മഹാരാഷ്ട്രയില്‍ ഷിന്‍ഡെ പക്ഷത്തെ മുന്‍ ശിവസേന കോര്‍പ്പറേറ്റര്‍മാര്‍ ബിജെപിയില്‍ ചേര്‍ന്നു

മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തിയാണ് ഷിന്‍ഡെ പക്ഷത്തെ രണ്ടു മുന്‍ ശിവസേന കോര്‍പ്പറേറ്റര്‍മാര്‍ കുടുംബസമേതം ബിജെപിയില്‍ ചേര്‍ന്നത്. സിവില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുന്‍ ശിവസേന കോര്‍പ്പറേറ്റര്‍മാരുടെ ബിജെപിയിലേക്കുള്ള ചുവട് മാറ്റം പ്രദേശത്തെ രാഷ്ട്രീയ വൃത്തങ്ങളെ അമ്പരപ്പിച്ചിരിക്കയാണ്.

നവി മുംബൈയിലെ മുന്‍ കോര്‍പ്പറേറ്റര്‍മാരായ നവിന്‍ ഗാവ്ട്ടെയും ഭാര്യ അപര്‍ണ ഗാവ്ട്ടെയും അവരുടെ കുടുംബാംഗങ്ങള്‍ക്കും പ്രാദേശിക നേതാക്കളോടുമൊപ്പമാണ് ശിവസേനയില്‍ നിന്ന് പടിയിറങ്ങിയത്

നവി മുംബൈയിലെ സിവില്‍ തിരഞ്ഞെടുപ്പ് സെപ്റ്റംബറില്‍ നടക്കാനിരിക്കെ മുന്‍ ശിവസേന കോര്‍പ്പറേറ്റര്‍മാരുടെ ബിജെപിയിലേക്കുള്ള ചുവട് മാറ്റം രാഷ്ട്രീയവൃത്തങ്ങളില്‍ ചര്‍ച്ചയായിരിക്കയാണ്.

ഇതിന് ചുക്കാന്‍ പിടിച്ചത് ബിജെപിയുടെ ഐരോളി എംഎല്‍എ ഗണേഷ് നായിക്കാണ്. എന്‍ സി പി നേതാവായിരുന്ന ഗണേഷ് നായിക് ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായിരിക്കുമ്പോഴായിരുന്നു 2019 സെപ്റ്റംബറില്‍ ബിജെപിയില്‍ ചേര്‍ന്നത്. മകനും മുന്‍ എം പിയുമായ സഞ്ജീവ് നയിക്കിനെ കൂടാതെ അമ്പത് കോര്‍പ്പറേറ്റര്‍മാരുമൊത്താണ് ഗണേഷ് നായിക് എന്‍ സി പി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. അക്കാലത്ത് എന്‍ സി പിക്ക് കിട്ടിയ വലിയ പ്രഹരമായിരുന്നു ഈ നീക്കം.

ഗണേഷ് നായിക്കിന്റെ നേതൃത്വത്തില്‍ ബിജെപിയില്‍ ചേര്‍ന്ന ശിവസേന നേതാക്കള്‍ അടുത്തിടെയാണ് ഷിന്‍ഡെയെ നേരില്‍ കണ്ട് പിന്തുണ അറിയിച്ചതെന്നാണ് പലരെയും അമ്പരിപ്പിക്കുന്നത്.

ഐരോളിയില്‍ നിന്നുള്ള ദമ്പതികളെ ഗണേഷ് നായിക്കിന്റെ ഓഫീസില്‍ നിരവധി മുന്‍ ബിജെപി കോര്‍പ്പറേറ്റര്‍മാരുടെയും പ്രാദേശിക നേതാക്കളുടെയും സാന്നിധ്യത്തിലാണ് ബിജെപിയിലേക്ക് സ്വാഗതം ചെയ്തത് .

പോയ വാരം ഏകനാഥ് ഷിന്‍ഡെയ്ക്ക് പിന്തുണ നല്‍കുന്നതിനായി അദ്ദേഹത്തെ കണ്ട 28 മുന്‍ ശിവസേന കോര്‍പ്പറേറ്റര്‍മാരില്‍ ഗാവ്ട്ടെ ദമ്പതികളുമുണ്ടായിരുന്നുവെന്നത് ഷിന്‍ഡെ ക്യാമ്പില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News