സംസ്ഥാനത്ത് മങ്കിപോക്‌സ്(monkey pox) സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഏവരും ആശങ്കയിലാണ്. പലർക്കും ഈ രോഗത്തെപ്പറ്റി ധാരണക്കുറവുണ്ട്. മറ്റൊരു പ്രധാന ഘടകം ചിക്കൻ പോക്‌സ്(chickenpox), മങ്കി പോക്സ്, തക്കാളി പനി എന്നിവയ്ക്കുള്ള സാമ്യതകളാണ്. മങ്കി പോക്സ് ചിക്കൻപോക്സോ മീസൽസോ മറ്റോ ആയി തെറ്റിദ്ധരിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു.
അതിശക്മായ തലവേദന, പനി, ജോയിന്റ് പെയിൻ, ശരീര വേദന, ക്ഷീണം എന്നിവ മങ്കി പോക്സിന്റെ പ്രധാന ലക്ഷണങ്ങളാണ്. എന്നാൽ ഈ അഞ്ച് ലക്ഷണങ്ങളും മറ്റ് പനികളിലുമുണ്ടാകും. അതുകൊണ്ട് തന്നെ വിവിധയിനം പനികൾ തമ്മിൽ തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാകും. ചിക്കൻ പോക്‌സ്, കുരങ്ങ് പനി, തക്കാളി പനി എന്നിവ തമ്മിൽ എങ്ങനെ തിരിച്ചറിയാം?
പനി(fever) വന്ന് മൂന്നാം ദിവസത്തിന് മുൻപായി കൈകളിൽ , മുഖത്ത്, ജനനേന്ദ്രിയ ഭാഗത്ത് എന്നിവിടങ്ങളിൽ കുരുക്കൾ ഉണ്ടാകുക, അതിൽ വെള്ളം നിറഞ്ഞ അവസ്ഥ. ഇതാണ് മങ്കി പോക്സിന്റെ പ്രധാന ലക്ഷണങ്ങൾ.
ചിക്കൻ പോക്‌സിന്റെ കുരുക്കൾ ആദ്യം നെഞ്ചിലാണ് വരിക. പതിയെയാണ് ചിക്കൻ പോക്‌സിന്റെ കുരുക്കൾ ഉണ്ടാവുന്നതെങ്കിൽ മൂന്നാം ദിവസം ദിവസം മുതൽ തന്നെ മങ്കി പോക്സ് ബാധിച്ച വ്യക്തിക്ക് അൻപതോളം കുരുക്കൾ ഉണ്ടാകും. കഴുത്തിലോ, കക്ഷത്തിലോ മറ്റോ കഴല പോലെ കണ്ടെത്തുന്നതും മങ്കി പോക്സിന്റെ ലക്ഷണമാണ്. തക്കാളി പനിയിൽ കൈകളിലും, കാലിനടിയിലും, വായുടെ അകത്തും കുരുക്കൾ ഉണ്ടാകും.
ഇനി നമുക്ക് മങ്കി പോക്സിന്റെ രോഗതീവ്രത എങ്ങനെഎന്ന കുറച്ചുകൂടി ആഴത്തിൽ പരിശോധിക്കാം..
രോഗത്തിന് നാല്ഘട്ടമാണുള്ളത്. 0-5 ദിവസം വരെയുള്ള ആദ്യഘട്ടം ഇൻവാഷൻ പിരീഡ് ആണ്. ചെറിയ പനി, തലവേദന, ലിംഫ്നോഡുകളിലെ വീക്കം എന്നിവ ഈഘട്ടത്തിൽ അനുഭവപ്പെടും.
ലിംഫ് നോഡുകളുടെ വീക്കമാണ് മങ്കിപോക്സിന്റെ പ്രധാന ലക്ഷണം. ഇതേപോലുള്ള മറ്റ് രോഗങ്ങളിൽ ലിംഫ്നോഡ് വീങ്ങാറില്ല. രണ്ടു ദിവസത്തെ പനിക്ക് ശേഷം തൊലിയിൽ കുമിളകളും വ്രണവും കാണാം. 95 ശതമാനം കേസിലും വ്രണങ്ങൾ മുഖത്താണ് കൂടുതലായി ഉണ്ടാകുക. 75 ശതമാനം കേസുകളിൽ കൈവെള്ളയിലും കാൽപാദത്തിലും കാണാം. 70 ശതമാനം കേസുകളിൽ വായിലെ മസ്കസ് പാളിയെ ബാധിക്കും. കണ്ണിന്റെ കോർണിയ, ജനനേന്ദ്രിയങ്ങൾ എന്നിവടെയും ബാധിക്കാം.
ത്വക്കിലുണ്ടാകുന്ന വ്രണങ്ങൾ രണ്ടു മുതൽ നാല് ആഴ്ചവരെ നീണ്ടു നിൽക്കും. മുറിവുകൾ വേദനാജനകമായിരിക്കും. കുമിളകളിൽ ആദ്യം തെളിഞ്ഞ നീരും പിന്നീട് പഴുപ്പും നിറയും. ഒടുവിൽ പൊറ്റകെട്ടുകയോ തൊലിവന്ന് മൂടുകയോ ചെയ്യും.
മങ്കി പോക്‌സിനെ എങ്ങനെ തടയാം ?
പോസിറ്റീവായ വ്യക്തിയുമായുള്ള അടുത്ത സമ്പർക്കം ഒഴിവാക്കണം. ഉമിനീർ, മൂത്രം, ചലം പോലുള്ള ശ്രവങ്ങൾ തൊടാതെ ശ്രദ്ധിക്കണം. ചത്ത മൃഗങ്ങളിൽ നിന്ന് അകലം പാലിക്കുകയും, നോൺ വെജ് ആഹാരം നന്നായി പാകം ചെയ്ത് കഴിക്കുകയും ചെയ്യണം.
സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ചികിത്സയ്ക്കും നിരീഷണത്തിനുമുള്ള നടപടിക്രമങ്ങൾ ആരോഗ്യവകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഐസൊലേഷന്‍, ചികിത്സ, സാമ്പിള്‍ കലക്ഷന്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെടുത്തിയതാണ് സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍. എല്ലാ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളും എസ്ഒപി പിന്തുടരണമെന്ന് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഓർക്കുക, ഭയമല്ല.. ജാഗ്രതയാണ് വേണ്ടത് ….
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.