അപൂര്‍വവും മാരകവുമായ ബാക്ടീരിയ അണുബാധ വിജയകരമായി ചികിത്സിച്ച മലയാളി ഡോക്ടര്‍ക്ക് അന്താരാഷ്ട്ര അംഗീകാരം

അപൂര്‍വവും മാരകവുമായ ബാക്ടീരിയ അണുബാധ വിജയകരമായി ചികിത്സിച്ച മലയാളി ഡോക്ടര്‍ക്ക് അന്താരാഷ്ട്ര അംഗീകാരം.
ആഗോളതലത്തില്‍ സമാനമായ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള റഫറന്‍സായി ചികിത്സാ രീതി പ്രസിദ്ധീകരിച്ച് പ്രശസ്തമായ ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ് ഇന്‍ഫെക്ഷ്യസ് ഡിസീസസ്. അവയവങ്ങളുടെ പ്രവര്‍ത്തനം ഇല്ലാതാക്കി ശ്വസന വ്യവസ്ഥയെ തകര്‍ക്കുന്ന മാരക ബാക്ടീരിയ ബാധയെ മറികടക്കാന്‍ മലയാളി ഡോക്ടറും സംഘവും സ്വീകരിച്ച ചികിത്സാരീതി രേഖപ്പെടുത്തി പ്രശസ്ത അന്താരാഷ്ട്ര മെഡിക്കല്‍ ജേര്‍ണല്‍.

സെപാസിയ സിന്‍ഡ്രോം എന്ന ഗുരുതര രോഗബാധയില്‍ നിന്ന് ഗോവ സ്വദേശിയായ നിതേഷ് സദാനന്ദ് മഡ്ഗോക്കറെ കരകയറ്റാന്‍ ഡോ. നിയാസ് ഖാലിദിന്റെ നേതൃത്വത്തിലുള്ള സംഘം പിന്തുടര്‍ന്ന ക്ലിനിക്കല്‍ നടപടി ക്രമങ്ങളാണ് ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് പ്രസിദ്ധീകരിച്ചത്. 75 % മരണനിരക്കുള്ള ബാക്ടീരിയ ബാധയ്ക്ക് ഡോ. നിയാസ് പിന്തുടര്‍ന്ന ചികിത്സാരീതി ഇതിനകം തന്നെ മെഡിക്കല്‍ രംഗത്ത് ശ്രദ്ധേയമായിരുന്നു.

കഴിഞ്ഞ വര്‍ഷം അവസാനമാണ് അണുബാധയുടെ ലക്ഷണങ്ങളോടെ നിതേഷിനെ അബുദാബി ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ബുര്‍ഖോള്‍ഡേറിയ സെപാസിയ കോംപ്ലക്‌സ് (ബിസിസി) എന്ന ബാക്ടീരിയ കാരണമുള്ള അണുബാധ നിതീഷിന്റെ നില ഗുരുതരമാക്കി. സിസ്റ്റിക് ഫൈബ്രോസിസ് രോഗബാധയുള്ളവരിലാണ് സാധാരണ ഈ അണുബാധയുണ്ടാകാറ്. എന്നാല്‍ സിസ്റ്റിക് ഫൈബ്രോസിസ് ബാധിതനല്ലാത്ത നിതേഷിന് ബാക്ടീരിയ ബാധയുണ്ടായത് ചികിത്സാ നടപടികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കി. എന്നാല്‍ ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയില്‍ ഇന്റെര്‍ണല്‍ മെഡിസിന്‍ സ്‌പെഷ്യലിസ്റ്റായ മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ഡോ. നിയാസ് ഖാലിദിന്റെ ചികിത്സയെ തുടര്‍ന്ന് 54 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം നിതേഷ് ജീവിതത്തിലേക്ക് തിരിച്ചുവന്നു.

സെപാസിയ സിന്‍ഡ്രോം സ്ഥിരീകരിച്ചാല്‍ പിന്തുടരേണ്ട ക്ലിനിക്കല്‍ മാനേജ്മെന്റ് രീതിയെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെന്നതായിരുന്നു ഡോ. നിയാസിനും മെഡിക്കല്‍ സംഘത്തിനും മുന്നിലുള്ള വെല്ലുവിളി. ഇതേതുടര്‍ന്ന് രക്തത്തിലേക് നേരിട്ടും മൂക്കിലൂടെയും നല്‍കുന്ന ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചുള്ള ചികിത്സാരീതി ഡോക്ടര്‍ പിന്തുടരുകയായിരുന്നു.

”ചികിത്സാ രീതികളും രോഗിയെ പരിചരിക്കേണ്ടതിനുള്ള നടപടിക്രമങ്ങളും ബിസിസി അണുബാധയ്ക് പൊതുവായും നോണ്‍-സിസ്റ്റിക് ഫൈബ്രോസിസ് കേസുകള്‍ക്ക് പ്രത്യേകമായും ലഭ്യമല്ല. ഞങ്ങള്‍ പിന്തുടര്‍ന്ന രീതിയിലൂടെ എട്ടാഴ്ച്ചയ്ക്കകം രോഗിക്ക് അപകടനില തരണം ചെയ്യാനായി. ഇത്തരം കേസുകള്‍ ലോകത്തെവിടെയുണ്ടായാലും റഫററന്‍സ് എന്നനിലയിലാണ് ഈ കേസ് കൈകാര്യം ചെയ്ത രീതി ഇന്റര്‍നാഷന്‍ ജേര്‍ണല്‍ ഓഫ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് പ്രസിദ്ധീകരിച്ചത്,’ ഡോ. നിയാസ് പറഞ്ഞു.

ഗവേഷകര്‍ക്കും പകര്‍ച്ചവ്യാധി വിദഗ്ദര്‍ക്കും ഇടയില്‍ ശ്രദ്ധേയമായ ജേര്‍ണലിന്റെ ഈ മാസത്തെ എഡിഷനിലാണ് അബുദാബിയിലെ ഡോക്ടര്‍മാര്‍ പിന്തുടര്‍ന്ന ചിത്സാരീതി പ്രസിദ്ധീകരിച്ചത്.ഡോ. ജോര്‍ജി കോശി, ഡോ. സീമ ഉമ്മന്‍, ഡോ. ശ്രേയ വെമുറി, ഡോ. ദിമ ഇബ്രാഹിം, , ഡോ.സുധാകര്‍ വി.റെഡ്ഡപ്പ, ഡോ.മുഹമ്മദ് ഷോയിബ് നദാഫ്, ഡോ.രാജ മുഹമ്മദ് ഇര്‍ഫാന്‍, ഡോ.നിക്കോളാസ് വയോണ്‍, ഡോ.മുഹമ്മദ് സെക്കി അഹമ്മദ്, ഡോ.സുപ്രിയ സുന്ദരം എന്നിവരാണ് മെഡിക്കല്‍ സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍.

തനിക്ക് യുഎഇയില്‍ ലഭിച്ച നിര്‍ണായക പരിചരണത്തിന്റെ തെളിവാണ് അന്താരാഷ്ട്ര ശ്രദ്ധനേടിയ റിപ്പോര്‍ട്ടെന്നും ഗുരുതര രോഗത്തില്‍ നിന്ന് മോചിതനാകാന്‍ സഹായിച്ച ഡോക്ടര്‍ നിയാസിനും സംഘത്തിനും നന്ദിയുണ്ടെന്നും ആരോഗ്യ നില മെച്ചപ്പെട്ട് അബുദാബിയില്‍ ജോലിയില്‍ പ്രവേശിച്ച നിതേഷ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News