RBI നിയന്ത്രണങ്ങളെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കാൻ ശ്രമിക്കുമെന്ന് കേന്ദ്രമന്ത്രി അമിത് ഷായുടെ മറുപടി ജോൺ ബ്രിട്ടാസ് എം പിക്ക് | Dr.John Brittas MP

സഹകരണ സ്ഥാപനങ്ങളിലെ ആർബിഐ നിയന്ത്രണങ്ങളെ പറ്റിയുള്ള പരാതികളിൻ മേലെടുത്ത നടപടികളുടെ വിശദാംശങ്ങൾ വ്യക്തമാക്കണമെന്ന ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് കേന്ദ്ര സഹകരണ മന്ത്രി അമിത് ഷാ രേഖാമൂലം മറുപടി നൽകി.വിവിധ കോണുകളിൽ നിന്ന് ആർബിഐയുടെ പുതിയ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി അമിത്ഷാ തുറന്നു സമ്മതിച്ചു.

സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽ നിക്ഷേപം സ്വീകരിക്കുന്നതിന് കർശനമായ നിയന്ത്രണമാണ് റിസർവ് ബാങ്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ബാങ്ക് എന്ന പേര് പ്രാഥമിക സഹകരണ സംഘങ്ങൾ ഉപയോഗിക്കരുത്, വോട്ടവകാശമില്ലാത്ത അംഗങ്ങളിൽനിന്നുo നിക്ഷേപം സ്വീകരിക്കരുത് എന്നതടക്കമുള്ള നിർദേശങ്ങൾ തുടക്കം മുതൽ തന്നെ കേരളം എതിർത്തിരുന്നു.

ആർബിഐയുടെ നിലവിലുള്ള നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് സഹകരണ സ്ഥാപനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ, പ്രശ്‌നങ്ങൾ എന്നിവ പരിഹരിക്കുന്നതിനായി സർക്കാർ ബന്ധപ്പെട്ട അധികാരികളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്,നിയമനിർമ്മാണ ചട്ടക്കൂടിന്റെ പരിധിക്കുള്ളിൽ നിന്നുകൊണ്ട് അതിന് ശ്രമിക്കാം എന്നാണ് മന്ത്രി അമിത്ഷാ രേഖാമൂലം നൽകിയ മറുപടി .

ബാങ്കിങ് നിയന്ത്രണ ഭേദഗതി നിയമം 2020 സെപ്റ്റംബർ 29 മുതൽ പ്രാബല്യത്തിൽ വന്നിട്ടും ചില സൊസൈറ്റികൾ ബാങ്ക് എന്ന പേരിൽ പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽപെട്ടെന്നും ആർബിഐയുടെ അംഗീകാരമുള്ളവയ്ക്ക് ഒഴികെ മറ്റുള്ളവയ്ക്കു ബാങ്ക് എന്ന പേരിൽ പ്രവർത്തിക്കാനോ പൊതുജനങ്ങൾക്കായി ബാങ്കിങ് ഇടപാടുകൾ നടത്താനോ കഴിയില്ലെന്നും ആർബിഐ വ്യക്തമാക്കുന്നുണ്ട്.

ഡിപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗാരന്റി കോർപറേഷൻ (ഡിഐസിജിസി) വഴിയുള്ള ബാങ്ക് നിക്ഷേപസുരക്ഷ ഇത്തരം സൊസൈറ്റികളിലെ ഇടപാടുകൾക്കു ലഭിക്കില്ലെന്നും ആർബിഐ പറയുന്നു. നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ ഏറ്റവും പ്രധാനമായ സഹകരണമേഖലയിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) കെ‍ാണ്ടുവന്ന കടുത്ത നിയന്ത്രണങ്ങളുടെ പേരിൽ ഉണ്ടാവുന്ന ആശങ്കയുടെ വ്യാപ്തി വലുതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here