സ്വപ്ന പ്രതിയായ ഗൂഢാലോചനക്കേസ്: കേസ് റദ്ദാക്കാനാകില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

സര്‍ക്കാരിനേയും മുഖ്യമന്ത്രിയേയും കുടുംബത്തേയും അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നടത്തുന്ന വെളിപ്പെടുത്തലിന് പിന്നില്‍ ആസൂത്രിത ഗൂഡാലോചനയുണ്ടന്ന് അന്വേഷണ സംഘം. കെ.ടി.ജലീല്‍ എം എല്‍ എ യുടെ പരാതിയില്‍ തനിക്കെതിരെ എടുത്ത കേസ് റദ്ദാക്കണമെന്ന സ്വപ്നയുടെ ഹര്‍ജിയിലാണ് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയില്‍ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചത്.

ഫെബ്രുവരി 9, 10 തീയതികളില്‍ തൈക്കാട് ഗസ്റ്റ് ഹൗസില്‍ സ്വപ്നയും സ്വര്‍ണക്കടത്തിലെ കൂട്ടുപ്രതി സരിത്തും പി.സി.ജോര്‍ജുമായി
കൂടിക്കാഴ്ച നടത്തിയിരുന്നു. 404 ആം നമ്പര്‍ മുറിയിലാണ് ഗൂഢാലോചന നടന്നത്. ഇവരെ കൂടാതെ മറ്റ് ചിലര്‍ക്കും ഗൂഢാലോചനയില്‍
പങ്കുള്ളതായി വിവരമുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണം നടക്കുകയാണ്.

സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നാലെ സംസ്ഥാനത്ത് അര മണിക്കൂറിനുള്ളില്‍ വലിയ തോതില്‍ കലാപവും കൊള്ളി വെപ്പും അരങ്ങേറി.
പൊതുമുതല്‍ നശിപ്പിച്ചു. സമൂഹമാധ്യമങ്ങളില്‍ മുഖ്യമന്ത്രിയേയും കുടുംബത്തേയും അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റുകളും കൃത്രിമമായി ചമച്ച ചിത്രങ്ങളും പ്രചരിപ്പിക്കപ്പെട്ടു. പൊതു സമാധാനം തകര്‍ക്കാന്‍ പ്രേരിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയ ദിവസം മാത്രം സംസ്ഥാനത്ത് 12 കേസുകള്‍ ഉണ്ടായി.

സമാനമായ 745 കേസുകളാണ് പിന്നീട് രജിസ്റ്റര്‍ ചെയ്തത്. സ്വപ്നയുടെ പരസ്യമായ പ്രതികരണം മാത്രമാണ് പ്രകോപനത്തിനും കലാപത്തിനും കാരണമായത്. സ്വപ്നയുടെ ആരോപണങ്ങള്‍ എന്‍ഐഎ യും എന്‍ഫോഴ്‌സുമെന്റും നേരത്തെ അന്വേഷിച്ചതാണ്. മാധ്യമങ്ങള്‍ക്ക് മുന്നിലെ വെളിപ്പെടുത്തലില്‍ പുതുതായി ഒന്നുമില്ല. മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയിലേതെന്ന മട്ടില്‍ പുറത്തു നടത്തിയ വെളിപ്പെടുത്തല്‍ ദുരുദേശ പരവും അങ്ങേയറ്റം നിരുത്തരവാദപരവും സമൂഹത്തില്‍ സംഘഷമുണ്ടാക്കാന്‍ ബോധപൂര്‍വ്വം നടത്തിയിട്ടുള്ളതുമാണെന്നും സത്യവാങ്ങ്മൂലത്തില്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here