറിയുക.

∙ പ്രമേഹരോഗികളുടെ രോഗാവസ്ഥയെക്കുറിച്ച് രോഗിയെപ്പോലെ തന്നെ മറ്റു കുടുംബാംഗങ്ങളും ബോധവാൻമാരായിക്കുക അടിയന്തരഘട്ടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിന് ഇത് സഹായിക്കും

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News