Kodakara: കൊടകര കള്ളപ്പണ കേസ് അന്വേഷണം വൈകിപ്പിക്കുന്ന യൂണിയന്‍ സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹം -ഡോ. വി ശിവദാസന്‍ എംപി

കൊടകര കള്ളപ്പണ ഇടപാട് സംബന്ധിച്ച് രാജ്യസഭയില്‍ ഡോ. വി ശിവദാസന്‍ എം പി ഉന്നയിച്ച ചോദ്യത്തിന് യൂണിയന്‍ ധനവകുപ്പ് സഹമന്ത്രി പങ്കജ് ചൗധരി നല്‍കിയ മറുപടിയിലാണ് പ്രസ്തുത കേസില്‍ പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിങ് ആക്ട് പ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രാഥമികമ അന്വേഷണം തുടങ്ങി വെച്ചിരിക്കുകയാണെന്നും അതുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങള്‍ ഇപ്പോള്‍ വെളിവാക്കാന്‍ കഴിയില്ല എന്നും ഉള്ള നിലപാട് സ്വീകരിച്ചിരിക്കുന്നത്.

2021ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ് സമയത്താണ് കൊടകരയില്‍ കള്ളപ്പണ കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. എന്നാല്‍ വിഷയം ഉണ്ടായിക്കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞിട്ടും കേസിലെ യാതൊരു തുമ്പും കണ്ടുപിടിക്കാന്‍ ഈഡിക്ക് ആയിട്ടില്ല. തെരഞ്ഞെടുപ്പിനു ശേഷം പലകോണുകളില്‍ നിന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഒഴുക്കിയിട്ടുള്ള കള്ളപ്പണത്തെ സംബന്ധിക്കുന്ന വിവരങ്ങള്‍ വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. ബിജെപി സംസ്ഥാന നേതൃത്വത്തിലേക്കു ഉള്‍പ്പെടെ സംശയമുന നീളുന്ന വന്‍ കള്ളപ്പണ ഇടപാട് സംബന്ധിച്ച കേസില്‍ യാതൊരു വിധ താല്‍പര്യവും കാണിക്കാത്ത ഈഡിയുടെ നടപടി വളരെ വിചിത്രമാണ്.

പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിങ് ആക്ട് പ്രകാരമുള്ള കേസുകള്‍ കാര്യക്ഷമമായി അന്വേഷിക്കാന്‍ ബാധ്യസ്ഥരായ ഏജന്‍സിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. എന്നാല്‍ അതേ ഈഡിയാണ് ബിജെപി പ്രതിസ്ഥാനത്തുള്ള അത്തരം കേസുകളില്‍ നിന്ന് ഒഴിഞ്ഞുമാറുകയും കേരള നിയമസഭ പാസാക്കിയ ഒരു നിയമത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന കിഫ്ബി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതിനും കഴിഞ്ഞ സര്‍ക്കാരിലെ മന്ത്രിമാരെ ചോദ്യം ചെയ്യുന്നതിനും തയ്യാറാവുന്നത്. ഇതില്‍ നിന്നെല്ലാം തന്നെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പൂര്‍ണമായും യൂണിയന്‍ സര്‍ക്കാരിന്റെ സ്ഥാപിത താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത് എന്നാണ് വ്യക്തമാവുന്നത്. രാഷ്ട്രീയ പ്രതിയോഗികളെ വേട്ടയാടുന്നതിനുള്ള ഉപകരണമായി ഈഡി മാറരുത്. കൊടകര കള്ളപ്പണ കേസ് ഉള്‍പ്പെടയുള്ളവായില്‍ സത്യസന്ധമായ അന്വേഷണം നടത്തി പ്രതികളെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരാനുള്ള ശ്രമമാണ് ഇ ഡി നടത്തേണ്ടതെന്ന് എന്ന് ഡോ. വി ശിവദാസന്‍ എംപി അഭിപ്രായപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here