Kairali News Exclusive: മുഖ്യമന്ത്രിക്കെതിരായ വധഗൂഢാലോചന;ചാറ്റ് വിവരങ്ങള്‍ ചോര്‍ത്തിയത് സംസ്ഥാന നേതാവെന്ന് ശബരിനാഥന്‍;വിവരങ്ങള്‍ ചോര്‍ന്നതിലുള്ള വാട്ട്‌സ്ആപ്പ്ഗ്രൂപ്പിലെ തര്‍ക്കത്തിന്റെ രേഖകള്‍ കൈരളി ന്യൂസിന്

കൈരളി ന്യൂസ് എക്സ്‌ക്യൂസീവ്:-

മുഖ്യമന്ത്രിക്കെതിരെ വധഗൂഢാലോചനയില്‍ കൂടുതല്‍ തെളിവുകള്‍ കൈരളി ന്യൂസിന്.വിവരങ്ങള്‍ ചോര്‍ന്നതിലുള്ള വാട്സാപ്പ് ഗ്രൂപ്പിലെ തര്‍ക്കത്തിന്റെ രേഖകള്‍ കൈരളി ന്യൂസിന് ലഭിച്ചു. വിവരങ്ങള്‍ ചോര്‍ത്തിയത് സംസ്ഥാന നേതാവെന്ന് വാട്സാപ്പ് സംഭാഷണത്തില്‍ ശബരിനാഥന്‍ പറയുന്നുണ്ട്. വിവരങ്ങള്‍ ചോരുന്നുണ്ടെന്നും ഗ്രൂപ്പില്‍ ചര്‍ച്ച വേണ്ടെന്ന എന്‍എസ്.നുസൂറിന്റെ സംഭാഷണവും കൈരളി ന്യൂസിന് ലഭിച്ചു.

മുഖ്യമന്ത്രിയെ വിമാനത്തിനുള്ളില്‍ കരിങ്കൊടിക്കാട്ടാനും അതിക്രമത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കാനും യൂത്ത് കോണ്‍ഗ്രസ് ഔദ്യോഗിക ഗ്രൂപ്പിലെ ചര്‍ച്ചകളാണ് ചോര്‍ന്നത്. ഡിജിറ്റല്‍ തെളിവുകള്‍ പുറത്തുവന്നതോടെ സംസ്ഥാന നേതൃത്വം അറിഞ്ഞു നടത്തിയ പരിപാടിയെന്നാണ് നേതാക്കള്‍ വിശദീകരിക്കുന്നത്. എന്നാല്‍ അങ്ങനെ അല്ല കാര്യങ്ങള്‍. നേതാക്കള്‍ മറച്ചുവച്ച വിവരങ്ങള്‍ തന്നെയാണ് ചോര്‍ന്നുകിട്ടിയത്.ശബരിനാഥന്റെയും നേതാക്കളുടെയും സന്ദേശങ്ങള്‍ പുറത്തുപോയതോടെ ഗ്രൂപ്പില്‍ തര്‍ക്കം നടന്നു. ഇതിന്റെ നിര്‍ണായക വിവരങ്ങളും കൈരളി ന്യൂസിന് ലഭിച്ചു. തന്റെ സന്ദേശം പുറത്തുപേയത് സംസ്ഥാന നേതാക്കള്‍ ചോര്‍ത്തിയതെന്ന വാദം ശബരിനാഥന്‍ ഉന്നയിക്കുന്നുമുണ്ട്.

വിഷയത്തില്‍ നേതാക്കള്‍ തമ്മില്‍ വലിയ തര്‍ക്കം നടക്കുകയാണ്. വിവരങ്ങള്‍ ചോര്‍ത്തിയതത് ആരെന്ന സൂചനകളും ചിലര്‍ നല്‍കുന്നുണ്ട്. ഇതിനിടിയില്‍ ഗ്രൂപ്പിനകത്തുനിന്ന് വിവരങ്ങള്‍ ചോരുന്നതിനാല്‍ ചര്‍ച്ച അവസാനിപ്പിക്കാന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.എസ്.നുസൂര്‍ പറയുന്ന മുന്നറിയിപ്പുമുണ്ട്.അതായത് നേതാക്കള്‍ ഒഫീഷ്യല്‍ ഗ്രൂപ്പില്‍ മറച്ചുവച്ച ഗൂഡാലോചന വിവരങ്ങള്‍ തന്നെയാണ് പുറത്തുവന്നതെന്നതാണ് വാസ്തവം.

വാട്ട്‌സ്ആപ്പ് ചാറ്റ് പുറത്തുവന്നതില്‍ യൂത്ത് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി;ഷാഫി പറമ്പിലിനെതിരെ ദേശീയ നേതൃത്വത്തിന് കത്ത്|Shafi Parambil

വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിയെ ആക്രമിക്കുന്നതിനായി ഗൂഢാലോചന നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ വാട്ടസ്ആപ്പ് ചാറ്റ് പുറത്തുവന്നതില്‍ യൂത്ത് കോണ്‍ഗ്രസിനുള്ളില്‍ കലഹം. യൂത്ത് കോണ്‍ഗ്രസിനുള്ളിലെ ഭിന്നതയെ തുടര്‍ന്ന് ഒരു വിഭാഗം നേതാക്കള്‍(Shafi Parambil) ഷാഫി പറമ്പിലിനെതിരെ ദേശീയ നേതൃത്വത്തിന് കത്തയച്ചു.

ഔദ്യോഗിക ഗ്രൂപ്പില്‍ നിന്ന് നിരന്തരമായി ചാറ്റുകള്‍ ചോരുന്നത് നേരത്തെയും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇക്കാര്യം പലവട്ടം ബോധ്യപ്പെട്ടിട്ടും സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ നടപടിയെടുക്കുന്നില്ലെന്നാണ് ഒരു വിഭാഗം യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ പരാതി. ഇക്കാര്യം വ്യക്തമാക്കി യൂത്ത് കോണ്‍ഗ്രസിന്റെ 12 സംസ്ഥാന നേതാക്കള്‍ ദേശീയ പ്രസിഡന്റിന് കത്തയച്ചു. 4 വൈസ് പ്രസിഡന്റ്മാരും 4 ജനറല്‍ സെക്രട്ടറിമാരും 4 സെക്രെട്ടറിമാരും കത്തില്‍ ഒപ്പിട്ടു. ചാറ്റ് ചോര്‍ച്ച നേരത്തെ ഉണ്ടായിട്ടും നടപടി എടുത്തില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട് .

യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമാരായ എന്‍ എസ് നുസൂര്‍,എസ് എം ബാലു,റിയാസ് മുക്കോളി,എസ് ജെ പ്രേംരാജ് , ജനറല്‍ സെക്രട്ടറിമാരായ എം പി പ്രവീണ്‍,കെ എ ആബിദ് അലി,കെ എസ് അരുണ്‍,വി പി ദുല്‍ഖിഫില്‍, സെക്രട്ടറിമാരായ മഞ്ജുക്കുട്ടന്‍,അനീഷ് കാട്ടാക്കട,പാളയം ശരത്,മഹേഷ് ചന്ദ്രന്‍ എന്നിവരാണ് ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസന് കത്തയച്ചത്. ദേശീയ നേതൃത്വം നിയോഗിച്ച പ്രത്യേക സമിതിക്കുപോസും അച്ചടക്കം ലംഘനം നടത്തിയ ആളെ കണ്ടെത്താനായില്ലെന്നും കത്തില്‍ പറയുന്നുണ്ട് . ദേശീയ നേതൃത്വത്തിന്റെ നിലപാട് അറിഞ്ഞശേഷം ഓദ്യോഗിക വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ചോര്‍ന്നതിനെക്കുറിച്ച് പൊലീസ് കേസടക്കം നല്‍കുന്നതും ആലോചനയിലുണ്ട്.

ശബരിനാഥനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ട സംഭവത്തില്‍ സര്‍ക്കാരിനെതിരായ പ്രതിഷേധം ശക്തമാക്കാന്‍ യൂത്ത് കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. കരിങ്കൊടി പ്രതിഷേധം തുടരും.ഇന്നലത്തെ നാടകീയ അറസ്റ്റിനൊടുവില്‍ പോലീസിന്റെ കസ്റ്റഡി അപേക്ഷ തള്ളി ശബരിക്ക് ജാമ്യം കിട്ടിയത് സര്‍ക്കാരിന് തിരിച്ചടിയായിരുന്നു.

അതേസമയം കേസില്‍ ജാമ്യം ലഭിച്ച കെ എസ് ശബരിനാഥന്‍ ഇന്ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകും. ഇന്നു മുതല്‍ മൂന്ന് ദിവസം ഹാജരാകണം എന്ന വ്യവസ്ഥയില്‍ ആണ് ജാമ്യം കിട്ടിയത്. ജാമ്യ വ്യവസ്ഥ പ്രകാരം ഫോണ്‍ ഇന്നലെ കോടതിയില്‍ ഹാജരാക്കിയിരുന്നു.അതേസമയം വിമാനത്തിലെ പ്രതിഷേധത്തിനുള്ള ‘ആശയം തന്റേത്’ എന്നായിരുന്നു ഇന്ന് കെ എസ് ശബരിനാഥന്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ നമസ്‌തേ കേരളം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോള്‍ പറഞ്ഞത്. വാട്ട്‌സ്ആപ് ഗ്രൂപ്പില്‍ താന്‍ തന്നെയാണ് വിമാനത്തില്‍ പ്രതിഷേധിക്കാനുള്ള ആശയം പങ്കുവെച്ചത് എന്നും കെ എസ് ശബരിനാഥന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here