ADVERTISEMENT
മോഷ്ടാവിനെ പിടികൂടാനായി ചൈനീസ് പൊലീസ്(police) നടത്തിയ വ്യത്യസ്‍തമായൊരു മാർഗമാണ് ഇപ്പോൾ എങ്ങും ചർച്ചയാകുന്നത്. ചത്ത കൊതുകിന്റെ രക്തത്തില്‍ നിന്നുള്ള ഡി.എന്‍.എ(DNA) ഉപയോഗിച്ചാണ് പൊലീസ് മോഷ്ടാവിനെ പിടികൂടിയത്. സിനിമാ കഥകളെ വെല്ലുന്ന രീതിയില്‍ മോഷ്ടാവിനെ പിടികൂടിയിരിക്കുകയാണിവര്‍.
മോഷണം നടന്ന വീട്ടില്‍ നിന്നും ചത്ത കൊതുകുകളെ പൊലീസ് കണ്ടെത്തിയിരുന്നു. ഇവയെ മോഷ്ടാവ് കൊന്നതായിരുന്നു. ലിവിങ് റൂമിന്റെ ചുമരിലാണ് രണ്ട് ചത്ത കൊതുകുകളെയും അതിന് സമീപത്തായി രക്തക്കറയും കണ്ടെത്തിയത്. കൊതുകിനെ അടിച്ചുകൊന്നപ്പോള്‍ തെറിച്ച ഈ രക്തത്തുള്ളികള്‍ പൊലീസ് ടെസ്റ്റ് ചെയ്തതോടെയാണ് മോഷ്ടാവ് പിടിയിലായത് എന്ന് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
രക്തസാമ്പിളുകള്‍ പൊലീസ് ശ്രദ്ധാപൂര്‍വ്വം ചുമരില്‍ നിന്ന് വേര്‍തിരിച്ചെടുക്കുകയും ഡി.എന്‍.എ പരിശോധനക്ക് അയക്കുകയുമായിരുന്നു. ഇതേത്തുടര്‍ന്നാണ് ചായ് എന്ന കുടുംബപ്പേരുള്ള, ക്രിമിനല്‍ റെക്കോഡുള്ള പ്രതിയുടേതാണ് ആ ഡി.എന്‍.എ സാമ്പിളുകള്‍ എന്ന് പൊലീസ് സ്ഥിരീകരിച്ചത്. മോഷ്ടാവ് കൊതുകുതിരികള്‍ ഉപയോഗിച്ചിരുന്നതായും രാത്രി മുഴുവന്‍ ആ വീട്ടില്‍ ചെലവഴിച്ചതായും പൊലീസിനെ ഉദ്ധരിച്ച് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
വാര്‍ത്ത പുറത്തുവന്നതോടെ രസകരങ്ങളായ നിരവധി പ്രതികരണങ്ങളാണ് ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ ഉയര്‍ന്നുവരുന്നത്. ”ഇത് കൊതുകുകളുടെ പ്രതികാരമാണ്. കൊതുകുകള്‍ യാതൊരു ഉപയോഗവുമില്ലാത്തവരാണെന്ന എന്റെ ധാരണ തെറ്റായിരുന്നു,” എന്നായിരുന്നു ഒരു കമന്റ്.
ജൂണ്‍ 11ന് ഫുജിയാന്‍ പ്രവിശ്യയിലെ ഫുഷൂവിലായിരുന്നു മോഷണം നടന്നത്. സംഭവം നടന്ന് 19 ദിവസങ്ങൾക്ക് ശേഷമാണ് മോഷ്ടാവ് പൊലീസിന്റെ പിടിയിലായത്. ഇയാള്‍ക്ക് നേരത്തെ നടന്ന മറ്റ് മൂന്ന് മോഷണക്കേസുകളുമായും ബന്ധമുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.