ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവില്‍ രൂപ

ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവില്‍ രൂപ. ഡോളറുമായുള്ള വിനിമയത്തില്‍ രൂപ 80 പിന്നിട്ടു. ക്രൂഡോയില്‍ വില ഉയര്‍ന്നുനില്‍ക്കുന്നതാണ് രൂപയെ ദുര്‍ബലമാക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. വിലക്കയറ്റവും നാണ്യപ്പെരുപ്പവും ഇറക്കുമതിച്ചെലവ് കൂടുന്നതും വിദേശ വിദ്യാഭ്യാസത്തിന് ചെലവേറുന്നതും ഉള്‍പ്പെടെ വിവിധ മേഖലകളില്‍ രൂപയുടെ തകര്‍ച്ച ബാധിക്കും

ഡോളറുമായുള്ള വിനിമയത്തില്‍ ചരിത്രത്തിലാദ്യമായാണ് ഇന്ത്യന്‍ രൂപ 80 കടക്കുന്നത്. കഴിഞ്ഞ ദിവസം 79.97 എന്ന നിലയിലേക്ക് രൂപയുടെ മൂല്യം ഇടിഞ്ഞിരുന്നു. ഇന്ന് 79.98 എന്ന നിലയിലാണ് പ്രാദേശിക കറന്‍സി വ്യാപാരം ആരംഭിച്ചത്. തുടര്‍ന്ന് 80.0175 എന്ന റെക്കോര്‍ഡ് താഴ്ചയിലേക്ക് രൂപ കൂപ്പുകുത്തി.ഡോളറിന്റെ മൂല്യം ഉയരുന്നതും രാജ്യത്തെ വ്യാപാരക്കമ്മിയും രൂപയുടെ മൂല്യത്തെ തളര്‍ത്തി. വിദേശ നിക്ഷേപം വലിയ തോതില്‍ പിന്‍വലിഞ്ഞതും രൂപയെ കുറച്ചുകാലമായി സമ്മര്‍ദ്ദത്തിലാക്കുന്നു. ഈ വര്‍ഷം യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഏകദേശം 7 ശതമാനം ഇടിഞ്ഞു. റഷ്യ-യുക്രൈന്‍ സംഘര്‍ഷം അവസാനിക്കാതെ ഉയര്‍ന്ന് നില്‍ക്കുന്ന ക്രൂഡോയില്‍ വില ഇടിയാനുള്ള സാഹചര്യമില്ല. ആഭ്യന്തര വിപണിയില്‍ രൂപ മാറി ഡോളര്‍ വാങ്ങിയാണ് ഇറക്കുമതി നടത്തേണ്ടത് എന്നതിനാല്‍ ഡോളറിന്റെ മൂല്യം വര്‍ധിക്കുന്നത് ഇറക്കുമതി ചെലവ് കുത്തനെ കൂട്ടും.

ഇത് വിലക്കയറ്റത്തിന് കാരണമാകും. വിദേശ വിദ്യാഭ്യാസത്തിനും വിദേശയാത്രയ്ക്കും ചെലവേറും. ഡോളറില്‍ ഫീസ് ഈടാക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കാന്‍ കൂടുതല്‍ രൂപ മുടക്കേണ്ടി വരും.ആഗോള വിപണിയില്‍ ഡോളര്‍ ശക്തമായതിനാല്‍ മൂന്നാം ലോകരാജ്യങ്ങളിലെ വിപണികളില്‍നിന്ന് നിക്ഷേപകര്‍ വന്‍തോതില്‍ നിക്ഷേപം പിന്‍വലിക്കുന്നുണ്ട്. ഇന്ത്യയില്‍നിന്ന് ഈ വര്‍ഷം മാത്രം 28 ബില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപമാണ് പിന്‍വലിച്ചത്. രാജ്യാന്തര വ്യാപാരം രൂപയില്‍ നടത്താന്‍ ആര്‍ബിഐ കൊണ്ടുവന്ന സംവിധാനം വും ഫലപ്രദമായിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News