ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്കുള്ള വിമാനയാത്രാ നിരക്കില്‍ ഉണ്ടാവുന്ന അനിയന്ത്രിതമായ വര്‍ധനവില്‍ യാതൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്കുള്ള വിമാനയാത്രാ നിരക്കില്‍ ഉണ്ടാവുന്ന അനിയന്ത്രിതമായ വര്‍ധനവില്‍ യാതൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപിയുടെ ചോദ്യത്തിന് കേന്ദ്ര വ്യോമയാന സഹമന്ത്രി വി. കെ. സിംഗ് നല്‍കിയ മറുപടിയിലാണ് സര്‍ക്കാര്‍ തങ്ങളുടെ പ്രവാസി വിരുദ്ധ നിലപാട് വ്യക്തമാക്കിയത്. ഈ പ്രശ്‌നം കാരണം വന്‍ ദുരിതമനുഭവിക്കുന്ന പ്രവാസികളെ സഹായിക്കാന്‍ യാതൊരു ഇടപെടലും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ല എന്നും നിരക്ക് കുറയ്ക്കാന്‍ യാതൊന്നും ചെയ്യാനില്ല എന്നുമുള്ള തീര്‍ത്തും ദൗര്‍ഭാഗ്യകരമായ മറുപടിയാണ് മന്ത്രി നല്‍കിയത്. അവധി സമയങ്ങളിലും ഉത്സവ സീസണുകളിലും കേരളത്തിലേക്ക് വരുന്ന പ്രവാസികള്‍ സാധാരണയിലും മൂന്നും നാലും ഇരട്ടി തുക നല്‍കിയാണ് ടിക്കറ്റ് എടുത്തുകൊണ്ടിരിക്കുന്നത്. നിരവധി പ്രവാസികള്‍ അവധിക്കാലത്ത് നാട്ടിലേക്കുള്ള യാത്ര റദ്ദാക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. കുടുംബാംഗങ്ങളോടൊപ്പം യാത്ര ചെയ്യുന്നവര്‍ ലക്ഷക്കണക്കിന് രൂപ മുടക്കേണ്ടി വരുന്ന ഗതികേടാണുള്ളത്. അവധിക്കാലത്ത് യഥാര്‍ത്ഥത്തില്‍ ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്കുള്ള സെക്ടറുകളില്‍ യാത്രക്കാരുടെ വലിയ തോതിലുള്ള വര്‍ദ്ധനവാണ് ഉണ്ടായിത്തീരുന്നത്. എന്നിട്ടും ഈ രീതിയില്‍ ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കുന്നത് നീതീകരിക്കാനാവില്ല.

ഈ വിഷയത്തില്‍ എംപിമാരും കേരള സര്‍ക്കാരും കത്തയച്ചിട്ടുള്ള അറിവ് മാത്രമേ ഉള്ളൂ എന്നും, ഇതിനു പരിഹാരം കാണാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഒന്നും ചെയ്യാനില്ല എന്നുമുള്ള മറുപടി പ്രവാസികളോടുള്ള മോഡി സര്‍ക്കാരിന്റെ അവഗണനയുടെ മറ്റൊരു ഉദാഹരണമാണ്. വിമാന യാത്രാക്കൂലി ഉയരുന്നതിന് വിമാനക്കമ്പനികള്‍ പറയുന്ന അതേ കാരണങ്ങള്‍ പറഞ്ഞ് കമ്പനികളെ ന്യായീകരിക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. യാത്രാക്കൂലി കമ്പോളത്തിലെ വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നതിനാല്‍ ഈ വിഷയത്തില്‍ ഇപ്പോള്‍ മാത്രമല്ല ഭാവിയിലും സര്‍ക്കാര്‍ ഒന്നും ചെയ്യാണ് ഉദ്ദേശിക്കുന്നില്ലെന്ന് മറുപടിയില്‍ പറയുന്നു. മാത്രമല്ല, നേരത്തെ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് നിരക്ക് കുറഞ്ഞു ടിക്കറ്റ് കിട്ടും എന്നതരത്തില്‍ പ്രവാസികളെ അപഹസിക്കുന്ന രീതിയിലുള്ള പ്രസ്ഥാവനയാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. ഇത് പ്രവാസികളോടുള്ള വഞ്ചനയാണ്.

വിമാന യാത്രാ കൂലിയില്‍ ഉണ്ടാകുന്ന അനിയന്ത്രിതമായ വര്‍ധനവ് പിടിച്ചുനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാറിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ട് പ്രവാസ സമൂഹം ഒന്നടങ്കം എംപിമാരുടെയും വിവിധ സംഘടനകളുടെയും സഹായത്തോടെ സമ്മര്‍ദ്ദം ചെലുത്തി വരികയായിരുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ ഈ പ്രശ്‌നത്തില്‍ ഇടപെടണം എന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നു. സീസണ്‍ സമയത്ത് പ്രവാസികളുടെ പോക്കറ്റടിച്ച് ലാഭം കൊയ്യുന്ന വിമാന കമ്പനികളുടെ നിലപാടിനെതിരായി വന്‍ ജനരോഷം ഉയര്‍ന്നുവരുന്ന ഈ സാഹചര്യത്തിലും വിമാന കമ്പനികളെ സഹായിക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. രാജ്യത്തെ ജനങ്ങളോടല്ല മറിച്ച് സ്വകാര്യ കുത്തക കമ്പനികളോടാണ് തങ്ങള്‍ക്ക് പ്രതിബദ്ധത എന്ന് മോഡി സര്‍ക്കാര്‍ വീണ്ടും തെളിയിച്ചിരിക്കുന്നു. ഈ നിഷ്‌ക്രിയ നിലപാട് കേന്ദ്രസര്‍ക്കാര്‍ ഉടന്‍ തിരുത്തണമെന്നും ഉത്സവ സീസണുകളില്‍ പ്രവാസികളുടെ പോക്കറ്റടിക്കുന്ന അനിയന്ത്രിതമായ വിമാന യാത്രാനിരക്ക് വര്‍ദ്ധനവ് പിടിച്ചുനിര്‍ത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്നും എളമരം കരീം എംപി ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here