Mahaveeryar; നിവിൻ പോളിയുടെ ‘മഹാവീര്യർ’ നാളെ മുതൽ തീയറ്ററിൽ

നിവിൻ പോളിയുടെ ‘മഹാവീര്യർ’ നാളെ മുതൽ തിയറ്ററുകളിൽ. മലയാളത്തിലെ ആദ്യ ടൈം ട്രാവല്‍ ചിത്രമായ മഹാവീര്യറിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് നിവിന്‍ പോളിയും ആസിഫ് അലിയുമാണ്. കഴിഞ്ഞ ദിവസം ആരംഭിച്ച ചിത്രത്തിന്റെ ഓൺലൈൻ ബുക്കിങ്ങിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. രസകരമായ രീതിയിൽ അണിയിച്ചൊരുക്കിയിരിക്കുന്ന ചിത്രം പ്രേക്ഷകർ സ്വീകരിക്കുമെന്ന പ്രതീക്ഷയാണ് അണിയറപ്രവർത്തകർ.

കോടതിയിലെ നിയമ വ്യവഹാരങ്ങളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ടൈം ട്രാവലും ഫാന്‍റസിയുമൊക്കെ കടന്നുവരുന്നുണ്ട്. നര്‍മ്മ, വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന ചിത്രമാണിത്. പ്രശസ്ത എഴുത്തുകാരന്‍ എം മുകുന്ദന്‍റെ കഥയെ ആസ്പദമാക്കിയാണ് എബ്രിഡ് ഷൈന്‍ തിരക്കഥയൊരുക്കിയിരിക്കുന്നത്. അദ്ദേഹം തന്നെയാണ് സംവിധാനവും. മുൻപ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിനും ടീസറിനും മികച്ച പ്രതികരണം ലഭിച്ചിരുന്നു.

അതേസമയം, ഇന്ത്യൻ ചിത്രങ്ങളുടെ ഐഎംഡിബി (IMDB) ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് മഹാവീര്യർ. പ്രമുഖ ഓണ്‍ലൈന്‍ ഡേറ്റാബേസ് ആയ ഐഎംഡിബിയുടെ റിയല്‍ ടൈം പോപ്പുലാരിറ്റി അടിസ്ഥാനമാക്കിയുള്ള ലിസ്റ്റ് ആണിത്.

അമീർ ഖാൻ ചിത്രം ലാൽ സിംഗ് ഛദ്ദ, അക്ഷയ് കുമാർ ചിത്രം രക്ഷാ ബന്ധൻ, ബ്രഹ്മാണ്ഡ ബോളിവുഡ് ചിത്രം ബ്രഹ്മാസ്ത്ര, തമിഴ് ചിത്രം കോബ്ര എന്നിവയെ പിന്നിലാക്കിയാണ് മഹാവീര്യർ ഈ നേട്ടം സ്വന്തമാക്കിയത്.

പോളി ജൂനിയർ പിക്ചേഴ്സ്, ഇന്ത്യൻ മൂവി മേക്കർസ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി എസ് ഷംനാസ് എന്നിവർ ചേർന്നാണ് നിര്‍മ്മാണം. ലാൽ, ലാലു അലക്സ്, സിദ്ദിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജ് രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു തുടങ്ങിയവർ മുഖ്യ വേഷങ്ങളിലെത്തുന്നു. വലിയ ക്യാൻവാസിൽ ചിത്രീകരിച്ചിരിക്കുന്ന ഈ ചലച്ചിത്രം പുതിയ കാഴ്ചകൾ സമ്മാനിക്കുന്ന കാമ്പുള്ള ഒന്നായിരിക്കും എന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു.

വര്‍ഷങ്ങൾക്കു ശേഷമാണ് നിവിന്‍ പോളിയും ആസിഫ് അലിയും ഒരുമിച്ച് അഭിനയിക്കുന്നത്. 1983, ആക്ഷന്‍ ഹീറോ ബിജു എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം മൂന്നാം തവണ നിവിന്‍ പോളിയും എബ്രിഡ് ഷൈനും ഒന്നിക്കുന്ന ചിത്രവുമാണ് മഹാവീര്യര്‍. രാജസ്ഥാനിലും കേരളത്തിലുമായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here